മോസ്‌കോ: ഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത രാജാക്കന്‍മാരാണ് ബ്രസീല്‍. മറ്റു ടീമുകളുടെ ആരാധകര്‍ പലപ്പോഴും ബ്രസീല്‍ ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്‍ ബഹുദൂരം പിന്നിലാണെന്നാണ്.
ലോകകപ്പില്‍ അഞ്ച് റെക്കോര്‍ഡുകള്‍ ബ്രസീലുകാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. റഷ്യയില്‍ നടക്കുന്നത് 21-ാം ലോകകപ്പ് ആണ്. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും പന്ത് തട്ടിയ ഒരേയൊരു ടീം മാത്രമേയുള്ളൂ അത് ബ്രസീലാണ്. മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
2002-ല്‍ ലോക കിരീടം ചൂടിയ ബ്രസീല്‍ ടീം ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഒരു സ്വപ്‌ന സംഘമായിരുന്നു. റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞ്യോ, റോബര്‍ട്ടോ കാര്‍ലോസ്, കഫു തുടങ്ങിയ ലോക ഫുട്‌ബോളിലെ അതികായകന്‍മാര്‍ ഒരുമിച്ച പന്ത് തട്ടിയ ആ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിച്ചാണ് ബ്രസീല്‍ കിരീടം ചൂടിയത്. ഒരു ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിജയ പരമ്പരയാണിത്. 2006 ലോകകപ്പില്‍ ആദ്യ നാല് മത്സരങ്ങള്‍ കൂടി ജയിച്ച ബ്രസീല്‍ ലോകകപ്പില്‍ 11 തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന ഒരേയൊരു ടീമുമായി.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമും ബ്രസീലാണ്. 228 ഗോളുകളാണ് ബ്രസീല്‍ നേടിയത്. 226 ഗോളുകള്‍ നേടിയ ജര്‍മനിയാണ് തൊട്ടുപിന്നിലുള്ളത്.
ഗോളുകള്‍ മാത്രമല്ല ലോകകപ്പില്‍ ഏറ്റവുമധികം വിജയങ്ങളും ബ്രസീലിന്റെ പേരിലാണ്. 73 വിജയങ്ങള്‍. രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയേക്കാള്‍ ആറെണ്ണം കൂടുതല്‍. ലോകകപ്പില്‍ ഇതുവരെ 73 വിജയങ്ങളും 18 സമനിലകളും 17 തോല്‍വികളുമാണ് ബ്രസീലിന്റെ പേരിലുള്ളത്.
എല്ലാത്തിനുമപ്പുറം ലോകകപ്പില്‍ ഏറ്റവുമധികം തവണ കപ്പുയര്‍ത്തിയ ടീമെന്ന റെക്കോര്‍ഡും ബ്രസീലിന്റെ പേരില്‍ തന്നെ. അഞ്ചു തവണയാണ് ലോകകപ്പില്‍ ബ്രസീല്‍ മുത്തമിട്ടത്. 1958, 1962, 1970, 1994, 2002 വര്‍ഷങ്ങളിലായിരുന്നു ബ്രസീലിന്റെ ലോകകപ്പ് വിജയങ്ങള്‍.