കമാല്‍ വരദൂര്‍
കൊച്ചി:കനത്ത് നിന്ന മേഘങ്ങള്‍ കാല്‍പ്പന്തിനോട് കനിവ് കാട്ടി. കളിയഴകിന്റെ വിശ്വമൂര്‍ത്തികളായ മഞ്ഞപ്പടക്കാര്‍ കാല്‍പ്പന്ത് നാടിനോട് നീതിയും കാട്ടി. നാലാം മിനുട്ടില്‍ സ്വന്തം വലയില്‍ സ്വന്തം താരത്താല്‍ പന്തെത്തിയിട്ടും കുറിയ പാസുകളും അതിന് ഇണങ്ങുന്ന വേഗപ്പെരുമയുമായി ആദ്യ 45 മിനുട്ടിന്റെ ആവേശത്തില്‍ തന്നെ രണ്ട് വട്ടം മറുപടി നല്‍കി ലാറ്റിനമേരിക്കന്‍ സൗന്ദര്യത്തിന് അടിവരയിട്ട കാനറികള്‍ 2-1 ന്റെ ആവേശ വിജയവുമായി ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ യൂറോപ്യന്‍ പ്രബലരായ സ്‌പെയിനിനെ പരാജയപ്പെടുത്തി വിലപ്പെട്ട മൂന്ന് പോയന്റ് സ്വന്തമാക്കി.
ഗോളുകളുടെ പിറവിയില്‍ ആദ്യ 45 മിനുട്ട് ആവേശകരമായെങ്കില്‍ രണ്ട് സോക്കര്‍ വന്‍കരകളുടെ മേല്‍വിലാസത്തിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു രണ്ടാമത്തെ 45 മിനുട്ട്. സ്‌റ്റേഡിയം നിറഞ്ഞ ആവേശം ഈ പകുതിയിലായിരുന്നെങ്കിലും വലകള്‍ അനങ്ങിയില്ല. ബ്രസീല്‍ ഡിഫന്‍ഡര്‍ വെസ്‌ലെയുടെ സെല്‍ഫ് ഗോളില്‍ സ്‌പെയിന്‍ ലീഡ് നേടിയപ്പോള്‍ മുന്‍നിരക്കാരായ പൗലിഞ്ഞോ, ലിങ്കോണ്‍ എന്നിവര്‍ ബ്രസീലിന്റെ വിജയഗോളുകള്‍ കരസ്ഥമാക്കി.
കിക്കോഫിന് അഞ്ച് മിനുട്ട് മാത്രം പ്രായമായപ്പോള്‍ ബ്രസീല്‍ ആരാധകരുടെ നെഞ്ച് പിളര്‍ത്തി സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വെസ്‌ലെയുടെ പിഴവ് സ്പാനിഷ് ആര്‍മഡയുടെ അത്യാഹ്ലാദമായി മാറുന്നത് കണ്ടാണ് നെഹ്‌റു സ്‌റ്റേഡിയം ലോകകപ്പിനെ വരവേറ്റത്. ഏഴാം നമ്പറില്‍ അപകടകരമായ വേഗതയില്‍ കളിച്ച വലന്‍സിയ അക്കാദമി താരം ഫെറാന്‍ ടോറസ് എന്ന ബാര്‍സിലോണ അക്കാദമി താരം ഗോള്‍മുഖത്ത് അളന്ന് മുറിച്ച താഴ്ത്തി നല്‍കിയ ക്രോസ് ബ്രസീല്‍ ഗോള്‍മുഖത്ത് സ്വീകരിച്ചത് റയല്‍ മാഡ്രിഡ് അക്കാദമിയിലെ മധ്യനിരക്കാരന്‍ മുഹമ്മദ് മൊഖ്‌ലിസ്. വെസ്‌ലെയുടെ മാര്‍ക്കിംഗില്‍ നിന്നു കുതറി മാറി പന്ത് സ്വന്തമാക്കാനായിരുന്നു യുവതാരത്തിന്റെ ശ്രമം. പക്ഷേ പന്ത് ഫ്‌ളെമിംഗോ താരമായ വെസ്‌ലെയുടെ കാലുകളില്‍ തട്ടി വലയില്‍ തുളച്ചു കയറി. മുഹമ്മദും സ്പാനിഷും സംഘവും അപ്രതീക്ഷിത നേട്ടം ആഘോഷമാക്കുമ്പോള്‍ ബ്രസീല്‍ ബെഞ്ച് നിശബ്ദമായിരുന്നു.
