റസാഖ് ഒരുമനയൂര്‍
അബുദാബി: കാലഘട്ടത്തിന്റെ മിടിപ്പറിഞ്ഞു മുസ്ലിംലീഗ് അതിന്റെ പോരാട്ടം തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അബുദാബി വേങ്ങര മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ‘അസ്സംബ്ലിയ 24’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പ്രതിസന്ധികളിലൂടെയാണ് രാജ്യവും ലോകവും കടന്നുവന്നിട്ടുള്ളത്. പ്രതിസന്ധികളെതരണം ചെയ്തു ലോകം മുന്നോട്ടുപോയ ചരിത്രമാണുള്ളത്. പുതിയ തലമുറക്ക് ഇതെല്ലാം അന്യമാണെങ്കിലും വരുംകാലങ്ങളെ അതിജീവിക്കാന്‍ നമുക്ക് സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.
ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി സംഘടിത ശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്താന്‍ നമുക്ക് കഴിയണം. ചരിത്രമേല്‍പ്പിച്ച നിയോഗവുമായി മുസ്ലിംലീഗ് പ്രസ്ഥാനം മുന്നോട്ട് പോകുകതന്നെ ചെയ്യും.
അനീതിക്കെതിരെയും ജനവിരുദ്ധതക്കെതിരെയുമുള്ള പോരാട്ടത്തില്‍ മുസ്ലിംലീഗ് പ്രസ്ഥാനം എന്നും മുന്നിലുണ്ടാകും. ബ്രിട്ടീഷുകാരന്റെ പീരങ്കിക്കുനേരെ നെഞ്ചുവിരിച്ചുനിന്ന പാരമ്പര്യമുള്ള സമൂഹം അനീതികാണിക്കുന്ന ഏതൊരു ഭരണകൂടത്തിനെതിരെയും പോരാടുമെന്നതില്‍ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് യൂസുഫ് ഹാജി പാങ്ങാട്ട് അധ്യക്ഷത വഹിച്ചു. ‘കുറ്റൂര്‍സ് ടോക്ക്’ എന്ന സെഷനില്‍ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജീവകാരുണ്യ മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിന് ഏര്‍പ്പെടുത്തിയ രണ്ടാമത് മര്‍ഹൂം സി വി മുഹമ്മദ് ഹാജി സ്മാരക സാമൂഹ്യ സേവന പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി സ്വദേശി ബി സി അബൂബക്കറിന് പി കെ കുഞ്ഞാലികുട്ടി സമ്മാനിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവ ഹാജി, യുഎഇ നാഷണല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി പി കെ അന്‍വര്‍ നഹ, ട്രഷറര്‍ അബ്ദുള്ള ഫാറുഖി, അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങള്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹിദായത്തുള്ള സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പി. മുജീബ് റഹ്‌മാന്റെ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹീം നാണത്ത് സ്വാഗതവും ട്രഷറര്‍ സിറാജ് നടക്കല്‍ നന്ദിയും പറഞ്ഞു. യുഎഇലെ എല്ലാ എമിറേറ്റ്‌സിലെ മണ്ഡലം കമ്മിറ്റികളുമായുള്ള സൗഹൃദ സംഗമവും നടന്നു.
‘ഫെസ്റ്റിവിറ്റി 2024’ എന്ന ശീര്‍ഷകത്തില്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ തമ്മില്‍ കലാ കായിക മത്സരങ്ങള്‍ നടന്നു. റൈഡര്‍സ് വേങ്ങര, ഫൈറ്റേസ് പറപ്പൂര്‍, ഹീറോസ് ഊരകം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.