ഭുവനേശ്വര്‍: ഇന്നാണ് ആ ദിവസം. ഇന്ത്യന്‍ വനിതകള്‍ ഇതാദ്യമായി ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടുന്നു. പ്രതിയോഗികളാവട്ടെ ലോക ചാമ്പ്യന്‍പട്ടത്തില്‍ ഒന്നിലധികം തവണ മുത്തമിട്ട അമേരിക്കയും. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മാമാങ്കത്തില്‍ പന്ത് തട്ടാന്‍ ഇന്ത്യക്ക് അവസരം ലഭിക്കുന്നതാവട്ടെ ആതിഥേയര്‍ എന്ന നിലയിലും. ഇന്ന് രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന പോരാട്ടം.
ഒട്ടും പേടിയില്ലാതെയാണ് ഇന്ത്യ ഇന്ന് കളത്തില്‍ ഇറങ്ങുന്നതെന്നാണ് ഹെഡ് കോച്ച് തോമസ് ഡെനാര്‍ബി വിശദീകരിക്കുന്നത്. ലോക വേദിയില്‍ പന്ത് തട്ടാനും കരുത്ത് തെളിയിക്കാനും ഇന്ത്യന്‍ വനിതകള്‍ക്ക് ലഭിച്ച ആദ്യ അവസരമാണിത്. അതിനാല്‍ കളിക്കാരെല്ലാം വര്‍ധിത ആവേശത്തിലാണ്. കളിയിലെ റിസല്‍ട്ടല്ല പ്രധാനം. ലോക വേദിയാണ്. ശക്തരായ പ്രതിയോഗികളാണ്. അവര്‍ക്കെതിരെ കളിക്കാന്‍ ലഭിക്കുന്ന അവസരത്തെ പ്രയോജനപ്പെടുത്തുകയാണ് പ്രധാനമെന്നും കോച്ച് വീശദീകരിക്കുന്നു. ശക്തരുടെ ഗ്രൂപ്പില്‍ ഇന്ത്യയുടെ മറ്റ് പ്രതിയോഗികള്‍ ബ്രസീലും മൊറോക്കോയുമാണ്. 14 നാണ് മൊറോക്കോക്കെതിരായ പോരാട്ടം. 17ന് ബ്രസീലിനെതിരെയും. ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടുക. ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് അമേരിക്കക്കും ബ്രസീലിനുമാണ് വ്യക്തമായ സാധ്യത. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് കുട്ടികളുടെ കരുത്ത് അറിയാനാവുക. ഇന്ത്യന്‍ സംഘത്തില പലരും ലോക നിലവാരത്തില്‍ കളിക്കുന്നവരാണ്. ഈ ലോകകപ്പോടെ അവരെ ലോകം അറിയുമെന്നും സ്വീഡിഷുകാരനായ പരിശീലകന്‍ പറയുന്നു.
ലോകകപ്പ് ഇപ്രകാരം
ഇന്ന്: മൊറോക്കോ-ബ്രസീല്‍ (4-30, കലിംഗ), ചിലി-കിവിസ് (4-30, മഡ്ഗാവ് ), ജര്‍മനി-നൈജീരിയ (8, മഡ്ഗാവ്), ഇന്ത്യ-അമേരിക്ക (8, കലിംഗ)
നാളെ: കാനഡ ഫ്രാന്‍സ് (4-30, മഡ്ഗാവ്), മെക്‌സിക്കോ-ചൈന (4-30, മുംബൈ), ജപ്പാന്‍-ടാന്‍സാനിയ (8, മഡ്ഗാവ്), സ്‌പെയിന്‍-കൊളംബിയ (8, മുംബൈ)
14 വെള്ളി: ബ്രസീല്‍-അമേരിക്ക (4-30, കലിംഗ), കിവീസ്-നൈജീരിയ (4-30, മഡ്ഗാവ്), ജര്‍മനി-ചിലി (8, മഡ്ഗാവ്), ഇന്തൃ-മൊറോക്കോ (8, കലിംഗ)
15 ശനി : ചൈന-കൊളംബിയ (4-30, മുംബൈ), ഫ്രാന്‍സ്-ടാന്‍സാനിയ (4-30, മഡ്ഗാവ്) ജപ്പാന്‍- കാനഡ (8, മഡ്ഗാവ്), സ്‌പെയിന്‍-മെക്‌സിക്കോ (8, മുംബൈ)
17 തിങ്കള്‍: കിവീസ്-ജര്‍മനി (4-30, മഡ്ഗാവ്), നൈജീരിയ-ചിലി (4-30, കലിംഗ), ബ്രസീല്‍-ഇന്ത്യ (8, കലിംഗ), അമേരിക്ക-മൊറോക്കോ (8, മഡ്ഗാവ്)
18 ചൊവ്വ: ചൈന-,സ്‌പെയിന്‍ (4-30, മുംബൈ), കൊളംബിയ-മെക്‌സിക്കോ (4-30, മഡ്ഗാവ്), ഫ്രാന്‍സ്-ജപ്പാന്‍ (8, മഡ്ഗാവ്), ടാന്‍സാനിയ-കാനഡ (8, മുംബൈ).
ഒക്ടോബര്‍ 21, 22 ക്വാര്‍ട്ടര്‍ ഫൈനലുകള്‍
ഒക്ടോബര്‍ 26- സെമി ഫൈനലുകള്‍
ഒക്ടോബര്‍ 30- ലുസേഴ്‌സ് ഫൈനല്‍, ഫൈനല്‍