മുംബൈ: ശനിയാഴ്ച്ച കൊല്‍ക്കത്തയില്‍ മഹാ ക്ലാസിക്….. യൂറോപ്യന്‍ അങ്കക്കലിയില്‍ സ്‌പെയിനും ഇംഗ്ലണ്ടും നേര്‍ക്കു നേര്‍. ആഫ്രിക്കന്‍ കരുത്തുമായി അതിവേഗ ഫുട്‌ബോളിന്റെ ശക്തി ഇന്ത്യന്‍ മൈതാനങ്ങളെ പരിചയപ്പെടുത്തിയ മാലിയെ 3-1ന് തോല്‍്പ്പിച്ച് സ്‌പെയിന്‍ രണ്ടാം സെമി സുന്ദരമായി അതിജയിച്ചു. പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്ന് ആദ്യ ഗോള്‍ സ്വന്തമാക്കിയ നായകന്‍ ആബേല്‍ റൂയിസ് ഒന്നാം പകുതിക്ക് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് രണ്ടാം ഗോളും സ്‌ക്കോര്‍ ചെയ്തു.
രണ്ടാം പകുതിയില്‍ ടോറസ് ടീമിന്റെ മൂന്നാം ഗോള്‍ നേടിയെങ്കിലും അവസാനത്തില്‍ മാലി എന്‍ഡിയയിലൂടെ ഒരു ഗോള്‍ മടക്കി. രണ്ട് വന്‍കരകളുടെ അധിപന്മാര്‍ തമ്മിലുളള കൗമാര പോരാട്ടം മല്‍സരം ഫലം സൂചിപ്പിക്കുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല. കൊല്‍ക്കത്തയില്‍ ബ്രസീല്‍-ഇംഗ്ലണ്ട് പോരാട്ടത്തില്‍ കണ്ട അതേ ആവേശവും വീര്യവും നിറഞ്ഞ ഒന്നര മണിക്കൂര്‍. പന്തടക്കത്തില്‍ സ്‌പെയിനും വേഗതയില്‍ മാലിയും ടോപ് ഗിയറില്‍ നിന്നപ്പോള്‍ ഡി.വൈ പാട്ടില്‍ സ്റ്റേഡിയം സമീപകാലത്ത് കണ്ട് ഏറ്റവും മികച്ച സോക്കര്‍ പോരാട്ടങ്ങളിലൊന്നായി രണ്ടാം സെമി മാറി.
പാട്ടില്‍ സ്‌റ്റേഡിയത്തിലെ സുന്ദര കാഴ്ച്ചകളിലൂടെ:
2-ാം മിനുട്ട്: സ്പാനിഷ് ആക്രമണ നിരയിലെ കുന്തമുനകളായ സെര്‍ജിയോ ഗോമസ്, ആബേല്‍ റൂയിസ്, സെസാര്‍ എന്നിവരുടെ ആവേശനീക്കം. ഇടത് പാര്‍ശ്വത്തിലൂടെ സെര്‍ജിയോ. പന്ത് റൂയിസിന്. വീണ്ടും സെസാറിന്. മിന്നും ഷോട്ട് പക്ഷേ മാലി ഗോള്‍ക്കീപ്പര്‍ യൂസഫ് കൊയ്ത്തയുടെ ദേഹത്തേക്കായിരുന്നു. ഭാഗ്യത്തിന് മാലിക്ക് രക്ഷ.
5-ാം മിനുട്ട്: റൂയിസ്-സെസാര്‍ ജോഡിയുടെ അപകടകരമായ നീക്കം. മിറാന്‍ഡ നല്‍കിയ പന്തുമായി റൂയിസ്. പന്ത് സെസാറിന്. പെനാല്‍ട്ടി ബോക്‌സിലേക്ക് ഊളിയിട്ട് കയറിയ താരത്തെ മാലി ഡിഫന്‍ഡര്‍ അപകടകരമായി തടസ്സപ്പെടുത്തി പെനാല്‍ട്ടി ഉറപ്പായിരുന്നു. പക്ഷേ ജപ്പാന്‍ റഫറി വിളിച്ചില്ല.
6-ാം മിനുട്ട്: മാലിയുടെ ആദ്യ അപകടനീക്കം. ഹിലാല്‍ ഡ്രാമെയുടെ കടന്നു കയറ്റം. വേഗതയില്‍ പിറകിലായത് മൂന്ന് സ്പാനിഷ് താരങ്ങള്‍. പെനാല്‍ട്ടി ബോക്‌സില്‍ നിന്നുള്ള വെടിയുണ്ടക്ക് പക്ഷേ സ്പാനിഷ് കീപ്പര്‍ വഴങ്ങിയില്ല.
10-ാം മിനുട്ട്: മാലി ഗോളിന് തൊട്ടരികില്‍. സലാം തുടക്കമിട്ട നീക്കത്തില്‍ നിന്നും പന്ത് സ്പാനിഷ് ബോക്‌സില്‍. സ്ഥാനം തെറ്റി നിന്ന് സ്പാനിഷ് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് എന്‍ഡിയയുടെ ഫ്‌ളിക് ഷോട്ട്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്.
17-ാം മിനുട്ട്: സ്‌പെയിനിന് അനുകൂലമായി പെനാല്‍ട്ടി കിക്ക്. അപകടകാരിയായി മാറിയ സെസാര്‍ പെനാല്‍ട്ടി ബോക്‌സില്‍ കയറിയപ്പോള്‍ മാലി ഡിഫന്‍ഡര്‍ അബ്ദുല്ല ജഡിയാബി ഫൗളിന് മുതിര്‍ന്നു. ജപ്പാന്‍ റഫറി ഇത്തവണ വീസിലൂതി-സ്‌പോട്ട് കിക്ക്. ഷോട്ടിന് റൂയിസ്. പ്ലേസിംഗ് കിക്ക്. ഗോള്‍… സ്‌പെയിന്‍ മുന്നില്‍ 1-0.
42-ാം മിനുട്ട്: സെസാര്‍-റൂയിസ് നീക്കം. സ്‌പെയിനിന്റെ രണ്ടാം ഗോള്‍. വലത് വിംഗിലൂടെയുടെ കുതികുതിപ്പില്‍ സെസാറിന് മുന്നില്‍ മൂന്ന് മാലിക്കാര്‍. അദ്ദേഹം ബോക്‌സിന് മധ്യത്തിലേക്ക് പന്ത് റൂയിസിന് കൈമാറി. തൊട്ടാല്‍ ഗോളാവുന്ന പാസ്. നായകന് പിഴച്ചില്ല. സ്‌പെയിന്‍ ലീഡ് ഉയര്‍ത്തി, 2-0.
48-ാം മിനുട്ട്: റൂയിസ്-സെസാര്‍ വീണ്ടും സുന്ദരമായ പാസ് കൈമാറ്റം. ഹാട്രിക്കിലേക്ക് കൃത്യമായി റൂയിസിന് സെസാറിന്റെ പാസ്. പക്ഷേ നേരിയ വിത്യാസത്തില്‍ പന്ത് പുറത്ത്
61-ാം മിനുട്ട്: മാലിയുടെ വലിയ നിര്‍ഭാഗ്യം. ഒരു ഗോള്‍ തിരിച്ചടിച്ചു അവര്‍. ഡ്രാമെയുടെ ലോംഗ് റേഞ്ചര്‍ ക്രോസ് ബാറില്‍ തട്ടി വലക്കുള്ളില്‍ കൃത്യമായി കയറിയിരുന്നു. പക്ഷേ ടെലിവിഷന്‍ റിപ്ലേകളുടെ സഹായമില്ലാത്തതിനാല്‍ റഫറി അംഗീകരിച്ചില്ല. മാലി താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബഹളം വെച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല.
71-ാം മിനുട്ട്: മാലിയുടെ വലയില്‍ മൂന്നാം ഗോള്‍.ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ മാലി താരങ്ങള്‍ പ്രതിരോധം മറന്നപ്പോള്‍ റൂയിസിന്റെ കടന്നാക്രമണവും കോസ്രും. തലക്ക് പാകത്തില്‍ വന്ന പന്തില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍. സ്‌പെയിന്‍ 3-മാലി-0.
74-ാം മിനുട്ട്: മാലി ഒരു ഗോള്‍ മടക്കി. സലാം തുടക്കമിട്ട് നീക്കത്തില്‍ പന്ത് ലാസന്നെ എന്‍ഡിയക്ക്. ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ വേട്ട നടത്തിയ താരം പന്തുമായി സ്പാനിഷ് ബോക്‌സില്‍. രണ്ട് ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുന്ദരമായ ഷോട്ട്. എന്‍ഡിയയുടെ ആറാം ഗോള്‍.അവസാനത്തില്‍ മാലി മാത്രമായിരുന്നു.
ഫൈനല്‍ ലൈനപ്പ്
ഒക്ടോബര്‍ 28: ഇംഗ്ലണ്ട്-സ്‌പെയിന്‍
രാത്രി 8-00
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത
ലൂസേഴ്‌സ് ഫൈനല്‍
ബ്രസീല്‍-മാലി
വൈകീട്ട് 5-00:
രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയം,
കൊല്‍ക്കത്ത