ഗ്യാലറിയും തരിച്ചുപോയി ആ ഗോളില്‍. മഞ്ഞ ജഴ്‌സിയുമായി അണിനിരന്ന ആയിരങ്ങളെ നിരാശപ്പെടുത്താന്‍ പക്ഷേ വിറ്റാവോയുടെ സംഘം തയ്യാറായിരുന്നില്ല. ഗോള്‍ ഷോക്കില്‍ നിന്നും മുക്തമായുള്ള ബ്രസീലിന്റെ ആദ്യ ആധിപത്യം ചിത്രം പത്താം മിനുട്ടിലായിരുന്നു. മധ്യനിരയില്‍ പന്ത് കേന്ദ്രീകരിച്ച് ആവശ്യമായ ഘട്ടത്തില്‍ വേഗത കൂട്ടിയുള്ള ബ്രസീല്‍ ഗെയിമില്‍ സ്‌പെയിനുകാര്‍ പ്രതിരോധത്തിന്റെ സ്വന്തം വര തെരഞ്ഞെടുത്തു.
പൗളിഞ്ഞോയും ലിങ്കോണും ബെര്‍ണറും സ്പാനിഷ് ഹാഫില്‍ തമ്പടിച്ച് പന്തിന്റെ അധിപന്മാരായി. പെനാല്‍ട്ടി ബോക്‌സിലേക്ക് കടന്നു കയറി തുളച്ചു നല്‍കാറുളള പാസുകള്‍ മാത്രം ഫലം ചെയ്യാതെ വന്നപ്പോഴും നിരാശയോടെ അവര്‍ തല താഴ്ത്തിയില്ല. ഒമ്പതാം നമ്പറില്‍ കളിച്ച ഫ്‌ളെമിംഗോ താരം ലിങ്കോണായിരുന്നു വേഗതയുടെ അസ്ത്രം. കൂട്ടിന് സാവോപോളോ എഫ്.സി താരം ബെര്‍ണറും. അപകടകാരിയായ ലിങ്കോണെ മാര്‍ക്ക് ചെയ്യുന്നതിലെ പിഴവിന് സ്‌പെയിന്‍ വില നല്‍കേണ്ടി വന്നത് ഇരുപത്തിയഞ്ചാം മിനുട്ടില്‍. വലത് വിംഗില്‍ നിന്നുള്ള താഴ്ന്നിറങ്ങിയ ക്രോസ് സ്വീകരിക്കുന്നതില്‍ ഗോള്‍ക്കീപ്പര്‍ അല്‍വരോ ഫെര്‍ണാണ്ടസും പന്ത് അടിച്ചകറ്റുന്നതില്‍ ഡിഫന്‍ഡര്‍ ഹുഗോ ഗുലിമാനും പരാജയപ്പെട്ടപ്പോള്‍ ആറടി അകലത്തില്‍ നിന്നും ലിങ്കോണ്‍ അടിയസ്ത്രം പായിച്ചു. സൂപ്പര്‍ ഗോള്‍. 1-1 ല്‍ ബ്രസീല്‍ സംഘമായിരുന്നില്ല ഉണര്‍ന്നെഴുന്നേറ്റത്-കാണികളായിരുന്നു. പിന്നെ അലമാല കണക്കെ ആരവങ്ങള്‍ അകമ്പടിയായി.
പന്ത് ബ്രസീല്‍ കാലുകളില്‍ മാത്രം. പക്ഷേ പന്ത് സ്വന്തം ഹാഫില്‍ മാത്രമായിട്ടും അപകടകരമായ പ്രതിരോധത്തിന് സ്പാനിഷ് ടീം തയ്യാറായില്ല. റഫറിക്കും കാര്യമായ ജോലികളുണ്ടായിരുന്നില്ല. ഒന്നാം പകുതി സമനിലയില്‍ കലാശിക്കുമെന്ന ഘട്ടത്തിലാണ് പൗലിഞ്ഞോ ബ്രസീലിന്റെ ഊര്‍ജ്ജമായത്. മാര്‍ക്കോസ് അന്റോണിയോ തളികയിലെന്നോണം നല്‍കിയ ക്രോസ് ഓട്ടത്തില്‍ സ്വീകരിക്കുമ്പോള്‍ പൗളിഞ്ഞോക്ക് മുന്നില്‍ ഗോള്‍ക്കീപ്പര്‍ മാത്രം. സ്പാനിഷ് പ്രതിരോധ വീഴ്ച്ചയില്‍ നിര്‍ണായകമായ ഗോള്‍. അതോടെ ബഹറൈന്‍കാരനായ റഫറി നവാഫ് ഷുകറുല്ല ആദ്യ പകുതി അവസനിച്ചതായുള്ള വിസിലും മുഴക്കി.
ടിക-ടാകയുടെ ശക്തി സൗന്ദര്യം രണ്ടാം പകുതിയിലാണ് പുറത്ത് വന്നത്. കാളപ്പോരിന്റെ നാട്ടിലെ പ്രധാന ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാര്‍സിലോണ, വലന്‍സിയ, മലാഗ, സെല്‍റ്റാ വിഗോ, വില്ലാ റയല്‍ തുടങ്ങിയവരുടെ സൂപ്പര്‍ അക്കാദമികളില്‍ നിന്നുള്ള കൊച്ചു അതിവേഗക്കാര്‍ ഒന്നുറപ്പിച്ചാണ് പത്ത് മിനുട്ട് വിശ്രമത്തിന് ശേഷമെത്തിയത്-തിരിച്ചടിക്കണം. സ്വന്തം നാട്ടിലെ കാലാവസ്ഥയില്‍ നിന്നും വിഭിന്നമായി അത്യാവശ്യ ചൂടുണ്ടായിരുന്നതിനാല്‍ വേഗതയില്‍ ശ്രദ്ധിക്കാതെ സുന്ദരമായ പാസുകള്‍ കോര്‍ത്തിണക്കി അവര്‍ നിരന്തരം ബ്രസീല്‍ ഗോള്‍ക്കീപ്പര്‍ ഗബ്രിയേല്‍ ബര്‍സാവോയെ പരീക്ഷിച്ചു. വിക്ടര്‍ ചസ്റ്റിന്റെ ഗ്രൗണ്ടര്‍ മുടി നാരിഴക് പുറത്ത് പോയപ്പോള്‍ ബ്രസീല്‍ തുടര്‍ച്ചയായി നാല് കോര്‍ണര്‍ കിക്കുകള്‍ വഴങ്ങി.
സെര്‍ജിയോ ഗോമസ് എന്ന ബാര്‍സിലോണക്കാരന്റെ എണ്ണം പറഞ്ഞ ലോംഗ് റേഞ്ചര്‍ ബാറിന് തൊട്ടുരുമ്മി പുറത്ത് പോയപ്പോള്‍ ബ്രസീല്‍ ആരാധകര്‍ തലയില്‍ കൈ വെച്ചു. പ്രത്യാക്രമണത്തില്‍ ബ്രസീല്‍ ഒരു വട്ടം കൂടി സ്പാനിഷ് ഗോള്‍ വല ചലിപ്പിച്ചെങ്കിലും റഫറി വഴങ്ങിയില്ല. ഗോള്‍ക്കീപ്പറെ ഫൗള്‍ ചെയ്തുള്ളതായിരുന്നു ആ ശ്രമം. അവസാന 15 മിനുട്ടില്‍ ആറ് വട്ടം സ്‌പെയിന്‍ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചു. അപ്പോഴെല്ലാം രക്ഷകനായത് ഗോള്‍ക്കീപ്പര്‍ ഗബ്രിയേലായിരുന്നു. ബാര്‍സയുടെ മറ്റൊരു താരം പത്താം നമ്പറുകാരന്‍ സെര്‍ജിയോ ഗോമസിന്റെ കിടിലന്‍ ഷോട്ട് തടഞ്ഞതായിരുന്നു ഗബ്രിയേലിന്റെ നമ്പര്‍ വണ് സേവ്.
ലോംഗ് വിസില്‍ വന്നപ്പോള്‍ ബ്രസീലുകാര്‍ കാണികള്‍ക്ക് നന്ദി പറയാന്‍ മറന്നില്ല. മൈതാനം ചുറ്റി അവര്‍ ടീമിനെ പിന്തുണച്ചവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും 2010 ലെ ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ സംഘത്തിനുമുണ്ടായിരുന്നു നെഹ്‌റു സ്‌റ്റേഡിയത്തില്‍ പിന്തുണക്കാര്‍. ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ പത്തിന് ബ്രസീല്‍ ഉത്തര കൊറിയയെയും സ്‌പെയിന്‍ നൈജറിനെയും നേരിടും.