X

ഫിദലിന് ക്യൂബ വിട നല്‍കി; വിപ്ലവമണ്ണില്‍ അന്ത്യനിദ്ര

ഹവാന: അഞ്ചുപതിറ്റാണ്ടിലധികം വിപ്ലവാവേശം ചോരാതെ രാജ്യത്തെ നയിച്ച പ്രിയനേതാവിന് ക്യൂബ വിടനില്‍കി. സാന്റിയാഗോ നഗരത്തിലെ സാന്റ ഇഫിജെനിയ സെമിത്തേരിയില്‍ ക്യൂബന്‍ സ്വാതന്ത്ര്യ നായകന്‍ ജോസെ മാര്‍ട്ടിയുടെ ശവകുടീരത്തിനു ചാരെയാണ് ഫിദലിന്റെ ചിതാഭസ്മം അടക്കം ചെയ്തിരിക്കുന്നത്. ക്യൂബന്‍ വിപ്ലവത്തിന് വിത്തിട്ട മണ്ണില്‍ തന്നെ അദ്ദേഹം അന്ത്യവിശ്രമം തുടങ്ങുകയായി.

ക്യൂബയുടെ ചരിത്രം മാറ്റമറിച്ച 1959ലെ വിപ്ലവപോരാട്ടതിന് ഫിദല്‍ തുടക്കമിട്ടത് സാന്റിയാഗോയിലായിരുന്നു. ബാറ്റിസ്റ്റയുടെ സ്വേച്ഛാധിപത്യ ഭരണത്തിന് അന്ത്യംകുറിച്ച് ഫിദലും സംഘവും മാര്‍ച്ചുചെയ്ത വഴിയിലൂടെയാണ് അദ്ദേഹം ചരിത്രനഗരത്തിന്റെ മടിത്തട്ടില്‍ അന്ത്യനിദ്രക്കായി തിരിച്ചെത്തിയത്.

തലസ്ഥാനമായ ഹവാനയില്‍നിന്ന് നാലുദിവസത്തെ വിലാപയാത്രക്കൊടുവിലാണ് വിപ്ലവ പോരാളിയുടെ ചിതാഭസ്മം സാന്റിയാഗോയില്‍ എത്തിയത്. പ്രിയപ്പെട്ട നേതാവിന് വിടനില്‍കാന്‍ രാജ്യത്തിന്റെ മുക്കുമൂലകളില്‍നിന്ന് ലക്ഷണക്കിന് ആളുകള്‍ നഗരത്തില്‍ എത്തിയിരുന്നു. വിപ്ലവപ്രയാണത്തില്‍ ഫിദലിനോടൊപ്പമുണ്ടായിരുന്ന സഹോദരനും പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ വിടവാങ്ങല്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി. ഒട്ടേറെ ലോകനേതാക്കള്‍ അതിന് സാക്ഷികളായി.
ഫിദലിന്റെ വിപ്ലവ ലക്ഷ്യങ്ങളും സോഷ്യലിസ്റ്റ് തത്വങ്ങളും മുറുകെ പിടിക്കുമെന്ന് റൗള്‍ പ്രഖ്യാപിച്ചു. വെനസ്വേല, നിക്കരാഗ്വെ, ബൊളീവിയ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഫിദലിന് അന്ത്യവിശ്രമം ഒരുക്കുന്നത് എവിടെയാണെന്ന് അദ്ദേഹത്തിന്റെ മരണംവരെയും ക്യൂബ വെളിപ്പെടുത്തിയിരുന്നില്ല. ഒരുവര്‍ഷം മുമ്പ് തന്നെ സാന്റ ഇഫിജെനിയ സെമിത്തേരിയില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നു.

സെമിത്തേരിയില്‍ കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ നിറച്ച ട്രക്കുകള്‍ എത്തിയിരുന്നത് ഫിദലിന് വേണ്ടിയാണെന്ന് സാന്റിയാഗോ നിവാസികള്‍ അറിഞ്ഞിതും അദ്ദേഹത്തിന്റെ വിയോഗ ശേഷം.
ജോസ് മാര്‍ട്ടിയുടെ ശവകൂടീരത്തിന് സമീപം തന്നെയാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. പതിനായിരക്കണക്കിന് ക്യൂബക്കാരും വിദേശികളുമാണ് ഓരോ വര്‍ഷവും മാര്‍ട്ടിയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഫിദല്‍ കൂടി അവിടെ എത്തുന്നതോടെ ഇനിമുതല്‍ ഇവിടേക്ക് സന്ദര്‍ശകരുടെ പ്രവാഹമായിരിക്കും.

chandrika: