തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 15 കാരന്‍ ആംബുലന്‍സ് ഓടിച്ചു പോയി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. നാലുദിവസമായി പനി ബാധിച്ച് തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഈ പതിനഞ്ചുകാരന്‍.
ഇതിനിടയില്‍ ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സ് എടുത്ത് ഈ കുട്ടി 8 കിലോമീറ്ററോളം സഞ്ചരിച്ചു. തുടര്‍ന്ന് ഉള്ളൂര്‍ ആനക്കല്ലില്‍ വെച്ച് വണ്ടി ഓഫായി. അവിടെ നിന്നാണ് വാഹനം അടക്കം പിടികൂടിയത്. ഡ്രൈവര്‍ ശുചിമുറിയിലേക്ക് പോയ സമയത്താണ് കുട്ടി ചാവി കയ്യിലാക്കിയത്.
കുട്ടി ആംബുലന്‍സുമായി നഗരത്തിലേക്ക് കടക്കുമ്പോള്‍ കിസാന്‍ സഭയുടെ സമ്മേളനത്തിന് ഭാഗമായി നിരവധി വണ്ടികളും ആളുകളും വന്നു കൊണ്ടിരിക്കുകയായിരുന്നു. ഭാഗ്യവശാല്‍ ഇവര്‍ക്ക് അപകടമൊന്നുമുണ്ടായില്ല. 30 കിലോമീറ്റര്‍ വേഗതയിലാണ് ആംബുലന്‍സ് പോയത് എന്നാണ് വിവരം. വീട്ടിലെ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്തുള്ള പരിചയം മാത്രമാണ് പതിനഞ്ചുകാരനുള്ളത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.