X

നികുതി ഭാരമെന്ന തീക്കളി-എഡിറ്റോറിയല്‍

ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് രണ്ടര ലക്ഷത്തിലധികം വരുന്ന ആ രാജ്യത്തെ പൗരന്മാര്‍ ഇരച്ചുകയറി വസതിയാകെ കൈയ്യടക്കിയത്. ഒരു വര്‍ഷത്തിലധികമായി ഭരണകൂടം വരുത്തിവെച്ച കടുത്ത സാമ്പത്തിക ഭാരമായിരുന്നു അത്തരമൊരു കടുംകൈക്ക് ജനതയെ പ്രേരിപ്പിച്ചത്. അതൊരു പാഠമാണെന്ന് ധരിച്ചിരിക്കുന്നവരാണ് ലോകത്തെ ഒട്ടുമിക്ക ഭരണാധികാരികളും. എന്നാല്‍ ഇന്ത്യയുടെ ഇന്നത്തെ ഭരണകൂടങ്ങളില്‍ മിക്കതും ഇതിന് അനുഗുണമായല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നതിന് നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ സര്‍ക്കാര്‍ നടപടികളും വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും മാസത്തിനകം ജനതയുടെമേല്‍ ഒരുകാലത്തുമില്ലാത്ത രീതിയിലുള്ള നികുതി-സാമ്പത്തിക ഭാരങ്ങളാണ് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ കയറ്റിവെച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് മൂലം കോടിക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെടുകയും വരുമാനം നിലച്ച് സാമ്പത്തിക മേഖലയാകെ പിന്നാക്കം പതിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അതേ സാഹചര്യത്തില്‍ തന്നെയാണ് പല നികുതികളുടെയും പേരില്‍ സര്‍ക്കാരുകള്‍ ജനത്തെ പിഴിയുന്നത്. അതിലൊരു ഭാഗമാണ് കഴിഞ്ഞദിവസം കേന്ദ്ര ജി.എസ്.ടി കൗണ്‍സില്‍ പ്രഖ്യാപിച്ച നിത്യോപയോഗവസ്തുക്കളിന്മേലുള്ള നികുതികള്‍. ഇതുകാരണം എത്രയെത്ര കുടുംബങ്ങളാണ് വീണ്ടും പട്ടിണിയിലേക്കും പരാധീനതകളിലേക്കും പോകുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇന്നലെ മുതല്‍ രാജ്യത്ത് അരിക്കും ഗോതമ്പിനും പയറുവര്‍ഗങ്ങള്‍ക്കും മേല്‍ കൂടി അഞ്ചു ശതമാനം നികുതി ചുമത്തിയിരിക്കുകയാണ്. 2017ല്‍ ചരക്കു സേവനികുതി പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം മറിച്ചായിരുന്നു. തന്റെ സര്‍ക്കാര്‍ ചരക്കുസേവനനികുതി ആരംഭിച്ചതോടെ സാധാരണക്കാര്‍ക്ക് ആശ്വാസമായി അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ നികുതി മേലില്‍ ഇല്ലാതാകുമെന്നായിരുന്നു അത്. അതിന് കടകവിരുദ്ധമായാണ് ഇപ്പോഴത്തെ നികുതി ചുമത്തലും അതോടനുബന്ധിച്ച വിലക്കയറ്റവും. അഞ്ചു ശതമാനമെന്നാല്‍ 100 രൂപയുടെ അരി-പയര്‍ വാങ്ങുന്നയാള്‍ക്ക് അഞ്ചു രൂപ കൂടുതല്‍ നല്‍കണം. ഈ മാസം 13ന് ചേര്‍ന്ന ജി. എസ്.ടി കൗണ്‍സില്‍ യോഗമാണ് നിയമഭേദഗതി വരുത്തി നികുതി ചുമത്തിയത്. ചരക്കുസേവനനികുതി എന്ന ഏകോന്മുഖ നികുതി വ്യവസ്ത രാജ്യത്താകെ നടപ്പാക്കുമ്പോള്‍ മുമ്പ് സാധാരണക്കാരും പാവപ്പെട്ടവരും നല്‍കിയിരുന്ന ധാന്യങ്ങളിന്മേലുള്ള നികുതി ഒഴിവാകുമെന്നായിരുന്നു പ്രഖ്യാപനം. ഇതാണ് ഒറ്റയാഴ്ചകൊണ്ട് ഇല്ലാതായിരിക്കുന്നത്. അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, മാംസം, മോര്, സംഭാരം, പപ്പടം, തേന്‍, ശര്‍ക്കര തുടങ്ങിയവക്കാണ് നികുതിയും തന്മൂലം വിലയും വര്‍ധിച്ചിരിക്കുന്നത്. ഇതനുസരിച്ച് കേരളത്തില്‍ മില്‍മയും വില വര്‍ധിപ്പിച്ചിരിക്കുന്നു. അര ലിറ്റര്‍ പായ്ക്കറ്റ് പാലിന് മൂന്നു രൂപയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ഇത് മറ്റു ബ്രാന്‍ഡഡ് , ബ്രാന്‍ഡഡ് അല്ലാത്ത പാല്‍, പാലുത്പന്നങ്ങള്‍ക്കും ബാധകമാക്കിക്കഴിഞ്ഞു. അതേസമയം പ്രതിഷേധം കനത്തതോടെ 17ന് രാത്രി വൈകി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ചില്ലറ ഭേദഗതി വരുത്തിയിട്ടുണ്ട്. 25 കിലോയ്ക്ക് മുകളിലുള്ള പായ്ക്കറ്റിലെ വസ്തുക്കള്‍ക്ക് നികുതി ബാധകമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതുപക്ഷേ ചെറിയ വിഭാഗം കുടുംബങ്ങള്‍ക്കേ ആശ്വാസമാകൂ. രാജ്യത്ത് അധികംപേരും ഇത്തരത്തില്‍ കുറഞ്ഞ അളവിലാണ് അരിയും ഗോതമ്പും മറ്റും വാങ്ങി സൂക്ഷിക്കുന്നത്.

