കമാല്‍ വരദൂര്‍
ഖത്തര്‍ ലോകത്തിന് നല്‍കുന്നത് നല്ല മറുപടികളാണ്. ഞായറാഴ്ചയിലെ ലോകകപ്പ് ഉദ്ഘാടന വേദി തന്നെ മികച്ച ഉദാഹരണം. ഉദ്ഘാടന വേദിയില്‍ മോര്‍ഗന്‍ ഫ്രീമാന്‍ എന്ന കലാകാരനായ യൂറോപ്യനും ഗാനിം അല്‍ മുഫ്താഹ് എന്ന ഖത്തറിയും തമ്മിലുള്ള സംഭാഷണം ശ്രവിച്ചവര്‍ക്ക് ഒരു രാജ്യത്തിന്റെ ദൃഢനിശ്ചയം കൃതൃമായി മനസിലാക്കാം. ഇതായിരുന്നു ആ രംഗം: അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ മോര്‍ഗന്‍ ഫ്രീമന്‍ സ്‌റ്റേജിലേക്ക് കടന്നു വരുന്നു. സ്‌റ്റേജിലുണ്ടായ ഗാനിം അല്‍ മുഫ്താഹ് ഹൃദ്യമായി മോര്‍ഗനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. കൈയ്യടികളുമായി ഖത്തര്‍ അമീര്‍ ഷെയിക് തമീം ബിന്‍ ഖലീഫാ അല്‍ത്താനിയും ഫിഫ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോയുമെല്ലാം.
ഫ്രീമാനും ഗാനിയും അവര്‍ പരസ്പരം നടന്നടുക്കുന്നു. ഗാനിമിന്റെ അടുത്തെത്തിയ മോര്‍ഗന്‍ ഫ്രീമാന്‍ പതിയെ നിലത്തിരുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള മോര്‍ഗന്‍ ഫ്രീമാനും എഴുന്നേറ്റ് നില്‍ക്കുന്ന ഗാനിം അല്‍ മുഫ്താഹിനും ഒരേ ഉയരമായിരുന്നു.
മോര്‍ഗന്‍ ഫ്രീമാന്‍ ചോദിച്ചു: ‘ ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നത് ‘
ഗാനിം അല്‍ മുഫ്താഹ് മറുപടിയായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ‘ ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’
ഗാനിം അല്‍ മുഫ്താഹ് തുടര്‍ന്നു: ‘ നമ്മള്‍ ഈ ഭൂമിയില്‍ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും. ‘
മോര്‍ഗന്‍ ഫ്രീമാന്‍ ചോദിച്ചു:’ അതേ.. എനിക്കത് ഇവിടെ കാണാന്‍ കഴിയുന്നുണ്ട്. ഈ നിമിഷത്തില്‍ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാള്‍ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതല്‍ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താന്‍ കഴിയുക ? ‘
ഗാനിം അല്‍ മുഫ്താഹ് പറഞ്ഞു: ‘ സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മള്‍ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാല്‍ അതെവിടെ നിര്‍മ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. ‘
മോര്‍ഗന്‍ ഫ്രീമാന്‍ : ‘ അതായത് നമ്മള്‍ ഒരു വലിയഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മള്‍ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി ‘ഗാനിം അല്‍ മുഫ്താഹ് :’ അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവന്‍ ഒന്നായി ചേരാന്‍ ആഹ്വാനം ചെയ്യാം.’
മോര്‍ഗന്‍ ഫ്രീമാന്‍ എഴുന്നേറ്റ് നിന്ന് കൈകള്‍ നീട്ടി…ഗാനിം അല്‍ മുഫ്താഹും മോര്‍ഗന് നേരെ കൈകള്‍ നീട്ടി. ഒരു നിമിഷം കണ്ണുകളടക്കുക. ആ രംഗം മനസ്സിലിട്ടാവര്‍ത്തിച്ച് കാണുക. അവരുടെ സംഭാഷണം പിന്നെയും കേള്‍ക്കുക.
എന്തൊരു സൗന്ദര്യമാണ് ആ രംഗം. എത്ര മനോഹരമായാണ് അവര്‍ രാഷ്ട്രീയം സംസാരിച്ചത്. ഖത്തര്‍ സ്വന്തം ശത്രുകള്‍ക്ക് മനോഹരമായാണ് മറുപടി നല്‍കിയത്. എന്തിന് വെറുതെ വര്‍ഗവും വര്‍ണവും പറയുന്നു. ഖുര്‍ആന്‍ സുക്തങ്ങളിലൂടെ ഖത്തര്‍ മാനവിക ഐക്യം ഉദ്‌ഘോഷിച്ചപ്പോള്‍ ഗ്യാലറിയില്‍ പലരും വിതുമ്പുകയായിരുന്നു. ഈ ലോകത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളാണെന്നും ആ വൈവിധ്യങ്ങളെ പരസ്പരം ബഹുമാനിക്കലാണ് മാനവികതയെന്നും പറഞ്ഞുവെക്കുന്ന ഒരു വേദി ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിരിക്കും. തീര്‍ച്ചയായും എന്റെ അനുഭവത്തില്‍ ആദ്യമാണ്. മീഡിയ ഗ്യാലറിയില്‍ ഞങ്ങള്‍ക്ക് ഇരിപ്പിടം മാത്രമായിരുന്നു. യൂറോപ്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഘാടകര്‍ ഇരിപ്പിടത്തിനൊപ്പം ഡെസ്‌കും നല്‍കി. ആ ഡെസ്‌കില്‍ കൈകള്‍ വെച്ച് എന്താണ് ഖുര്‍ആനിലുടെ ഖത്തര്‍ പറയുന്നത് എന്ന് മനസിലാവാതെ ഇംഗ്ലണ്ടുകാരനും ജര്‍മന്‍കാരനും സ്പാനിഷുകാരനും പരസ്പരം മുഖാമുഖം നോക്കിയപ്പോള്‍ ഖുര്‍ആന്‍ അറിയുന്നവര്‍ എഴുന്നേറ്റ് നിന്ന് കൈ അടിക്കുകയായിരുന്നു…