X

പദ്മാവതിക്ക് പ്രദര്‍ശനാനുമതി; പദ്മാവത്

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ഉപാധികളോടെ പ്രദര്‍ശനാനുമതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം നിയോഗിച്ച ആറംഗ വിദഗ്ദ്ധ സമിതിയാണ് അംഗീകാരം നല്‍കിയത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ധാരണയായി.
ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച അപേക്ഷ പുനപരിശോധിക്കാന്‍ 28ന് നടന്ന യോഗത്തിലാണ് ഉപാധികളുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനാനുമതിയ്ക്ക് സെന്‍സര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
മൂന്ന് നിര്‍ദേശങ്ങളാണ് ബോര്‍ഡ് പ്രധാനമായും മുന്നോട്ട് വെച്ചിരിക്കുന്നത്. സിനിമയുടെ പേര് പത്മാവതിഎന്നു മാറ്റി ‘പത്മാവത്’ എന്നാക്കണമെന്നാണ് സുപ്രധാന നിര്‍ദേശം. കൂടാതെ ചിത്രത്തിലെ 26 ഭാഗങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തണമെന്നും പ്രസൂണ്‍ ജോഷി ചെയര്‍മാനായ ബോര്‍ഡ് നിര്‍ദേശിച്ചു. ഈ ഭാഗങ്ങള്‍ നീക്കം ചെയ്യുകയോ മാറ്റം വരുത്തുകയോ ചെയ്യാം. മാത്രമല്ല, ചിത്രം തുടങ്ങുന്നതിനു മുന്‍പും ഇടവേളകളിലും യഥാര്‍ത്ഥ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നു പ്രേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു. ചിത്രത്തില്‍ സതി എന്ന ആചാരത്തെ മഹത്വവത്കരിക്കുന്ന ദൃശ്യത്തില്‍ മാറ്റം വരുത്തണം. ഗൂമര്‍ എന്ന ഗാനത്തിലും മാറ്റങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
സമൂഹത്തിന്റെയും സിനിമാ പ്രവര്‍ത്തകരുടെയും കാഴ്ചപ്പാടുകളെ ഒത്തൊരുമയോടെയാണ് സിനിമ സമീപിക്കേണ്ടതെന്ന് ബോര്‍ഡ് വക്താവ് വ്യക്തമാക്കി. ഇതിനായി ബോര്‍ഡ് ചുമതലപ്പെടുത്തിയ ചരിത്രകാരന്മാര്‍ അടങ്ങിയ പ്രത്യേക പാനല്‍ സിനിമ കണ്ടിരുന്നു. ചരിത്ര സംഭവങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി സിനിമാ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബോര്‍ഡ് പാനലിനെ നിയോഗിച്ചത്. ചരിത്രകാരന്മാരായ അരവിന്ദ് സിങ്, ഡോ. ചന്ദ്രാമണി സിങ്, ജയ്പൂര് യൂണിവേഴ്‌സിറ്റി പ്രഫ. കെ. കെ സിങ് എന്നിവരായിരുന്നു പാനല്‍ അംഗങ്ങള്‍. പതിമൂന്നാം നൂറ്റാണ്ടിലെ ചിറ്റോറിലെ റാണി പത്മിനിയുടെ കഥയാണ് പത്മാവതി എന്ന ചിത്രത്തിന്റെ പ്രമേയം. റാണി പത്മിനിയുടെ കഥയാണെന്നറിഞ്ഞതോടെ ചിത്രത്തിനെതിരെ രജപുത്രകര്‍ണി സേന രംഗത്തെത്തി. ചിത്രത്തില്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്നും ഇത് സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തുന്നു എന്നും ആരോപിച്ചാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ഒട്ടേറെ ഹിന്ദു സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തി. ചിത്രത്തിന്റെ റീലീസ് തടയുമെന്നും പ്രദര്‍ശന ശാലകള്‍ കത്തിയ്ക്കുമെന്നും അഭിനേതാക്കളെ അക്രമിക്കുമെന്നും ഭീഷണി ഉയര്‍ന്നു. ചില സംസ്ഥാനങ്ങള്‍ പോലും ചിത്രം നിരോധിക്കുന്ന സ്ഥിതിയിലേക്ക് എത്തി. ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും മുന്‍പു ചില ടിവി ചാനലുകള്‍ക്ക് ചിത്രം സ്‌ക്രിനിങിന് നല്‍കിയും വിവാദമായി.
പുതുവര്‍ഷത്തില്‍ സമിതി യോഗം ചേര്‍ന്ന് പ്രദര്‍ശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഇതിനു ശേഷമായിരിക്കും പ്രദര്‍ശനം അനുവദിക്കുക.

chandrika: