സി.പി.എമ്മില്‍ നേതാക്കള്‍ തമ്മില്‍ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളും പല നേതാക്കള്‍ക്കായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
”പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്, പൊന്‍കതിര്‍ വേറൊരാളുടേതാണ്. ഇവരൊക്ക തമ്മില്‍ ഇപ്പോള്‍ പോരടിക്കാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരാണ്. ഇപ്പോള്‍ അവരു തമ്മില്‍ പോരടിക്കുകയാണ്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. വലിയ പൊട്ടിത്തെറി തന്നെ സി.പി.എമ്മിലുണ്ടാകും. – അദ്ദേഹം പറഞ്ഞു.
”തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചതും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ടും രണ്ടാണ്. നിയമസഭയില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു തോല്‍വിയെ കുറിച്ച് കണക്കു വച്ച് വിശദീകരിച്ചിരുന്നു. എന്നാല്‍ ആ കണക്കല്ല എം.വി.ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്.
”എല്ലാ ജില്ലാ കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്നാണ്. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ടു ചോര്‍ന്നു. ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും ഉണ്ടായപ്പോള്‍ അനങ്ങാത്ത പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നു പോലും വോട്ട് ഒഴുകിപോകുന്നതാണ് കണ്ടത്. യുഡിഎഫിന് 26 വോട്ടുകള്‍ മാത്രമുള്ള പയ്യന്നൂരിലെ ഒരു ബൂത്തില്‍ ഞങ്ങള്‍ 140 വോട്ടില്‍ ലീഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി.”- വി.ഡി. സതീശന്‍ പറഞ്ഞു.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബംഗാളില്‍ അധികാരത്തിന്റെ അവസാനകാലത്ത് കാട്ടിയ അഹങ്കാരവും ധിക്കാരവുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരളത്തിലും നടക്കുന്നത്. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.