ദോഹ-കമാല്‍ വരദൂര്‍
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഒരു ഗോളിന് മറിച്ചിട്ടിട്ടും തുണിഷ്യ ലോകകപ്പില്‍ നിന്നും പുറത്തായി. ഡി ഗ്രൂപ്പിലെ അവസാന അങ്കത്തില്‍ ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിനെ അട്ടിമറിച്ചതാണ് തുണിഷ്യക്ക് ആഘാതമായത്. ഫ്രാന്‍സിനൊപ്പം ഓസിസും ഗ്രൂപ്പില്‍ നിന്ന് യോഗ്യത നേടി. നേരത്തെ തന്നെ നോക്കൗട്ട് ബെര്‍ത്ത് സ്വന്തമാക്കിയതിനാല്‍ ഫ്രഞ്ച് ടീമില്‍ സമ്പൂര്‍ണ മാറ്റമാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് നടത്തിയത്. നായകന്‍ ഹ്യൂഗോ ലോറിസ്, മുന്‍നിരക്കാരായ കിലിയന്‍ എംബാപ്പേ, ഒലിവര്‍ ജിറോര്‍ഡ്, അന്റോണിയോ ഗ്രീസ്മാന്‍, ഉസ്മാന്‍ ഡെംബാലേ മധ്യനിരക്കാരായ പവാര്‍ദ്, റാബിയോട്ട് എന്നിവരെല്ലാം പുറത്തിരുന്നു. പകരം കോമാന്‍, കലോ മുവാനി,ഗുന്‍ഡോസി, ഗാസ് രി തുടങ്ങിയവര്‍ക്കെല്ലാമായിരുന്നു അവസരം.
ജയിച്ചാല്‍ മാത്രം സാധ്യതയുണ്ടായിരുന്ന തുണിഷ്യക്കാര്‍ കിക്കോഫ് മുതല്‍ ആക്രമണമായിരുന്നു. ഒരു തവണ പന്ത് വലയില്‍ കയറി. പക്ഷേ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. ആദ്യ 45 മിനുട്ടില്‍ ഏഴ് ഗോള്‍ ഷോട്ടുകള്‍ അവര്‍ പായിച്ചു. ഫ്രാന്‍സാവട്ടെ രണ്ട് ഷോട്ട് മാത്രം. രണ്ടാം പകുതിയില്‍ ആധിപത്യം തുണിഷ്യക്കാര്‍ ഗോളാക്കി മാറ്റി. 58-ാം മിനിറ്റില്‍ വഹബി ഖസ്‌റിയാണ് തുണീഷ്യക്കായി ഗോള്‍ നേടിയത്. മാത്യു ലെക്കി രണ്ടാം പകുതിയില്‍ നേടിയ ഗോളാണ് ഓസ്‌ട്രേലിയക്ക് കരുത്തായത്.