X

ആരായിരിക്കും ഇവരില്‍ അവര്‍?

സൂറിച്ച്: ആരായിരിക്കും ഫിഫയുടെ പോയ വര്‍ഷത്തെ ഏറ്റവും മികച്ച താരം…? മൂന്ന് പേരാണ് അന്തിമ പട്ടികയിലുള്ളത്. ആദ്യനാമം പതിവുകാരന്‍-ലിയോ മെസി എന്ന അര്‍ജന്റീനക്കാരന്‍. രണ്ടാമന്‍ 2020 ലെ ജേതാവ് പോളണ്ടുകാരന്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌കി, മൂന്നാമന്‍ ഈജിപ്ത് സുല്‍ത്താന്‍ മുഹമ്മദ് സലാഹ്. ആരാണ് ഇവരില്‍ ഒന്നാമന്‍ എന്ന കാര്യം ഈ മാസം 17ന് അറിയാം. മികച്ച വനിതാ താരത്തിനുള്ള പട്ടത്തിനായി അവസാന മൂന്ന് പേരില്‍ വന്നിരിക്കുന്നതില്‍ ഒന്നാം നാമം ബാര്‍സിലോണക്കായി കളിക്കുന്ന സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍ഡമോസോ. ചെല്‍സിയുടെ ഓസ്‌ട്രേലിയന്‍ താരം സാം കെറാണ് നമ്പര്‍ രണ്ട്. ബാര്‍സിലോണയുടെ തന്നെ മറ്റൊരു സ്പിനാഷ് താരം അലക്‌സിയ പെറ്റുലസയാണ് പട്ടികയിലെ മൂന്നാമത് താരം. മികച്ച പുരുഷ പരിശീലക പട്ടത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഒന്നാമന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗുര്‍ഡിയോളയാണ്. ഇറ്റലിക്ക് യൂറോപ്യന്‍ കിരീടം സമ്മാനിച്ച റോബര്‍ട്ടോ മാന്‍സിനിയാണ് രണ്ടാമന്‍. ചെല്‍സിയുടെ തോമസ് തുഷേലാണ് മൂന്നാമന്‍. വനിതാ പരിശീലക പട്ടികയില്‍ ബാര്‍സിലോണയുടെ അമരത്തുള്ള ലുയിസ് കോര്‍ട്ടസ്, ചെല്‍സിയുടെ എമ്മ ഹയസ്, നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിന്റെ സറീന വിഗ്മാന്‍ എന്നിവരാണുള്ളത്.

മികച്ച പുരുഷ ഗോള്‍ക്കീപ്പറുടെ പട്ടികയില്‍ ഒന്നാമന്‍ ഇറ്റലിയുടെ പി.എസ്.ജി കാവല്‍ക്കാരന്‍ ജിയാന്‍ ലുയിജി ദോനോരുമ തന്നെ. ചെല്‍സിയുടെ സെനഗലുകാരനയ ഗോള്‍ക്കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി, ജര്‍മനിയുടെ ബയേണ്‍ ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യുയര്‍ എന്നിവരാണ് ദോനോരുമയുടെ പ്രതിയോഗികള്‍. വനിതാ ഗോള്‍ക്കീപ്പര്‍മാരില്‍ അന്ന കാര്‍തിന്‍ ബെര്‍ഗര്‍ (ചെല്‍സി), കൃസ്റ്റിയന്‍ എന്‍ഡലര്‍ (പി.എസ്.ജി) സ്‌റ്റെഫാനി ലാബേ (പി.എസ്.ജി) എന്നിവരാണ് പട്ടികയില്‍. മികച്ച ഗോളിനുളള പുഷ്‌കാസ് പുരസ്‌ക്കാരത്തിനായി നോമിനേഷന്‍ നേടിയത് ഇവരാണ്: 1- എറിക് ലാമേല (ടോട്ടനം. മാര്‍ച്ച് 14ന് ആഴ്‌സനലിനെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിലെ ഗോള്‍). 2- പാട്രിക് ഷിക് (ചെക്ക് റിപ്പബ്ലിക്, യൂറോയില്‍ ജൂണ്‍ 14ന് സ്‌ക്കോട്ടലന്‍ഡിനെതിരെ നേടിയ ഗോള്‍). 3-മെഹ്ദി തെരാമി (പോര്‍ട്ടോ. ചെല്‍സിക്കെതിരെ ഏപ്രില്‍ 13ന് നടന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിലെ ഗോള്‍). ഓണ്‍ലൈന്‍ വോട്ടെടുപ്പിലുടെയാണ് ജേതാക്കളെ കണ്ടെത്തുന്നത്. ദേശീയ ടീം പരിശീലകര്‍, ക്യാപ്റ്റന്മാര്‍, തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് വോട്ടിംഗില്‍ പങ്കെടുക്കുക. ഇത് വരെ ഈ പുരസ്‌ക്കാരം ലഭിക്കാത്തയാളാണ് സലാഹ്.

Test User: