X
    Categories: MoreViews

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ ഓര്‍മയായി

ഹവാന: ഇരുപതാം നൂറ്റാണ്ടിലെ ഐതിഹാസിക വിപ്ലവ നായകനും കമ്യൂണിസ്റ്റ് ആചാര്യനുമായ ഫിദല്‍ കാസ്‌ട്രോ (90) ഇനി ഓര്‍മയിലെ രക്തനക്ഷത്രം.

പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണസാരഥ്യം വഹിച്ച നേതാവിന്റെ മരണ വാര്‍ത്ത, ഇന്നലെ രാവിലെ ക്യൂബന്‍ ടെലിവിഷനിലൂടെ പ്രസിഡണ്ട് റൗള്‍ കാസ്ട്രായാണ് പുറത്തുവിട്ടത്. അനാരോഗ്യം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. എട്ടു വര്‍ഷം മുമ്പാണ് പ്രസിഡണ്ട് പദം ഔദ്യോഗികമായി സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് ഒഴിഞ്ഞു കൊടുത്തത്. ഡിസംബര്‍ നാലിനാണ് സംസ്‌കാരം. ലോക നേതാക്കള്‍ അന്ത്യത്തില്‍ അനുശോചിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് പ്രിയനേതാവിന്റെ വിയോഗവാര്‍ത്ത ക്യൂബ പുറത്തുവിട്ടത്. രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

സാമ്രാജ്യത്വത്തിന്റെ ഹുങ്കിനെ നെഞ്ചൂക്കോടെ നിരന്തരം വെല്ലുവിളിച്ച തന്റേടമാണ് കാസ്‌ട്രോക്ക് ലോകത്തുടനീളം ലക്ഷക്കണക്കിന് ആരാധകരെയുണ്ടാക്കിയത്. വിപ്ലവത്തിന്റെ ചെങ്കനലുകള്‍ ഉള്ളില്‍ സൂക്ഷിച്ച ആ പോരാളി ക്യൂബയിലെ അര നൂറ്റാണ്ട് നീണ്ട തന്റെ ഭരണകാലയളവില്‍ 11 അമേരിക്കന്‍ പ്രസിഡണ്ടുമാരുടെയാണ് ഉറക്കംകളഞ്ഞത്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ 638 വധശ്രമങ്ങളെയാണ് അദ്ദേഹം അതിജീവിച്ചത്.

1926 ഓഗസ്റ്റ് 13ന് ക്യൂബയിലെ കിഴക്കന്‍ നഗരമായ ബിറാന്‍ എന്ന ചെറുഗ്രാമത്തിലായിരുന്നു കാസ്‌ട്രോയുടെ ജനനം. സമ്പന്ന കരിമ്പു കൃഷിക്കാരനായിരുന്നു അച്ഛന്‍. ഗ്രാമത്തിലെ സ്‌കൂളില്‍ നിന്ന് റോമന്‍ കത്തോലിക്കന്‍ വിദ്യാഭ്യാസം നേടി. യൂണിവേഴ്‌സിറ്റി ഓഫ് ഹവാനയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. നിയമപഠന വേളയില്‍ സാമ്രാജ്യത്വ വിരുദ്ധ-ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ലാറ്റിനമേരിക്ക വിപ്ലവച്ചൂടില്‍ തിളച്ചുമറിയുകയായിരുന്നു അക്കാലത്ത്. 1953ല്‍ കൊംബിയന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗറില്ലാ പോരാട്ടത്തില്‍ പങ്കാളിയായി. ഇതു പരാജയപ്പെടുകയും ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് സഹോദരന്‍ റൗള്‍ ക്യാസ്‌ട്രോ, ചെ ഗുവേര തുടങ്ങിയവരുമായി ചേര്‍ന്ന് മെക്‌സികോയിലെത്തി വിപ്ലവ സംഘത്തിന് നേതൃത്വം നല്‍കി.

പിന്നീടായിരുന്നു, അമേരിക്കന്‍ പാവഭരണാധികാരിയായി അറിയപ്പെട്ട ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയെ മറിച്ചിടുകയും ക്യൂബയുടെ തലവര മാറ്റിമറിക്കുകയും ചെയ്ത ഗറില്ലാ പോരാട്ടം; 1959ല്‍. വിപ്ലവത്തിനു പിന്നാലെ, 1959 ഫെബ്രുവരി 16 മുതല്‍ ക്യൂബയുടെ ഭരണച്ചെങ്കോല്‍ ഏറ്റെടുത്ത കാസ്‌ട്രോ 2008 ഫെബ്രുവരി 24 വരെ രാഷ്ട്രത്തെ നയിച്ചു. വിവിധ കാലയളവുകളില്‍ രാഷ്ട്രത്തിന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു.

അധികാരമേറ്റെടുത്ത ശേഷം അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കൊണ്ടാണ് ക്യൂബന്‍ ജനതയെ അദ്ദേഹം ചൂടുപിടിപ്പിച്ചത്. സോവിയറ്റ് യൂണിയനുമായി 1960ല്‍ വ്യാപാര ഉടമ്പടി ഉണ്ടാക്കിയത് അമേരിക്കയെ ചൊടിപ്പിച്ചു. 1961 ജനുവരിയില്‍ യു.എസ് ക്യൂബയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. അക്കാലത്ത് ക്യൂബന്‍ പ്രവാസികളെ വെച്ച് കാസ്‌ട്രോയെ അധികാര ഭ്രഷ്ടനാക്കാനുള്ള യു.എസ് ശ്രമം പരാജയപ്പെട്ടു. അമേരിക്കന്‍ നഗരങ്ങളെ ലക്ഷ്യം വെച്ച് റഷ്യ ക്യൂബയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിച്ചതും ബന്ധം വഷളാക്കി. ഇക്കാലമായപ്പോഴേക്കും ക്യൂബന്‍ ജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിയിരുന്നു കാസ്‌ട്രോ. അതേസമയം, സമ്പന്ന-മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ പ്രതിഷേധവും കനത്തു. എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാക്കിയതാണ് അദ്ദേഹത്തിന്റെ നേട്ടം.

എഴുപതുകളിലും എണ്‍പതുകളിലും സോവിയറ്റ് നയങ്ങളോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിക്കഴിഞ്ഞിരുന്ന രാഷ്ട്രം, സോവിയറ്റ് യൂണിയന്റെ പതനത്തോടെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വീണു. 1993ല്‍ മകള്‍ അലിന ഫെര്‍ണാണ്ടസ് റെവുല്‍റ്റ, കാസ്‌ട്രോയുടെ നയങ്ങള്‍ക്കെതിരെ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ യു.എസില്‍ അഭയം തേടിയതും അച്ഛന്റെ നയങ്ങളെ തള്ളിപ്പറഞ്ഞതും ചര്‍ച്ചയായി. ആ വര്‍ഷം, 35 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കാസ്ട്ര വിരുദ്ധതയ്ക്കും ക്യൂബ സാക്ഷിയായി. മുപ്പതിനായിരത്തോളം പേരാണ് ക്യൂബയില്‍ നിന്ന് അഭയാര്‍ത്ഥികളായി യു.എസിലേക്ക് പോയത്.

2003ല്‍ ഇനി അഞ്ചു വര്‍ഷം കൂടി മാത്രമേ അധികാരത്തിലുണ്ടാകൂ എന്ന് കാസ്‌ട്രോ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ക്യൂബയുടെ താല്‍ക്കാലിക നിയന്ത്രണം സഹോദരന്‍ റൗളിന് കൈമാറി. കുടല്‍ സംബന്ധ മായ ശസ്ത്രക്രിയക്കു വിധേയമായതിനു ശേഷം, 2008ല്‍ അധികാരം പൂര്‍ണമായി റൗളിന് കൈമാറുകയും ചെയ്തു. റൗള്‍ അധികാരത്തിലെത്തിയ ശേഷം യു.എസുമായുള്ള ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഫിദലിന്റെ മരണം.

chandrika: