ഹവാന: ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ സംസ്‌കാരം ഇന്ന് സാന്റിയാഗോ ഡി ക്യൂബയില്‍ നടക്കും. സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ചിതാഭസ്മവും വഹിച്ചുള്ള നഗരപ്രദക്ഷിണത്തോടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സമാപനമാകും. കാസ്‌ട്രോയുടെ ഭൗതികാവശിഷ്ട പേടകം സാന്റാക്ലാരയിലെ ചെഗുവേര മ്യൂസിയത്തില്‍ സൂക്ഷിക്കും. ക്യൂബയിലെ വിപ്ലവ നായികനായിരുന്ന ഹൊസെ മാര്‍ട്ടിയുടെ ശവകുടീരത്തിനരികെയാണ് കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്യുക. ഹവാനയില്‍ നിന്ന് നാലു ദിവസത്തെ വിലാപയാത്രയോടെയാണ് കാസ്‌ട്രോയുടെ ഭൗതികാവശിഷ്ടം സാന്റിയാഗോയില്‍ എത്തിച്ചത്.
അതിനിടെ, റോഡുകള്‍ക്കും സ്മാരകങ്ങള്‍ക്കും കാസ്‌ട്രോയുടെ പേര് നല്‍കുന്നത് നിരോധിച്ചേക്കുമെന്ന് സൂചന. വ്യക്തിപൂജ ഒഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നീക്കം. ഫിദല്‍ കാസ്‌ട്രോക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി സാന്റിയാഗോയില്‍ ഒത്തുചേര്‍ന്ന അഭിസംബോധന ചെയ്യവെ റൗള്‍ കാസ്‌ട്രോ ഇക്കാര്യം സൂചിപ്പിച്ചു. ഫിദലിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ക്യൂബന്‍ ദേശീയ അസംബ്ലിയുടെ അടുത്ത സമ്മേളനത്തില്‍ ഇതുസംബന്ധിച്ച് പുതിയ നിയമം രൂപീകരിക്കുമെന്നും റൗള്‍ അറിയിച്ചു.