ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ ലഖ്‌നൗ – ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ ലാന്റ് ചെയ്തു. അടിയന്തര ഘട്ടങ്ങളില്‍ റോഡുകളെ ലാന്റിങ് പോയിന്റുകളായി ഉപയോഗിക്കുന്ന വ്യോമസേനയുടെ പദ്ധതിയുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് നിരവധി യുദ്ധ വിമാനങ്ങളും സൂപ്പര്‍ ഹെര്‍ക്കുലീസ് സി 130 ട്രാന്‍പോര്‍ട്ട് വിമാനങ്ങളും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നടുറോട്ടില്‍ ഇറക്കിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് സംഭവം.
ഗ്വാര്‍ഡ് കമാന്റോകളുമായി സി 130 വിമാനമാണ് ആദ്യം റോഡില്‍ ഇറക്കിയത്. പിന്നാലെ മിറാഷ്, സുഖോയ് വിഭാഗങ്ങളില്‍പെടുന്ന നിരവധി യുദ്ധ വിമാനങ്ങളും ഇറങ്ങി.
യുദ്ധം, ദുരിതാശ്വാസം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള വിമാനങ്ങള്‍ പൂര്‍ണ സജ്ജമായിരിക്കണമെന്ന വ്യോമസേനയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഉന്നാവോയിലെ ബംഗര്‍മൗ എക്‌സ്പ്രസ്‌ഹൈവേയിലെ പരീക്ഷണം. വ്യോസേനയും ഉത്തര്‍ പ്രദേശ് സര്‍ക്കാറും സംയുക്തമായാണ് ഇത് സംഘടിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ ഉദ്ഘാടനം ചെയ്ത എക്‌സ്പ്രസ് ഹൈവേ ഇതിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ചിരുന്നു.
്‌രാജ്യത്തെ 12 ഹൈവേകള്‍ ഇത്തരത്തില്‍ യുദ്ധവിമാനങ്ങളുടെ ലാന്റിങിന് ഉപയോഗിക്കാന്‍ കഴിയുന്നവയാണെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്. ഇതില്‍ മിക്കതും മാവോയിസ്റ്റ് ബാധിത മേഖലകളായ ഒഡിഷ, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലാണ്. 2016 മെയ് മാസത്തില്‍ മിറാഷ് 2000 യുദ്ധ വിനാനം യു.പിയിലെ യമുന എക്‌സ്പ്രസ് ഹൈവയില്‍ ലാന്റ് ചെയ്തിരുന്നു.