സൂറിച്ച്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒത്തുകളി വാര്‍ത്ത. 2016 നവംബര്‍ 12ന് നടന്ന സെനഗല്‍-ദക്ഷിണാഫ്രിക്ക യോഗ്യതാ മത്സരം ഒത്തുകളിയായിരുന്നെന്നാണ് സൂചന. മത്സരത്തില്‍ റഫറിയുടെ ഇടപെടല്‍ പക്ഷപാതപരമായിരുന്നെന്ന് തെളിഞ്ഞതോടെ വീണ്ടും മത്സരം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ഫിഫ. മത്സരത്തില്‍ ദക്ഷിണാഫ്രക്ക 2-1ന് ജയിച്ചിരുന്നു.
എന്നാല്‍ മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി റഫറി അനാവശ്യ പെനാല്‍റ്റി വിധിച്ചതാണ് സെനഗലിനെ തോല്‍വിയിലേക്ക് നയിച്ചത്. മത്സരം നിയന്ത്രിച്ചിരുന്ന ഘാനക്കാരന്‍ റഫറി ജോസഫ് ലംപറ്റെയുടെ നിയമ വിരുദ്ധമായ ഇടപെടലുകള്‍ കാരണമാണ് മത്സരത്തിന്റെ ഫലം മാറിയത് എന്ന സെനഗലിന്റെ പരാതിയെത്തുടര്‍ന്ന് ഫിഫ അന്വേഷണം നടത്തുകയും പരാതി ശരിയെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മത്സരം നിയന്ത്രിച്ച റഫറിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഫിഫയുടെ വിലക്കിനെതിരെ ലംപ്‌റ്റെ ലോക സ്‌പോര്‍ട്‌സ് കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ നടത്തിയ പരിശോധനയില്‍ മത്സരത്തില്‍ കൃത്രിമത്വം നടന്നതായി തെളിയുകയായിരുന്നു. തുടര്‍ന്ന് മത്സരം നിയന്ത്രിച്ച ഘാനക്കാരനായ റഫറി ജോസഫ് ലംപ്‌റ്റെയെ ആജീവനാന്തം വിലക്കിയ ഫിഫയുടെ തീരുമാനം ശരിവച്ചുകൊണ്ടു കോടതി അപ്പീല്‍ നിരസിച്ചതോടെ ലംപ്‌റ്റെ നിയന്ത്രിച്ച നവംബര്‍ 12 ലെ ദക്ഷിണാഫ്രിക്ക-സെനഗല്‍ മത്സരം അസാധു ആവുകയും ചെയ്തു.
തുടര്‍ന്നാണ് ഫിഫ കണ്‍ട്രോള്‍ കമ്മീഷന്‍ മത്സരം വീണ്ടും നടത്തുവാന്‍ തീരുമാനിച്ചത്. നവംബറില്‍ ആയിരിക്കും മത്സരം നടക്കുക. ആഫ്രിക്കന്‍ യോഗ്യത റൗണ്ട് ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കേപ് വെര്‍ദെ ദ്വീപുകള്‍ക്കും ബുര്‍കിനഫാസോക്കും പിന്നിലായി ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സെനഗലിന് മത്സരം വീണ്ടും നടത്താനുള്ള ഫിഫയുടെ തീരുമാനം ഗുണം ചെയ്യും. ഗ്രൂപ്പ് ജേതാക്കള്‍ക്കു മാത്രമേ യോഗ്യത ലഭിക്കൂ. ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണുള്ളത്.