X

ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാല ഖത്തറില്‍; ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു

ദോഹ: ദോഹയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ ലോകകപ്പ് റഫറിമാര്‍ക്കുള്ള ശില്‍പ്പശാലയില്‍ ഉപരോധ രാജ്യങ്ങളിലെ റഫറിമാരും പങ്കെടുക്കുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പിന് തെരെഞ്ഞെടുക്കപ്പെട്ട റഫറിമാര്‍ക്കായാണ് ഫിഫ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഫിഫയുടെ റഫറീസ് കമ്മിറ്റി തലവന്‍ പിയര്‍ലൂയിജി കോളിനയാണ് മേല്‍നോട്ടം വഹിക്കുന്നത്. ഖത്തര്‍ റഫറീസ് വകുപ്പ് തലവന്‍ ഹാനി ബല്ലാനും ഫിഫയുടെ അംഗീകാരമുള്ള രാജ്യാന്തര ലെക്ചര്‍മാരും പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 48 റഫറിമാര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.
ലോകകപ്പ് റഫറിമാര്‍ക്കായുള്ള രണ്ടാമത്തെ ശില്‍പശാലയാണ് ദോഹയില്‍ നടക്കുന്നത്. ശില്‍പശാല വെള്ളിയാഴ്ച അവസാനിക്കും.

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് രാജ്യങ്ങളുടെ പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.  നേരത്തെ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിച്ച ഫിഫ ടെക്‌നിക്കല്‍ ലെക്‌ചേഴ്‌സ് ശില്‍പശാല നടന്നിരുന്നു.

ഖത്തറിലുള്ള ഫിഫയുടെ ആത്മവിശ്വാസത്തിന്റെയും രണ്ടു കൂട്ടരും തമ്മിലുളള ശക്തമായ ബന്ധത്തിന്റെയും പ്രതിഫലനമാണ് പ്രധാനപ്പെട്ട സെഷനുകള്‍ക്കായി ഖത്തറിനെ തെരഞ്ഞെടുത്തതിലൂടെ വ്യക്തമാകുന്നത്.
രണ്ടാം സെഷനില്‍ വെച്ച് റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള റഫറിമാരുടെ അന്തിമ പട്ടികയും വീഡിയോ ഓഫീഷ്യല്‍സിന്റെ വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫെബ്രുവരി 12 മുതല്‍ 16വരെ നടക്കുന്ന മൂന്നാംസെഷനില്‍ 80 വനിതാ റഫറിമാര്‍ പങ്കെടുക്കും.

ഫ്രാന്‍സില്‍ 2019ല്‍ നടക്കുന്ന ഫിഫ വനിതാലോകകപ്പ് നിയന്ത്രിക്കുന്നത് ഇവരായിരിക്കും. ഫെബ്രുവരി 19 മുതല്‍ 22വരെ നടക്കുന്ന നാലാമത്തെ സെഷനില്‍ നൂറിലധികം പ്രഭാഷകര്‍ പങ്കെടുക്കും. ഈ റഫറീകോഴ്‌സുകള്‍ക്കുള്ള സാമ്പത്തികചെലവുകള്‍ ഫിഫ ഗവേണിങ് ബോഡിയായിരിക്കും വഹിക്കുക. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ലോജിസ്റ്റിക്കല്‍ പിന്തുണ ലഭ്യമാക്കും. ഫിഫയുടെ ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് തനിച്ച് നടത്തുന്ന ഒരു രാജ്യത്ത് വളരെ കുറഞ്ഞ സമയകാലയളവില്‍ ഇത്രയധികം കോഴ്‌സുകള്‍ നടത്തുന്നതെന്ന് നജി അല്‍ജുവൈനി പറഞ്ഞു. ഫിഫ റഫറീസ് റിഫ്രഷര്‍ കോഴ്‌സോ ശില്‍പ്പശാലയോ ഖത്തറില്‍ ഇതാദ്യമായിട്ടല്ല നടക്കുന്നത്. 2014ല്‍ ബ്രസീല്‍ ലോകകപ്പിനോടനുബന്ധിച്ച് ഫിഫ പരിശീലനകോഴ്‌സിന് ഖത്തര്‍ ആതിഥ്യം വഹിച്ചിരുന്നു.

chandrika: