പതിനായിരങ്ങളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ കണ്ണീര്‍വറ്റും മുന്‍പെ വടക്കന്‍ സിറിയയില്‍ സര്‍ക്കാര്‍, വിമത വിഭാഗങ്ങള്‍ തമ്മില്‍ സായുധസംഘര്‍ഷം. വ്യാഴാഴ്ച വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ വെടിവെപ്പുണ്ടായതായി സിറിയന്‍ മനുഷ്യാവകാശ നിരീക്ഷകര്‍ അറിയിച്ചു. ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിനു കീഴിലുള്ള സര്‍ക്കാര്‍ സേന അതാരിബ് നഗരത്തിലെ വിമതര്‍ക്കുനേരെ ഷെല്‍ വര്‍ഷിച്ചതായും വിമതര്‍ തിരിച്ചടിച്ചതായും യു.കെ ആസ്ഥാനമായുള്ള നിരീക്ഷകസംഘം റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സറാഖിബ് നഗരത്തിലും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. രണ്ട് രാഷ്ട്രങ്ങളിലും ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഈമാസം ആറിനാണ് വടക്കന്‍ സിറിയയെയും തെക്കന്‍ തുര്‍ക്കിയയെയും ഞെട്ടിച്ച ഭൂകമ്പമുണ്ടായത്. നൂറിലേറെ ട്രക്ക് സഹായവസ്തുക്കള്‍ വെള്ളിയാഴ്ച സിറിയയില്‍ എത്തിയതായി യു.എന്‍ എയ്ഡ് അറിയിച്ചു. വീട് നഷ്ടമായവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.