തൊടുപുഴ: വിവാഹത്തിന് വസ്ത്രം എടുക്കാനായി പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമെത്തിയ യുവതിയെ വിളിച്ചിറക്കിക്കൊണ്ടുപോകാന്‍ കാമുകന്റെ ശ്രമം. ഇത് തടയാന്‍ യുവതിയുടെ സഹോദരനും പ്രതിശ്രുതവരനും ശ്രമിച്ചതോടെ കാമുകന് കൂടെയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും ഇതില്‍ ഇടപെട്ടു. അവസാനം കൂട്ടതല്ലായിമാറി. തൊടുപുഴയില്‍ ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്പ് ഇയാള്‍ ജോലിക്കായി ഗള്‍ഫില്‍ പോയി. തുടര്‍ന്ന് ബെംഗളൂരുവില്‍ ജോലിക്കെത്തിയ പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയും എന്‍ജിനീയറുമായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്ന് ബെംഗളൂരുവിലേക്ക് തിരികെവന്നു ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാരുടെ സമ്മതത്തോടെ തീരുമാനിച്ചു.വിവാഹനിശ്ചയവും നടന്നു.
വിവാഹത്തെക്കുറിച്ച് യുവതിയില്‍ നിന്ന് അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്ച രാവിലെ ഗുജറാത്തില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തി. അവിടെനിന്ന് ടാക്സിയില്‍ തൊടുപുഴയിലെത്തി. വിവാഹവസ്ത്രം എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കാല്‍മണിക്കൂറിലധികം സംഘര്‍ഷം നീണ്ടുനിന്നു. ഒടുവില്‍ പോലീസെത്തി കാര്യം അന്വേഷിച്ചതോടെ വിവാഹം നിശ്ചയിച്ചത് പെണ്‍കുട്ടിയുടെ അറിവോടെയാണെന്ന് മനസ്സിലായി. ഇതോടെ സംഭവത്തില്‍ ഇടപെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിന്‍വലിഞ്ഞു. തൊടുപുഴ പ്രസ് ക്ലബ്ബിന് മുന്‍പിലെ റോഡില്‍ ഗതാഗതം മുടങ്ങുന്ന രീതിയിലായിരുന്നു അടിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
യുവതിയെയും ഗുജറാത്തില്‍ എന്‍ജിനീയറായ കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയോ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയോ ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷമുണ്ടാക്കിയതിന് യുവതിയുടെ സഹോദരന്‍, പ്രതിശ്രുതവരന്‍, കാമുകന്‍ തുടങ്ങി ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു .
യുവതി പോലീസ് തൊടുപുഴ മൈലക്കൊമ്പിലെ ഷെല്‍ട്ടര്‍ ഹോമിലാണിപ്പോള്‍.