സൂറിക്ക്: മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ് ബയണ്‍ മ്യൂണിക്കിന്റെ സ്‌ട്രൈക്കര്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. കോവിഡ് മൂലം വെര്‍ച്വലായി നടത്തിയ ചടങ്ങിലാണു മുപ്പത്തിരണ്ടുകാരനായ ലെവന്‍ഡോവ്‌സ്‌കിയെ ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. അന്തിമപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെയാണ് ലെവന്‍ഡോവ്‌സ്‌കി മറികടന്നത്.
13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ, ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണു ലെവന്‍ഡോവ്‌സ്‌കി. 2018ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണു മറ്റൊരാള്‍. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകര്‍, ക്യാപ്റ്റന്‍മാര്‍, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ വോട്ടും (75%) ആരാധകവോട്ടും (25%) അടിസ്ഥാനമാക്കിയാണു പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.
2019 ജൂലൈ 20 മുതല്‍ 2020 ഒക്ടോബര്‍ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. ഇക്കാലയളവില്‍ ബയണിനുവേണ്ടി 52 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കി നേടിയത് 60 ഗോളുകളാണ്. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോള്‍ എന്നതായിരുന്നു ശരാശരി. കഴിഞ്ഞ സീസണില്‍ ബയണ്‍ മ്യൂണിക്കിനു വേണ്ടി മത്സരിച്ച പ്രധാന ചാംപ്യന്‍ഷിപ്പുകളിലെല്ലാം ടോപ് സ്‌കോററായിരുന്നു ലെവന്‍ഡോവ്‌സ്‌കി.