X

ഇടുക്കിയില്‍ പതിനഞ്ച്കാരി പീഡിപ്പിക്കപ്പെട്ട സംഭവം നെഞ്ച് പൊള്ളിക്കുന്നത്: വി.ഡി സതീശന്‍

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത നെഞ്ച് പൊള്ളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിനോദ സഞ്ചാര മേഖലകളില്‍ പോലും പെണ്‍മക്കള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ നല്‍കാന്‍ സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. കേരളത്തില്‍ സ്ത്രീ സുരക്ഷ അപകടത്തിലായിരിക്കുകയാണ് നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

കേരളം മയക്ക് മരുന്നിന്റെ ആസ്ഥാനമായി മാറിയിരിക്കുകയാണ്. മയക്ക് മരുന്ന് ഗുണ്ടാ ക്രിമിനല്‍ സംഘങ്ങള്‍ക്ക് കുട പിടിക്കുന്നത് സി.പി.എം പ്രദേശിക നേതൃത്വങ്ങളാണ്. ആ പ്രദേശിക നേതൃത്വങ്ങളെ കയറൂരിവിട്ട് പൊലീസിനെ സര്‍ക്കാര്‍ നിര്‍വീര്യമാക്കിയിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവമാണ് ഇടുക്കി, പൂപ്പാറയിലുണ്ടായതെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടത്തിയിട്ടുള്ളത് സി.പി.എമ്മാണ്. അതുകൊണ്ടാണ് ന്യൂസ് 18 ലേഖിക ശരണ്യയ്ക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ സി.പി.എം ഒന്നും മിണ്ടാതിരിക്കുന്നതെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സി.പി.എമ്മിന്റെ വഴിയേയാണ് പോപ്പുലര്‍ ഫ്രണ്ടും സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: