മാഡ്രിഡ്: അടുത്ത വര്‍ഷം ജൂണ്‍ പതിനാലിന് റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള യൂറോപ്യന്‍ ടീമുകളെ നിശ്ചയിക്കുന്ന നിര്‍ണായക യോഗ്യതാ മല്‍സരങ്ങള്‍ ഇന്ന്. ഫ്രാന്‍സും സ്വീഡനും തമ്മിലുള്ള ഗ്രൂപ്പ് എ അങ്കമാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരാണെങ്കിലും അന്റോണിയോ ഗ്രീസ്മാനെ മുന്‍നിരയില്‍ കളിക്കിപ്പിക്കുന്ന ഫ്രാന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ല. സ്വന്തം ദിവസങ്ങളില്‍ ആരെയും വെല്ലുവിളിക്കുന്നവരാണ് സ്വിഡന്‍. മൂന്ന് പോയന്റാണ് ടീമിന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് വ്യക്തമാക്കി. ഗ്രൂപ്പില്‍ ബള്‍ഗേറിയ-ബെലാറൂസ് മല്‍സരവുമുണ്ട്. രണ്ട് ടീമുകളും ഇത് വരെ വിജയം നേടിയിട്ടില്ല. ലക്‌സംബര്‍ഗ്ഗിനെ നേരിടുന്ന കരുത്തരായ ഹോളണ്ടിനും ഇന്ന് വിജയം വേണം. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ഇത് വരെ പോയന്‍ര് നഷ്ടമായിട്ടില്ല. ഫറോ ഐലാന്‍ഡിനെ അവര്‍ക്ക് എളുപ്പം തോല്‍പ്പിക്കാം. യൂറോപ്യന്‍ ചാമ്പ്യന്മാരായ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ലാത്‌വിയയെ നേരിടുന്നത് അടുത്തയാഴ്ച്ച ആരംഭിക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പിനുള്ള വാം അപ്പ് എന്ന നിലയിലാണ്. ഹംഗറി-അന്‍ഡോര മല്‍സരത്തില്‍ ആരും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് സിയില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിക്ക് സാന്‍മറീനോ വെല്ലുവിളിയല്ല. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തിനായി നോര്‍വെ ചെക്ക് റിപ്പബ്ലിക്കുമായി കളിക്കുന്നു. ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയും റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡുമാണ് ഒന്നാം സ്ഥാനത്തുള്ളത്. സെര്‍ബിയ കളിക്കുന്നത് ജെറാത്ത് ബെയിലിന്റെ വെയില്‍സുമായാണ്. അയര്‍ലാന്‍ഡ് കരുത്തരായ ഓസ്ട്രിയയെ എതിരിടുന്നു. ഗ്രൂപ്പ് ഇ യില്‍ ആറ് പോയന്റിന്റെ വ്യക്തമായ ലീഡുമായാണ് പോളണ്ട് റുമേനിയയുമായി കളിക്കുന്നത്. ഇ ഗ്രൂപ്പില്‍ സ്‌ക്കോട്ട്‌ലാന്‍ഡിനെ തകര്‍ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ജി ഗ്രൂപ്പിലാണ് രണ്ട് മുന്‍ ലോക ചാമ്പ്യന്മാര്‍ കളിക്കുന്നത്-സ്‌പെയിനും ഇറ്റലിയും. രണ്ട് പേരും ഇപ്പോള്‍ പോയന്റ് നിലയില്‍ തുല്യരാണ്. ഇന്ന് ഇറ്റലിക്ക് പേടിക്കാനില്ല-ലൈഞ്ചസ്റ്റിനാണ് പ്രതിയോഗികള്‍. മാസിഡോണിയക്കെതിരെയാണ് സ്പാനിഷ് സംഘം കളിക്കുന്നത്. ഈ ഗ്രൂപ്പില്‍ ഇന്ന് ഇസ്രാഈലുകാര്‍ അല്‍ബേനിയയെ വീഴ്ത്തിയാല്‍ അത് രണ്ട് മുന്‍ ചാമ്പ്യന്മാര്‍ക്കും തലവേദനയാവും. ഗ്രൂപ്പ് എച്ചില്‍ 13 പോയന്റുമായി ബെല്‍ജിയവും 11 പോയന്റുമായി ഗ്രീസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഗ്രീസ് ബോസ്‌നിയക്കെതിരെയും ബെല്‍ജിയം എസ്‌റ്റോണിയക്കെതിരെയുമാണ് കളിക്കുന്നത്. ഐ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനക്കാരായ ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും തമ്മിലുളള മല്‍സരം ആവേശകരമാവും.