കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.
നയരൂപീകരണ സമിതിയില്‍ മുകേഷ് ഉള്‍പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. എഎംഎംഎയ്ക്ക് നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്‍ നിലവില്‍ വന്ന ശേഷമായിരിക്കും ചര്‍ച്ച നടത്തുക.