X

ഫിദല്‍ കാസ്‌ട്രോ: ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കുവേണ്ടി

ഹവാന: ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി ക്യൂബയെ മോചിപ്പിച്ച വിപ്ലവകാരിയായിരുന്നു ഫിദല്‍ അലക്‌സാണ്ഡ്‌റോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. ഹവാന സര്‍വകലാശാലയിലെ നിയമപഠനത്തിനിടെയാണ് കാസ്‌ട്രോ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ക്യൂബന്‍ മണ്ണില്‍ ഗറില്ല പോരാട്ടത്തിന് തുടക്കം കുറിച്ച കാസ്‌ട്രോയുടെ ആദ്യ ഭരണവിരുദ്ധ നീക്കം പരാജയമായിരുന്നു. മൊന്‍കാട ബാരക്‌സ് ആക്രമണത്തിന്റെ പേരില്‍ കാസ്‌ട്രോ ജയിലിലടക്കപ്പെട്ടു. മോചനത്തിനു ശേഷം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്കൊപ്പം മെക്‌സിക്കോയിലേക്ക് പലായനം ചെയ്ത അദ്ദേഹം ചെഗുവേരയെ പരിചയപ്പെട്ടതോടെയാണ് ക്യൂബന്‍ വിപ്ലവത്തിന് പുതിയ ദിശാബോധം ലഭിച്ചത്. ക്യൂബയുടെ വളര്‍ച്ച എതിര്‍ത്ത അമേരിക്ക കാസ്‌ട്രോയെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമായിരുന്നു. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ നടത്തിയെങ്കിലും ഫിദലിന്റെ സമയോചിത നീക്കങ്ങള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. സാമ്രാജ്യത്വശക്തിയായ അമേരിക്കയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ പിന്തുണയില്‍ മിസൈല്‍ താവളങ്ങള്‍ പണിതു. യുദ്ധ സമാന സാഹചര്യം ഉടലെടുത്ത ഈ കാലഘട്ടത്തെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെന്നാണ് അറിയിപ്പെട്ടിരുന്നത്.

ആത്മാഭിമാനം ചോരാതെ ക്യൂബ നിലനില്‍ക്കുന്നുവെങ്കില്‍ അതിനു പിന്നിലെ ശക്തി സ്രോതസ്സ് ഫിദല്‍ കാസ്‌ട്രോയല്ലാതെ മറ്റാരുമല്ല. ഭരണതലത്തില്‍ തുടങ്ങി താഴെത്തട്ടില്‍ വരെ നീണ്ടു കിടക്കുന്ന ആരാധകലക്ഷങ്ങള്‍ കാസ്‌ട്രോയെ നെഞ്ചിലേറ്റുന്നതും ഇതേ കാരണത്തില്‍ തന്നെ. പണമോ ഭൗതിക സമ്പത്തോ കാസ്‌ട്രോയെ പ്രചോദിപ്പിച്ചിരുന്നില്ല. വിമര്‍ശകരുടെ കാഴ്ചപ്പാടില്‍ ഫിദല്‍ മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നെങ്കിലും ക്യൂബ അദ്ദേഹത്തിന്റെ തത്വങ്ങളെ സ്വീകരിച്ചിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി 1979ല്‍ കാസ്‌ട്രോയെ തെരഞ്ഞെടുത്തത് ഇതിന് തെളിവേകുന്നു. രോഗം ശാരീരികമായി കാസ്‌ട്രോയെ തളര്‍ത്താന്‍ ആരംഭിച്ചതോടെ 2006ല്‍ ക്യൂബയുടെ ഭരണവളയം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി.

chandrika: