കമാല്‍ വരദൂര്‍
ദോഹ:
ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഫൈനലില്‍ ലോകകപ്പ് മെസിയുടെ അര്‍ജന്റിനക്ക്. പെനാല്‍ട്ടി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനയുടെ നേട്ടം. ആദ്യപകുതിയില്‍ അര്‍ജന്റീന രണ്ട് ഗോള്‍ ലീഡ് നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് രണ്ടും തിരിച്ചടിച്ചു. ഇതോടെ അധിക സമയം. മെസിയുടെ മികവില്‍ അര്‍ജന്റിനക്ക് ലീഡ്. പക്ഷേ എംബാപ്പയുടെ പെനാല്‍ട്ടിയില്‍ സമനില. പിന്നെ ഷൂട്ടൗട്ട്. അവിടെ മെസിയും സംഘവും കരുത്തരായി
ആദ്യ പകുതിയില്‍ തന്നെ അര്‍ജന്റീന രണ്ട് ഗോളിന് മുന്നിലെത്തി. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് എയ്ഞ്ചലോ ഡി മരിയയെ ഉസ്മാന്‍ ഡെംപാലേ ബോക്‌സില്‍ വീഴ്ത്തി. റഫറി അനുവദിച്ച പെനാല്‍ട്ടി എടുത്തത് ലിയോ മെസി. പവര്‍ കിക്കായിരുന്നില്ല-ഫ്രാന്‍സ് നായകന്‍ ഹ്യുഗോ ലോറിസിനെ കബളിപ്പിച്ചുള്ള പ്ലേസിംഗ് ഷോട്ട് വലയില്‍. ഗ്യാലറി പൊട്ടിത്തെറിച്ച നിമിഷം. മല്‍സരത്തില്‍ സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത അര്‍ജന്റീന ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും സ്‌ക്കോര്‍ ചെയ്തു. ഇത്തവണ അതിസുന്ദരമായ ഡി മരിയ ഗോള്‍. സ്വന്തം ഹാഫില്‍ നിന്നും മാജിക് പാസുകളുമായി തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ 36 മിനുട്ടായപ്പോള്‍ മനോഹരനിമിഷം. എന്‍സോ വഴി മെസി, പിന്നെ അല്‍വാരസ്, റോഡ്രിഗോ, മാക് അലിസ്റ്റര്‍, ത്രു ബോള്‍ ഡി മരിയക്ക്-ലോറിസ് വീണ്ടും പരാജിതനായി. ആറ് ടച്ചുകളിലായിരുന്നു ആ മാജിക് ഗോള്‍.ഇടത് വിംഗ് കേന്ദ്രികരിച്ചായിരുന്നു അര്‍ജന്റീനയുടെ ആക്രമണങ്ങള്‍. രണ്ട് ഗോളിന് പിറകിലായതോടെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ഡബിള്‍ സബ്സ്റ്റിറ്റൂഷന്‍ നടത്തി. ജിറോര്‍ഡിനെയും ഡെംപാലേയെയും വലിച്ച് തുറാം, തിഗോറി എന്നിവരെ ഇറക്കി. പക്ഷേ ഫ്രാന്‍സ് ചിത്രത്തില്‍ വന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിലും അര്‍ജന്റീനയായിരുന്നു. പക്ഷേ അവസാനത്തില്‍ കാര്യങ്ങള്‍ മാറി. കിലിയന്‍ എംബാപ്പയുടെ ഇരട്ട ഗോള്‍ കാര്യങ്ങള്‍ മാറ്റി മറിച്ചു. ആദ്യഗോള്‍ പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു. എംബാപ്പേയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനസിന്റെ കരങ്ങളില്‍ തട്ടി വലയില്‍ കയറി. രണ്ട് മിനുട്ടിനകം അടുത്ത ഗോളുമെത്തി. അധിക സമയ അങ്കത്തില്‍ മെസിയുടെ ഗോളില്‍ ലീഡ്. അവസാനത്തില്‍ എംബാപ്പേയുടെ പെനാല്‍ട്ടിയില്‍ സമനില. ഷൂട്ടൗട്ടില്‍ അര്‍ജന്റ്റീന.
45 മിനുട്ട് ദീര്‍ഘിച്ച കലാവിരുന്നോട് കൂടിയായിരുന്നു ലുസൈലില്‍ ഫൈനല്‍ കിക്കോഫിന് വിസില്‍ മുഴങ്ങിയത്. മെഗാ പോരാട്ടത്തിന് സാക്ഷികളായി ഖത്തര്‍ അമീര്‍ ഷെയിക് തമീം ബിന്‍ ഹമദ് അല്‍ത്താനിക്കൊപ്പം ഫ്രഞ്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍.
ഇതിഹാസമായി മെസി
ദോഹ: ഇത് വരെ അന്യം നിന്ന ആ വലിയ കിരീടത്തില്‍ മുത്തമിട്ടതോടെ ലിയോ മെസിയെന്ന താരം ഇതിഹാസ തുല്യനാവുന്നു. പെലെക്കും മറഡോണക്കുമൊപ്പം ഇനി ഈ റൊസാരിയോയുടെ ഈ താരവും ഫുട്‌ബോള്‍ വീരഗാഥകളില്‍ നിറയും. കോപ്പ കിരീടം,ഫൈനലിസിമ-ഇതാ നിറമുള്ള കരിയറിന്റെ അവസാനത്തില്‍ ലോകകപ്പും. 35-കാരനിത് അഞ്ചാമത് ലോകകപ്പാണ്. 2014 ലെ ലോകകപ്പില്‍ മെസി നയിച്ച സംഘം ഫൈനലിലെത്തിയിരുന്നു. അന്ന് പക്ഷേ അധികസമയ ഗോളില്‍ ജര്‍മനിയോട് പരാജയപ്പെട്ടു. ഇതോടെ വിമര്‍ശകര്‍ രംഗത്തിറങ്ങി. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ഇതേ ഫ്രാന്‍സിനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി. ഖത്തറിലെത്തിയപ്പോള്‍ ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. അതും സഊദി അറേബ്യയോട്. അതോടെ ആദ്യറൗണ്ടില്‍ തന്നെ ടീം പുറത്താവുമെന്ന അവസ്ഥ. പക്ഷേ മെസി അപാരഫോമിലേക്കുയര്‍ന്ന ലുസൈല്‍ മല്‍സരത്തില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി ജീവന്‍ നീട്ടിയെടുത്തു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ പോളണ്ടിനെയും തരിപ്പണമാക്കി. നോക്കൗട്ടിലെ അങ്കത്തില്‍ ഓസ്‌ട്രേലിയക്കാരെ. ഷൂട്ടൗട്ട് വരെ ആശങ്ക പടര്‍ത്തിയ ക്വാര്‍ട്ടര്‍ അങ്കത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി. സെമിഫൈനല്‍ ക്രൊയേഷ്യക്കെതിരെ ഏകപക്ഷിയമായിതുന്നു. മൂന്ന് ഗോളിന്റെ തകര്‍പ്പന്‍ വിജയം. ഫൈനലില്‍ ഫ്രാന്‍സിനെതിരെ ആവേശത്തിന്റെ മുള്‍മുനയില്‍ ഗംഭീര വിജയം. രണ്ട് ഗോളുകള്‍ മെസിയുടെ വക. ആദ്യം പെനാല്‍ട്ടി ഗോള്‍. അധിക സമയത്ത് വിജയഗോള്‍. പക്ഷേ കളി ഷുട്ടൗട്ടിലേക്ക് പോയപ്പോഴും നായകന് പിഴചില്ല.ഖത്തറില്‍ മെസി നേടിയത് ആകെ ഏഴ് ഗോളുകള്‍. കൂടുതല്‍ അസിസ്റ്റുകള്‍. അങ്ങനെ ഖത്തറിന്റെ, ലോകത്തിന്റെ പ്രിയപ്പെട്ട താരം