X

ആരായിരിക്കും ബെസ്റ്റ്? മെസി, ക്രിസ്റ്റ്യാനോ ആധിപത്യത്തില്‍ ഒരു പൊളിച്ചെഴുത്തുണ്ടാകുമോ? ലോക ഫുട്‌ബോളറെ ഇന്നു രാത്രി പ്രഖ്യാപിക്കും

ഫിഫയുടെ മികച്ച കളിക്കാരനെ ഇന്നറിയാം. രാത്രി 11 മുതല്‍ ഫിഫയുടെ സൂറിച്ചിലെ ആസ്ഥാനത്ത് ഓണ്‍ലൈന്‍ ചടങ്ങിലൂടെ ലോകഫുട്‌ബോളിലെ പുതിയ ചക്രവര്‍ത്തിയെ പ്രഖ്യാപിക്കും. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. കഴിഞ്ഞവര്‍ഷം ജൂലൈ 20 മുതല്‍ ഈ ഒക്‌ടോബര്‍ ഏഴുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. 11 കളിക്കാരില്‍നിന്നാണ് അന്തിമപട്ടിക തെരഞ്ഞെടുത്തത്.

ആരാധകര്‍, മാധ്യമപ്രവര്‍ത്തകര്‍, ദേശീയ ടീം പരിശീലകരും ക്യാപ്റ്റന്‍മാര്‍ എന്നിവര്‍ നല്‍കുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് മികച്ച താരങ്ങളെ തെരഞ്ഞെടുക്കുക. മികച്ച വനിതാ താരം, പരിശീലകന്‍, ഗോള്‍കീപ്പര്‍ തുടങ്ങിയ പുരസ്‌കാരങ്ങളുമുണ്ട്. കഴിഞ്ഞവര്‍ഷത്തെ ബാഴ്‌സലോണ താരം മെസിക്കായിരുന്നു ഈ പുരസ്‌കാരം ലഭിച്ചത്. ബാലന്‍ ദിയോറും മെസിക്കു തന്നെയായിരുന്നു.

ബയേണ്‍ മ്യൂണിച് മുന്നേറ്റ താരം ലെവന്‍ഡോവ്‌സ്‌കിക്കാണ് സാധ്യത ഏറ്റവും കൂടുതലായി കരുതപ്പെടുന്നത്. പോയ സീസണില്‍ ബയേണിനെ ചാമ്പ്യന്മാരാക്കുന്നതില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ പങ്ക് നിര്‍ണായകമായിരുന്നു. 55 ഗോളുകള്‍ അടിച്ചു കൂട്ടി അദ്ദേഹം. ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ ലീഗ് ഉള്‍പെടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കി. ഈ വര്‍ഷത്തെ ബാലന്‍ ദ്യോര്‍ ലഭിക്കുമെന്ന് ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ആളായിരുന്നു. പക്ഷേ, കോവിഡിനെ തുടര്‍ന്ന് ഇത്തവണ പുരസ്‌കാരം വേണ്ട എന്നു വച്ചത് തിരിച്ചടിയായി.

ബാഴ്‌സക്കായി സ്പാനിഷ് ലീഗില്‍ 25 ഗോളും 21 അവസരങ്ങളും ഒരുക്കിയ മെസിയും സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്നു. എന്നാല്‍ കിരീടങ്ങള്‍ ഒന്നും നേടാനായില്ല. രണ്ടുവട്ടം ഫിഫയുടെ നേട്ടം സ്വന്തമാക്കിയ റൊണാള്‍ഡോയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിയത്. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായകമായി മുപ്പത്തഞ്ചുകാരന്റെ മികവ്. ആകെ 31 ഗോളുകള്‍ അടിച്ചുകൂട്ടി. പോര്‍ച്ചുഗലിനായും മിന്നി.

മാഞ്ചസ്റ്റര്‍ സിറ്റി പ്രതിരോധക്കാരി ലൂസി ബ്രോണ്‍സ്, ചെല്‍സി മുന്നേറ്റക്കാരി പെര്‍ണിലെ ഹാര്‍ഡെര്‍, ല്യോണ്‍ പ്രതിരോധക്കാരി വെന്‍ഡി റെനാര്‍ഡ് എന്നിവരാണ് വനിതകളുടെ അന്തിമപട്ടികയില്‍. അമേരിക്കയുടെ മേഗന്‍ റാപിനൊയാണ് നിലവിലെ ജേതാവ്. ഹാന്‍സി ഫ്‌ലിക് (ബയേണ്‍ മ്യൂണിക്ക്), യുര്‍ഗന്‍ ക്ലോപ് (ലിവര്‍പൂള്‍), മാഴ്‌സെലൊ ബിയേല്‍സ (ലീഡ്‌സ് യുണൈറ്റഡ്) എന്നിവര്‍ പരിശീലകനാകാനും മത്സരിക്കുന്നു.

 

web desk 1: