ന്യൂഡല്‍ഹി: കാല്‍പ്പന്തു കളിയുടെ കൗമാര ബലപരീക്ഷണത്തിന് നാളെ തുടക്കം. ഇന്ത്യയില്‍ ആദ്യമായി വിരുന്നെത്തിയ ഫിഫ ടൂര്‍ണമെന്റിന് വൈകീട്ട് അഞ്ചു മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന കൊളംബിയ – ഘാന, നവി മുംബൈയിലെ ന്യൂസിലാന്റ് – തുര്‍ക്കി മത്സരങ്ങളോടെ തുടക്കമാവും. പ്രതീക്ഷകളുടെയും സ്വപ്‌നങ്ങളുടെയും വിഹായസ്സിലേക്ക് പന്തുതട്ടുന്ന ഇന്ത്യ രാത്രി എട്ടിന് യു.എസ്.എയെ നേരിടും. ലാറ്റിനമേരിക്കക്കാരായ പാരഗ്വേയും ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം.
കൊളംബിയക്ക് ഇന്ത്യപ്പേടി
ഉദ്ഘാടന മത്സരത്തില്‍ ഘാനയെ എതിരിടാനൊരുങ്ങുമ്പോഴും ഗ്രൂപ്പ് എയില്‍ തങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാക്കുന്നത് ആതിഥേയരായ ഇന്ത്യയെന്ന് കൊളംബിയ കോച്ച് ഒര്‍ലാന്റോ റെസ്‌ട്രെപ്പോ പറഞ്ഞു. രണ്ടു തവണ ജേതാക്കളായ ഘാന, യു.എസ്.എ ടീമുകളും അണിനിരക്കുന്ന ഗ്രൂപ്പില്‍ എല്ലാ ടീമുകളും ശക്തരാണെന്നും എല്ലാ മത്സരങ്ങളും നിര്‍ണായകമായിരിക്കുമെന്നും റെസ്‌ട്രെപ്പോ പറയുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ ഘാനയെ ആണ് നേരിടുന്നത്.
‘ഒരൊറ്റ യൂണിറ്റ് ആയിട്ടാണ് ഞങ്ങള്‍ കളിക്കുക. എല്ലാ മത്സരങ്ങളിലും നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആതിഥേയരായ ഇന്ത്യ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പായതിനാല്‍ സമ്മര്‍ദ്ദമുണ്ട്.’ റെസ്‌ട്രെപ്പോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഘാനക്കെതിരായ മത്സരത്തില്‍ ഡല്‍ഹിയിലെ കാലാവസ്ഥ തങ്ങള്‍ക്ക് വില്ലനാവുമെന്ന് കരുതുന്നില്ലെന്നും 58-കാരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, കരുത്തരെന്ന ആത്മവിശ്വാസത്തോടെയാണ് ആദ്യ മത്സരത്തിനിറങ്ങുകയെന്ന് ഘാന കോച്ച് സാമുവല്‍ ഫാബിന്‍ പറഞ്ഞു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഫുട്‌ബോള്‍ കരുത്തരാണ് തങ്ങളെന്നും അണ്ടര്‍ 17 തലത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘മറ്റ് ആഫ്രിക്കന്‍ ടീമുകള്‍ക്ക് ഞങ്ങളെ കീഴടക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. ഞങ്ങളാണ് കരുത്തരെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് അടുത്ത പടി. അത് തെളിയിക്കാനാണ് ഞങ്ങള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.’ ഫാബിന്‍ പറഞ്ഞു.