കൊച്ചി: കൊച്ചിയിലെ മൈതാനത്ത് യൂറോപ്യന്‍ പടക്കുതിരകളെ തറപറ്റിച്ച് ലാറ്റിനമേരിക്കന്‍ ശക്തികളുടെ ആധിപത്യം. കാല്‍പന്ത് കളിയിലെ രണ്ട് വന്‍ ശക്തികളായ ബ്രസീലും സ്‌പെയിനും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. തങ്ങളെ ചേര്‍ത്തുപിടിച്ച കേരളക്കരയിലെ ആരാധകരെ മൈതാനമധ്യത്ത് നിന്ന് കൈയ്യടിച്ച് അഭിനന്ദിച്ച് ബ്രസീലിന്റെ കൗമാരപ്പട അണ്ടര്‍ 17 ലോകകപ്പിന്റെ ആദ്യജയം ആസ്വദിച്ചു.
അഞ്ചാം മിനുറ്റില്‍ തന്നെ സ്‌പെയിനിന്റെ ഗോളിടിയില്‍ ബ്രസീല്‍ ഞെട്ടി. വലതുവിങ്ങിലൂടെയെത്തിയ ഫെറാന്‍ ടോറസിന്റെ ക്രോസ് ബ്രസീല്‍ ഗോള്‍ മുഖത്തേക്ക്. ബ്രസീല്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സ്‌പെയിനിന്റെ എട്ടാം നമ്പര്‍ താരം മുഹമ്മദ് മൗക്‌ലിസിന് പന്ത് തട്ടിയിടേണ്ട ദൌത്യമേ ഉണ്ടായിരുന്നുള്ളു. ബ്രസീല്‍ താരം വെ്‌സലിയുടെ കാലില്‍ തട്ടി പന്ത് വലയിലേക്ക്. 25ാം മിനുറ്റില്‍ ലിന്‍കോയിലൂടെ മഞ്ഞപ്പട തിരിച്ചടിച്ചു. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ പൗളീഞ്ഞോ മഞ്ഞപ്പടക്കായി ലീഡുയര്‍ത്തി. സ്‌പെയിനും മികച്ച ചില മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധം പൊളിക്കാനായില്ല.