X

ഫിഫ അണ്ടര്‍-17 ലോകകപ്പ്; ഫിഗോ മുതല്‍ നെയ്മര്‍ വരെ

ലോക ഫുട്‌ബോളിലെ ഭാവി താരങ്ങളുടെ കളരിയാണ് ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ്. മുന്‍നിര ക്ലബ്ബുകളെല്ലാം ഭാവി താരങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സുവര്‍ണാവസരമായും കൗമാര ലോകകപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിഹാസ താരം ലൂയിസ് ഫിഗോ മുതല്‍ (1989 ലോകകപ്പ്) ബ്രസീല്‍ താരം നെയ്മര്‍ വരെയുള്ളവര്‍ (2009 ലോകകപ്പ്) അണ്ടര്‍-17 ലോകകപ്പില്‍ മികവ് തെളിയിച്ചവരാണ്.

അണ്ടര്‍-17 ലോകകപ്പ് കളിച്ച ശേഷം ഫിഫ ലോകകപ്പിലും പന്തു തട്ടിയ താരങ്ങളും ഏറെയുണ്ട്. കൗമാര ലോക കപ്പിന്റെ കഴിഞ്ഞ 16 ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ച 210 താരങ്ങള്‍ പിന്നീട് ലോകകപ്പിലും പന്തു തട്ടി.
ഇമ്മാനുവല്‍ പെറ്റിറ്റ്, റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ബഫണ്‍ തുടങ്ങി പ്രഗത്ഭ താരങ്ങളുമുണ്ട് ഈ പട്ടികയില്‍. 12 താരങ്ങള്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിലും പങ്കെടുത്തു.

ഫ്രഞ്ച് താരം ഇമ്മാനുവല്‍ പെറ്റിറ്റ് (1998), ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ (2002), ഇറ്റാലിയന്‍ താരങ്ങളായ ബഫണ്‍, ഡെല്‍പിയറോ, ടോട്ടി (2006), സ്‌പെയിനിന്റെ കാസിയ്യസ്, ഫാബ്രിഗസ്, ഇനിയെസ്റ്റ്, ടോറെസ്, സാവി (2010), ജര്‍മനിയുടെ മരിയ ഗോട്‌സെ, ടോണി ക്രൂസ് (2014) എന്നിവരാണ് അണ്ടര്‍-17 ലോകകപ്പില്‍ കളിച്ച ശേഷം സീനിയര്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിലും പന്തു തട്ടാന്‍ അവസരം ലഭിച്ചവര്‍.

ഇവരില്‍ ഇമ്മാനുവല്‍ പെറ്റിറ്റും ഇനിയെസ്റ്റയും ഗോട്‌സെയും കലാശ കളിയില്‍ ടീമിനായി ഗോളും നേടി. നായകനെന്ന നിലയില്‍ കിരീടം നേടിയ ഏക താരം സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ കസിയ്യാസാണെങ്കില്‍ അണ്ടര്‍-17 ലോകകപ്പും സീനിയര്‍ ലോകകപ്പും നേടിയ ഏക താരം ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോ മാത്രമാണ്.

1997ല്‍ അണ്ടര്‍-17 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായ റൊണാള്‍ഡീഞ്ഞോ 2002ല്‍ ജര്‍മിനിയെ തോല്‍പിച്ച് ലോകകപ്പ് കിരീടമയുര്‍ത്തിയ മഞ്ഞപ്പടയുടെയും ഭാഗമായി. കൗമാര ലോകകപ്പിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ നൈജീരിയയുടെ വിക്ടര്‍ ഓഷിമെന്‍ ആണ്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ നൈജീരിയക്ക് കിരീടം സമ്മാനിച്ച വിക്ടറിന്റെ കാലില്‍ നിന്ന് പിറന്നത് പത്തു ഗോളുകള്‍. ജര്‍മന്‍ ലീഗിലെ വോ ള്‍ഫ്‌സ്ബര്‍ഗ് ക്ലബ്ബിലാണ് താരമിപ്പോള്‍.

chandrika: