X

ഫലസ്തീന്‍ അധിനിവേശത്തിന് അമ്പതാണ്ട്

കെ. മൊയ്തീന്‍കോയ

ഐക്യരാഷ്ട്ര സംഘടനയും വന്‍ ശക്തികളും ഇപ്പോഴും നിസ്സംഗരായി നില്‍ക്കെ, ഫലസ്തീനിലെ ഇസ്രാഈലി അധിനിവേശത്തിന് അമ്പതാണ്ട് തികയുന്നു. സഹോദര അറബ് രാഷ്ട്രങ്ങളും അജണ്ട മാറ്റി എഴുതി ഫലസ്തീന്‍ സമൂഹത്തെ വിസ്മൃതിയിലേക്ക് തള്ളുകയാണോ എന്ന സംശയവും ഉണര്‍ന്നു. അധിനിവേശത്തിന്റെ പൈശാചികത അനുഭവിച്ചറിഞ്ഞ സമൂഹത്തിന്റെ രോദനവും അമര്‍ഷവും നേര്‍ത്ത് വരികയുമാണ്.
1967-ലെ ആറ് ദിവസത്തെ യുദ്ധത്തിലെ വന്‍ പരാജയത്തോടെയാണ് ‘അവശിഷ്ട ഫലസ്തീന്‍’ ഭൂമിയും ജൂത അധിനിവേശകര്‍ കൈയ്യടക്കിയത്. ഈജിപ്തിന്റെ സീന ഉപദ്വീപ് പിടിച്ചടക്കി ജൂതപ്പട സൂയസ്‌കനാല്‍ വരെ എത്തി. ബൈതുല്‍ മുഖദ്ദസും ജോര്‍ദ്ദാന്‍ സംരക്ഷിച്ച് വന്ന ഫലസ്തീനിലെ പടിഞ്ഞാറന്‍ കരയും (വെസ്റ്റ് ബാങ്ക്) ഗാസാ മുനമ്പും സിറിയയുടെ വിശാലമായ ഗോലാന്‍ കുന്നും ഇസ്രാഈലിന് കീഴിലായി. 1948-ല്‍ പിറവി എടക്കുമ്പോള്‍ 5300 ചതുരശ്ര നാഴികയുണ്ടായിരുന്ന ഇസ്രാഈലിന്റെ വിസ്തൃതി 33,500 ആയി വെട്ടിപ്പിടിച്ച സന്ദര്‍ഭം. (പിന്നീട് ഈജിപ്ത് ഇസ്രാഈലുമായി സമാധാന കരാര്‍ ഒപ്പ്‌വെച്ച് സീന ഉപദ്വീപ് തിരിച്ച് വാങ്ങി) അറബ് ലോകത്തിന്റെ വീരനായകന്‍ എന്നറിയപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ജമാല്‍ അബ്ദുനാസര്‍ നയിച്ച യുദ്ധം. ദയനീയ പരാജയത്തില്‍ മനംനൊന്ത് നാസര്‍ രാജിവെച്ചെങ്കിലും ‘ജനസമ്മര്‍ദ്ദ’ത്തെ തുടര്‍ന്ന് പിന്‍വലിച്ചു. നാസറിന്റെ വിയോഗത്തെ തുടര്‍ന്ന് അധികാരത്തില്‍ വന്ന അന്‍വര്‍ സാദാത്ത് ഇസ്രാഈലുമായി സമാധാന കരാറുണ്ടാക്കി സിനാ ഉപദ്വീപ് തിരിച്ച് വാങ്ങി. ക്യാമ്പ് ഡേവിഡ് കരാറിന്റെ ശില്‍പി എന്ന നിലയില്‍ പഴി കേള്‍ക്കേണ്ടിവന്നു.
ഇസ്രാഈലുമായുണ്ടായ മൂന്നാമത്തെ യുദ്ധത്തില്‍ ഈജിപ്ത് സഹായം പ്രതീക്ഷിച്ച സോവിയറ്റ് യൂണിയന്‍ വന്‍ വഞ്ചനയാണ് കാണിച്ചത്. സോഷ്യലിസ്റ്റ് ചേരിയുടെ സഹയാത്രികനായി അറബ് ലോകത്ത് അറിയപ്പെട്ട ജമാല്‍ അബ്ദുനാസര്‍, അവസാന കാലം സോവിയറ്റ് ചേരിയില്‍ നിന്നും അകലാന്‍ യുദ്ധം കാരണമായി. ഇസ്രാഈലില്‍ നിന്ന് ആക്രമണം ഉണ്ടാകില്ലെന്ന് സോവിയറ്റ് ഇന്റലിജന്‍സ് വിവരം നാസറിന് കൈമാറിയ അതേ ദിവസമാണ് ഇസ്രാഈല്‍ ഈജിപ്തിന്റെ വിമാനത്താവളം ആക്രമിച്ച് ബോംബിട്ട് തകര്‍ത്തത്. പിന്നീട് ഈജിപ്തിന് കരസേന മാത്രമായിരുന്നു ആശ്രയം. യുദ്ധത്തിന്റെ പരാജയത്തിന് കാരണവും ഇതാണ്. 11,000 സൈനികരെയാണ് ഈജിപ്തിന് മാത്രം നഷ്ടമായത്. ജോര്‍ദ്ദാനു ആറായിരവും. ഇസ്രാഈലിന് അമേരിക്കയുടെ റഡാര്‍ സംവിധാനം ഉപകരിക്കപ്പെട്ടു. ആയുധം യഥേഷ്ടം വന്നിറങ്ങി. അത്യാധുനിക ആയുധങ്ങള്‍ക്ക് മുന്നില്‍ ഈജിപ്ത്, ജോര്‍ദ്ദാന്‍, ഇറാഖ്, സിറിയ സൈന്യത്തിന് പിടിച്ച് നില്‍ക്കാനായില്ല. മറുഭാഗത്തിന് അമേരിക്കന്‍ സഹായം യഥേഷ്ടം ലഭിച്ചപ്പോള്‍ സോവിയറ്റ് യൂണിയന്‍ അറബ് പക്ഷത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല.
1956-ലെ യുദ്ധത്തെ തുടര്‍ന്ന് ഇസ്രാഈലിനും ഈജിപ്തിനുമിടക്ക് 117 നാഴിക നീളം യു.എന്‍ സമാധാന സേനയെ വിന്യസിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ പത്ത് വര്‍ഷക്കാലം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഇതിലിടക്ക് സോവിയറ്റ് യൂണിയന്‍, ഈജിപ്തിനെ സൈനികമായി സഹായിച്ചു. അബ്ദുനാസറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇതൊക്കെ കാരണമായി. 1967 ജൂണ്‍ 6ന് വെസ്റ്റ് ബാങ്കിലെ അല്‍സാമു എന്ന ഗ്രാമത്തില്‍ ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ 18 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതോടെ സംഘര്‍ഷം മൂര്‍ഛിച്ചു. സമാധാന സേനയെ പിന്‍വലിക്കാന്‍ നാസര്‍ ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. ഗള്‍ഫ് ഓഫ് അക്വബ വഴിയുള്ള ഇസ്രാഈലി കപ്പല്‍ ഗതാഗതം ഈജിപ്ത് തടഞ്ഞു. സോവിയറ്റ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലസ്യത്തിലായ അറബ് രാഷ്ട്രങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഇടിത്തീ പോലെ ആക്രമണം അഴിച്ചുവിട്ട് അറബ് ഭാഗത്ത് നാശം പതിന്മടങ്ങാക്കി.
ബ്രിട്ടന്‍ ഉള്‍പ്പെടെ സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനയിലൂടെയാണ് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ രാഷ്ട്രം രൂപീകരിക്കുന്നത്. ഒന്നാം ലോക യുദ്ധത്തിനു മുമ്പ് ലബനാനും ജോര്‍ദ്ദാനും പോലെ ഫലസ്തീനും ഉസ്മാനിയ ഖിലാഫത്തിന് കീഴിലായിരുന്നു. തുര്‍ക്കികള്‍ക്ക് എതിരെ അറബ് പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ ഈ മേഖലയിലെ രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ സ്വതന്ത്ര രാജ്യം വാഗ്ദാനം ചെയ്തു. (ഇതൊരു തട്ടിപ്പായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു) ഇതേ സന്ദര്‍ഭത്തില്‍ തന്നെ മേഖലയെ വീതിച്ചെടുക്കാന്‍ ഫ്രാന്‍സും ബ്രിട്ടനും കരാറിലെത്തി. അതോടൊപ്പം തന്നെ യുദ്ധത്തില്‍ സഹായിച്ച സയണിസ്റ്റ് പ്രസ്ഥാനവുമായി ബ്രിട്ടന്‍ മറ്റൊരു രഹസ്യ കരാറില്‍ ഏര്‍പ്പെട്ടു. ഇതാണ് ‘ബാല്‍ഫോര്‍ പ്രഖ്യാപനം’ എന്ന പേരില്‍ ചരിത്രം രേഖപ്പെടുത്തുന്നത്. ഫലസ്തീന്‍ വിഭജിച്ച് ജൂത രാഷ്ട്രം സ്ഥാപിക്കാനായിരുന്നു ഈ രഹസ്യ ധാരണ. അക്കാലത്ത് ബ്രിട്ടീഷ് വിദേശ മന്ത്രിയായിരുന്ന ആര്‍തര്‍ ജയിംസ് ബാല്‍ഫോര്‍ ആയിരുന്നു കരാറിന്റെ ആസൂത്രകന്‍. 1914 നവംബര്‍ രണ്ടിനായിരുന്നു ഈ കരാറ്. ഈ കാലഘട്ടത്തില്‍ ഫലസ്തീന്‍ പ്രദേശത്ത് ജൂത ജനസംഖ്യ 80,000 മാത്രമായിരുന്നു. സയണിസ്റ്റ്-ബ്രിട്ടീഷ് ഗൂഢാലോചനയില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് ജൂതര്‍ കുടിയേറ്റം തുടങ്ങി. 1936 ആകുമ്പോഴേക്കും ജനസംഖ്യ നാലര ലക്ഷമായി. ഒമ്പത് ലക്ഷം ഏക്കര്‍ ഭൂമിയും അവര്‍ കയ്യടക്കി. 75,000 വരുന്ന സായുധ സയണിസ്റ്റ് സംഘം വ്യാപകമായി ഫലസ്തീന്‍കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. ജന്മഗേഹങ്ങളില്‍ നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടു. 1938-ല്‍ വിഭജന നിര്‍ദ്ദേശം ബ്രിട്ടന്‍ മുന്നോട്ടുവെച്ചു. ബ്രിട്ടീഷ് സേന തന്ത്രപൂര്‍വം ഫലസ്തീനില്‍ നിന്ന് പിന്മാറാന്‍ തുടങ്ങി. ഇതിനിടക്ക് 1947 നവംബര്‍ 29ന് യു.എന്‍ പൊതുസഭയില്‍ സോവിയറ്റ് യൂണിയനും അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് വിഭജന പ്രമേയം അവതരിപ്പിച്ചു. 5338 ച. മൈല്‍ ജൂതര്‍ക്കും 4000 ച. മൈല്‍ അറബികള്‍ക്കും ജറൂസലവും ചുറ്റുമുള്ള 289 ച. മൈല്‍ ഐക്യരാഷ്ട്ര സഭക്ക് കീഴിലുമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചു. അറബ് രാഷ്ട്രങ്ങളുടെ എതിര്‍പ്പ് നേര്‍ത്തതായിരുന്നു. അവയില്‍ പല രാഷ്ട്രങ്ങളും സ്വാതന്ത്ര്യം നേടിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ. 1948 മെയ് 14ന് ടെല്‍ അവീവ് കേന്ദ്രമാക്കി ഇസ്രാഈല്‍ രാഷ്ട്ര പ്രഖ്യാപനം വന്നു. 40 ലക്ഷത്തോളം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി. ഫലസ്തീന്‍ സമൂഹത്തിന് അനുവദിച്ച ഗാസ മുനമ്പ് ഈജിപ്തും മധ്യ ഫലസ്തീന്‍ (വെസ്റ്റ് ബാങ്ക്) പഴയ ജറൂസലമും ജോര്‍ദ്ദാനും സംരക്ഷിച്ചു. വിഭജനത്തെ അംഗീകരിക്കാതിരുന്ന അറബ് രാഷ്ട്രങ്ങള്‍ ഫലസ്തീന്‍കാര്‍ക്ക് അനുവദിച്ച പ്രദേശത്ത് ‘ഫലസ്തീന്‍ രാഷ്ട്രം’ നിലനിര്‍ത്താതെ അബദ്ധം കാണിച്ചു. ഈ പ്രദേശം കൂടി 1967-ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യടക്കി. 1948-ല്‍ യു.എന്‍ തീരുമാന പ്രകാരം അനുവദിച്ച പ്രദേശത്ത് ഫലസ്തീന്‍ രാഷ്ട്രം എന്നാണ് ഇപ്പോഴത്തെ അറബ് നിലപാട്. എന്നാല്‍ ദ്വിരാഷ്ട്ര ഫോര്‍മുല അംഗീകരിക്കാന്‍ ഇസ്രാഈല്‍ ഒരുക്കമല്ല. എല്ലാ സൗകര്യവും അനുവദിക്കുന്ന അമേരിക്കയും അവര്‍ക്കൊപ്പമാണ്. നാളിതുവരെ ദ്വിരാഷ്ട്ര ഫോര്‍മുല അംഗീകരിച്ചിരുന്ന അമേരിക്കയുടെ അമരക്കാരനായി ഡൊണാള്‍ഡ് ട്രംപ് വന്നതോടെ സമീപനത്തിലും മാറ്റംവന്നു. ദ്വിരാഷ്ട്ര ഫോര്‍മുല അല്ലാത്ത നിര്‍ദ്ദേശവും പരിഗണിക്കണമെന്നാണത്രെ ട്രംപിന്റെ നിലപാട്. ജറൂസലം ഇസ്രാഈല്‍ തലസ്ഥാനമാകണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ നിലപാട്. കഴിഞ്ഞാഴ്ച സഊദിയും ഇസ്രാഈലും ഫലസ്തീനും സന്ദര്‍ശിച്ച ട്രംപ് ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ഉറച്ച നിലപാട് വ്യക്തമാക്കിയില്ല. അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ നോര്‍വേ തലസ്ഥാനമായ ഓസ്‌ലോവില്‍ ഇസ്രാഈലും പി.എല്‍.ഒവും ഒപ്പുവെച്ച കരാറ് പ്രകാരം അനുവദിച്ച ഫലസ്തീന്‍ അതോറിട്ടിക്ക് ഒരു മുനിസിപ്പല്‍ ഭരണകൂടത്തിന്റെ അധികാരം മാത്രമാണ്. ഇസ്രാഈല്‍ പ്രധാനമന്ത്രി യിസ്ഹാഖ് റബിനും പി.എല്‍.ഒവിന് വേണ്ടി യാസര്‍ അറഫാത്തിനെ പ്രതിനിധീകരിച്ച് മഹ്മൂദ് അബ്ബാസും ഒപ്പുവെച്ച കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ തടസ്സം ഇസ്രാഈല്‍ ആണ്. ഇക്കാര്യം മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ തന്നെ വ്യക്തമാക്കിയതാണ്. യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക നിഷ്പക്ഷ നിലപാട് സ്വീകരിച്ച്, ഇസ്രാഈലിന്റെ കുടിയേറ്റത്തിനെതിരെ പ്രമേയം പാസാക്കിയത് ചരിത്രത്തില്‍ അപൂര്‍വ്വ സംഭവമാണ്. 15 ലക്ഷം ഫലസ്തീനികള്‍ക്ക് താമസിക്കുന്ന ഗാസാ മുനമ്പിനെ ഇസ്രാഈല്‍ തുറന്ന ജയിലാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിനെ കീറിമുറിച്ച് തുണ്ടം തുണ്ടമാക്കി. ബത്‌ലഹേമില്‍ വിഭജന മതില്‍ 600 മൈല്‍ നീളത്തിലാണ്. ലോകാഭിപ്രായത്തെ ധിക്കരിക്കുന്ന ഇസ്രാഈലിനെ പിടിച്ചുകെട്ടണം. ഐക്യരാഷ്ട്രസഭ അനുവദിച്ച പ്രദേശത്ത് സ്വതന്ത്ര ഫലസ്തീന്‍ ആരുടെയും ഔദാര്യമല്ല. അവരുടെ ജീവിക്കാനുള്ള അവകാശമാണ്.

chandrika: