ദോഹ: ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോക്ക് പ്രതിയോഗികള്‍ പോര്‍ച്ചുഗല്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഖത്തര്‍ ലോകകപ്പിലെ അവസാന പ്രി ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1 ന് തകര്‍ത്തു. ആദ്യ പകുതിയില്‍ തന്നെ പറങ്കികള്‍ രണ്ട് ഗോള്‍ നേടി. രണ്ടാം പകുതിയില്‍ നാലും. പരുക്ക് കാരണം സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പുറത്തിരുന്നപ്പോള്‍ അവസരം കിട്ടിയ ഗോണ്‍സാലോ റാമോസ് പതിനേഴാം മിനുട്ടില്‍ കിടിലന്‍ ഇടം കാല്‍ ഷോട്ടില്‍ സ്വിസ് ഗോള്‍ക്കിപ്പര്‍ സോമറിനെ പരാജിതനാക്കി. കോര്‍ണര്‍ കിക്കില്‍ നിന്നും ഉയര്‍ന്ന പന്ത് അത്യുജ്വലമായി തല വെച്ച് നായകന്‍ പെപെയാണ് രണ്ടാം ഗോള്‍ നേടിയത്.
രണ്ടാംപകുതിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് പൊരുതുമെന്ന് കരുതി.
പക്ഷേ ഗോണ്‍സാലോ റാമോസിന്റെ രണ്ടാം ഗോളാണ് കണ്ടത്. 3-0 ത്തിന് പോര്‍ച്ചുഗീസുകാര്‍ ലീഡ് നേടിയതോടെ ഗ്യാലറി ഒഴിയാന്‍ തുടങ്ങി. അടുത്ത ഗോള്‍ റാഫേല്‍ ഗുരേറോയുടെ ബൂട്ടില്‍ നിന്ന്. തൊട്ട് പിറകെ കോര്‍ണര്‍ കിക്ക് ഉപയോഗപ്പെടുത്തി അക്കാന്‍ജി സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ മാനം കാത്തു. റാമോസ് അവിടെയും നിര്‍ത്തിയില്ല. ലോകകപ്പിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കിയാണ് 23 കാരന്‍ അവസാനിപ്പിച്ചത്. പകരമിറങ്ങിയ കൃസ്റ്റിയാനോ സ്വിസ് വലയില്‍ പന്ത് എത്തിച്ചുപക്ഷേ ഓഫ്‌സൈഡായിരുന്നു. ആറാം ഗോള്‍ നേടിയത് സബ്സ്റ്റിറ്റൂട്ട് റാഫേല്‍ ലിയോ. പിന്നെ ലോംഗ് വിസിലായിസ്വിസുകാര്‍ക്ക് നാണംകെട്ട തോല്‍വി.
ആദ്യ പ്രി ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മൊറോക്കോ അട്ടിമറിച്ചിരുന്നു. ഷൂട്ടൗട്ട് വരെ ദീര്‍ഘിച്ച അത്യാവേശ പോരാട്ടത്തില്‍ 3-0 ത്തിന് കരുത്തരായ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍ കടന്നു. നിശ്ചിത സമയ മല്‍സരവും അധിക സമയവും ഗോള്‍ രഹിത സമനിലയിലായിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ സ്‌പെയിനിന് തുടര്‍ച്ചയായി പിഴച്ചു. ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയിലും അവസരങ്ങളുടെ വേലിയേറ്റങ്ങളായിരുന്നു. പക്ഷേ ഗോള്‍ അകന്നു. പിറകെ അധികസമയം. ഗോളുകളില്ല.