ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്‌ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്‌നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്‌ക്കെതിരെയും വെനിസ്വേലയ്‌ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍ ടീമില്‍ നിന്നും ഹിഗ്വയ്‌നെ ഒഴിവാക്കിയിരുന്നു. ഹിഗ്വെയ്‌നെ കൂടാതെ ജോവാക്വിന്‍ കൊറിയ, ഗോള്‍ കീപ്പര്‍ റൂളി, നിക്കോളാസ് പറേജ, ജാവിയര്‍ പാസ്‌റ്റോറെ പരിക്ക് പറ്റിയ അഗസ്‌റ്റോ, ഫെര്‍ണാണ്ടസ്, മാനുവല്‍ ലാന്‍സിനി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
അതെസമയം ചെറിയ ഇടവേളക്കു ശേഷം അലസാന്‍ഡ്രോ ഗോമസും, ഇമ്മാനുവല്‍ മമ്മാനയും ടീമിലേക്ക് തിരിച്ചെത്തി. മെക്‌സിക്കന്‍ ലീഗിലെ ക്ലബ് അമേരിക്കയുടെ ഗോള്‍ കീപ്പര്‍ മര്‍ച്ചേസിനെ നീണ്ട ഇടവേളയ്ക്കു ശേഷം സാംപോളി ടീമില്‍ ഉള്‍പ്പെടുത്തി. ഫിയോറന്റിനയുടെ ഡിഫെന്‍ഡര്‍ ജര്‍മന്‍ പസ്സെല്ല മാത്രമാണ് ടീമിലെ പുതുമുഖം. 21 അംഗ ടീമിനെയാണ് സാംപോളി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസക്കിയേല്‍ ഗാരായുമായി സാംപോളി കൂടികാഴ്ച നടത്തിയതിന് ശേഷം ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം. ആഭ്യന്തര ലീഗിലെ കളിക്കാരെ വരും ദിവസങ്ങളില്‍ ടീമില്‍ ഉള്‍പ്പെടുത്തും.
ലയണല്‍ മെസി, അഗ്വൂറോ, ഇക്കാര്‍ഡി, ഡിബാല എന്നിവരടങ്ങിയ മുന്നേറ്റ നിരയും ഡി മരിയ, ഗോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന മിഡ് ഫീല്‍ഡിലും ആണ് ഇത്തവണയും അര്‍ജന്റീനയുടെ പ്രതീക്ഷ. ഏറെ നിര്‍ണ്ണായകമാണ് അര്‍ജന്റീനയ്ക്ക് അടുത്ത രണ്ട് മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ ഒന്ന് തോറ്റാല്‍ തന്നെ അര്‍ജന്റീനയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കരിനിഴല്‍ വീഴും. നിലവില്‍ തെക്കേ അമേരിക്കന്‍ മേഖല ലോകകപ്പ് യോഗ്യത റൗണ്ടിലെ 16 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന.
ആദ്യ നാലു സ്ഥാനക്കാര്‍ക്കാണു നേരിട്ടു യോഗ്യത. അഞ്ചാം സ്ഥാനക്കാര്‍ക്ക് ലോകകപ്പ് യോഗ്യത നേടാന്‍ ഓഷ്യാനിയ മേഖല ജേതാക്കളുമായി ഇരുപാദ പ്ലേ ഓഫ് കളിക്കണം. ഓഷ്യാനിയ ജേതാക്കളായി വരിക ദുര്‍ബലരായ ന്യൂസീലന്‍ഡ് ആവുമെന്നതിനാല്‍, പ്ലേ ഓഫ് ജയിച്ചിട്ടാണെങ്കിലും മോസ്‌കോയിലേക്ക് ടിക്കറ്റെടുക്കാനാകുമെന്നാണ് അര്‍ജന്റീനയുടെ പ്രതീക്ഷ. ഒക്ടോബര്‍ അഞ്ചിന് ബ്യൂണസ് അയേഴ്‌സില്‍ പെറുവുമായും 10ന് ക്വിറ്റോയില്‍ ഇക്വഡോറുമായാണ് അര്‍ജന്റീനയുടെ ശേഷിക്കുന്ന മത്സരങ്ങള്‍.