ന്യൂഡല്‍ഹി: ഇന്ത്യയില്‍ വനിതാ ചേലാകര്‍മം (കൃസരി ഛേദം) നടത്തുന്ന മതവിഭാഗം നരേന്ദ്ര മോദിയുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ദാവൂദി ബൊഹ്‌റകള്‍ എന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വനിതാ ചേലാകര്‍മ വിരുദ്ധ ദിനത്തില്‍ പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ്, ബൊഹ്‌റ സ്ത്രീകളില്‍ 75 ശതമാനം പേരും കൃസരി ഛേദത്തിന് വിധേയരായി എന്ന വിവരമുള്ളത്. ഷിയാക്കളിലെ ഇസ്മാഈലി ധാരയിലെ ഒരു വിഭാഗമായ ബൊഹ്‌റകളെയാണ് മോദി തന്റെ ‘മുസ്‌ലിം സ്വീകാര്യത’ സ്ഥാപിക്കാറുള്ളത്.
വനിതാ ചേലകര്‍മത്തിനെതിരായ ചര്‍ച്ചകളിലും ലേഖനങ്ങളിലുമെല്ലാം ഇസ്ലാമിനെയും മുസ്ലിംകളെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത നിലവിലുണ്ട്. ആഫ്രിക്കയിലെ ചില പരമ്പരാഗത ഗോത്രങ്ങളിലും ബൊഹ്‌റകളെ പോലെ ന്യൂനാല്‍ ന്യൂനപക്ഷമായ വിഭാഗങ്ങളിലുമുള്ള അനാചാരത്തെ മുസ്ലിംകളുടെ മൊത്തം ശീലമായാണ് കേരളത്തിലെ ഇടതു ലിബറലുകള്‍ മുതല്‍ സംഘ് പരിവാറുകള്‍ വരെയുള്ളവര്‍ വിലയിരുത്താറുള്ളത്. ഇതു സംബന്ധിച്ച് നിരവധി ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കേരളത്തില്‍ കൃസരീഛേദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ ഒച്ചപ്പാടുണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും നിയമ നടപടിയുമായി മുന്നോട്ടു പോകാനും പൊലീസോ സര്‍ക്കാറോ താല്‍പര്യം കാണിച്ചിരുന്നില്ല.
അന്താരാഷ്ട്ര വനിതാ ചേലാകര്‍മ വിരുദ്ധ ദിനത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ എസ്.എഫ്.ഐ നടത്തിയ ‘ചേലാകര്‍മ വിരുദ്ധ’ പരിപാടിയും ഒപ്പു ശേഖരണവും വിവാദമായിരുന്നു. മുസ്ലിം ആണ്‍കുട്ടികള്‍ ചേലാകര്‍മത്തിന് വിധേയരാകുന്നത് സാധാരണമാണെന്നിരിക്കെയാണ് എസ്.എഫ്.ഐ ചേലാകര്‍മ വിരുദ്ധത ആഘോഷി ച്ചത്. വിവാദമായതോടെ വനിതകളിലെ ചേലാകര്‍മമാണ് ഉദ്ദേശിച്ചത് എന്ന് ന്യായീകരിച്ച് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന തടിയൂരി.
സ്ത്രീകളെ പാപത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള വഴി എന്ന നിലയ്ക്കാണ് ബൊഹ്‌റകള്‍ ചേലാകര്‍മത്തിന് വിധേയരാക്കുന്നത് എന്നാണ് സൂചന. ഇത് അവരുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി തെളിവുകളുണ്ട്. മതകാര്യമായിട്ടാണ് ബൊഹ്‌റകള്‍ കൃസരീ ഛേദത്തെ കാണുന്നതെന്നും ഇക്കാര്യത്തില്‍ ആ സമുദായത്തിനകത്ത് നിര്‍ബന്ധ ബുദ്ധിയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.