ഇതിനകംതന്നെ പെട്രോളിനും ഡീസലിനും വരുത്തിയ നികുതി വര്‍ധന കാരണം വലിയ തോതിലുള്ള വിലക്കയറ്റമാണ് ജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാചകവാതകത്തിന്റെ വിലയിലുമുണ്ടായ വര്‍ധനവും ഹോട്ടലുകളിലെ ഭക്ഷണത്തിനും ചായക്കും കടിക്കുംപോലും വിലക്കയറ്റത്തിനിടയാക്കി. സമ്പദ്‌വ്യവസ്ഥ മൊത്തത്തില്‍ താളംതെറ്റിയതാണ് ഇതുമൂലം സംഭവിച്ചിരിക്കുന്നത്. വ്യാപാരവ്യവസായ മേഖലയില്‍ ഇതിന്റെ പ്രത്യാഘാതം രൂക്ഷമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് 21 ശതമാനം ഇടിഞ്ഞ മൊത്ത ആഭ്യന്തര ഉത്പാദനം പതുക്കെ പിച്ചവെച്ച് വരുമ്പോഴാണ് മേല്‍ക്കുമേല്‍ നികുതി ചുമത്തിക്കൊണ്ടുള്ള സര്‍ക്കാരുകളുടെ തീക്കളി. കേരളത്തില്‍ അടുത്തിടെയാണ് സകല സര്‍ക്കാര്‍ സേവനങ്ങളുടെയും നിരക്കുകള്‍ വര്‍ധിപ്പിച്ചത്. ബസ്ചാര്‍ജ് വര്‍ധനവില്‍ ആരംഭിച്ച ഭാരം പിന്നീട് വിദ്യുച്ഛക്തി, കുടിവെള്ളം, ഫീസുകള്‍ തുടങ്ങിയവയിലേക്കെത്തി നില്‍ക്കുകയാണ്. റഷ്യ-യുക്രെയിന്‍ യുദ്ധം കാരണമാണ് എണ്ണ വില വര്‍ധിക്കുന്നതെന്നാണ് പറഞ്ഞതെങ്കില്‍ രൂപയുടെ വിലയിടിവും പണപ്പെരുപ്പവും പെരുകുന്ന വിദേശ നാണ്യ കമ്മിയും ശ്രീലങ്കയിലെ അവസ്ഥയെയാണ് ഇന്ത്യയെയും ഓര്‍മിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 4.1ലേക്ക് ജി.ഡി.പികുറഞ്ഞതായാണ് കണക്ക്. വര്‍ഷാന്ത്യത്തില്‍ 7.2 ആകും ജി.ഡി.പി വളര്‍ച്ചയെന്നത് 6 ലേക്ക് കൂപ്പുകുത്തുമെന്നാണ് റിസര്‍വ് ബാങ്കിന്റെയും അന്താരാഷ്ട്ര സംഘടനയായ മോര്‍ഗന്‍സ്റ്റാന്‍ലിയുടെയും വിലയിരുത്തല്‍. വര്‍ഗീയതയും പരസ്പര വെറുപ്പുംകൊണ്ട് എത്ര കാലത്തേക്ക് ജനങ്ങളെ അവരുടെ ജീവല്‍പ്രയാസങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാമെന്ന് കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

Chandrika Web: