കല്‍പ്പറ്റ: മുസ്്‌ലിംകളെ വര്‍ഗീയമായി ഉന്മൂലനം ചെയ്യാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കിയ ഗുജറാത്തില്‍ ഇപ്പോഴും വംശീയ വേര്‍തിരിവുണ്ടെന്ന് ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിലെ ഇരയുമായ നൂര്‍ജഹാന്‍ ദിവാന്‍.
വിശ്വാസപ്രകാരം വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഗുജറാത്തിലെ മുസ്്‌ലിം ദലിത് ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും സ്വാതന്ത്രമില്ല. വര്‍ഗീയമായി മാനസാന്തരപ്പെടുത്തിയ ജനങ്ങളാണ് വീണ്ടും ബി.ജെ.പിയെ ഗുജറാത്തില്‍ അധികാരത്തിലെത്തിക്കുന്നതെന്നും അഹമ്മദാബാദ് സ്വദേശിനിയായ അവര്‍ പറയുന്നു. സമാധാനം, സ്‌നേഹം, ഭരണഘടനാമൂല്യങ്ങളുടെ പരിരക്ഷ എന്നീ സന്ദേശങ്ങളുയര്‍ത്തി ഷബ്‌നം ഹാഷ്മി നേതൃത്വം നല്‍കുന്ന ബാത്തേന്‍ അമന്‍കി എന്ന പേരിലുള്ള ദേശീയയാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ അവര്‍ കല്‍പ്പറ്റയില്‍ ചന്ദ്രികയോട് സംസാരിക്കുകയായിരുന്നു.
1996ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകൂടിയാണ് ഇവര്‍. അന്ന് കലാപക്കാലത്ത് മുസ്്‌ലിം എന്ന ഒറ്റക്കാരണത്താല്‍ അവരുടെ ഭര്‍ത്താവ് അബ്ദുല്‍ഹമീദിനെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിന് ജീവിതം തന്നെ വഴിമുട്ടിപ്പോയ സ്ഥിതിയായിരുന്നു അന്ന്. ജോലിപോയതിനെക്കുറിച്ച് പരാതി പറയാന്‍ പോയ തന്നെ അപമാനിക്കുകയാണ് പൊലീസ് ചെയ്തത്.
ബുര്‍ഖ ധരിച്ചെത്തിയ തന്നോട് അത് അഴിക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രത്തിനുള്ളില്‍ ബോംബുണ്ടോ എന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. അന്ന് വീട്ടമ്മയായ തനിക്കും ജോലിയില്ലാത്ത ഭര്‍ത്താവിനും മക്കളെ എങ്ങനെ പഠിപ്പിക്കുമെന്നോ നല്ല ഭക്ഷണം കൊടുക്കുമെന്നോ അറിയില്ലായിരുന്നു. കലാപാനന്തരം ഹിന്ദു സഹോദരങ്ങളുടെ കാരുണ്യത്തിലാണ് തങ്ങള്‍ക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും അവര്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം അമാന്‍ സമുദായ എന്ന എന്‍.ജി.എയില്‍ അംഗമായ അവര്‍ കഴി്ഞ്ഞ പത്ത് വര്‍ഷമായി ഷബ്‌നം ഹാഷ്മിക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടും ജനങ്ങളും കേരളത്തിലാണെന്ന് നൂര്‍ജഹാന്‍ ദിവാന്‍ പറയുന്നു.