തിരുവനന്തപുരം: നിരുത്തരവാദപരമായി മാലിന്യം നീക്കം ചെയ്യുന്നതും നിക്ഷേപിക്കുന്നതും തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും. നിയമവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളില്‍ ഇനി മുതല്‍ പൊലീസ് പ്രതിനിധിയുമുണ്ടായിരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്‍.എസ്.ജി.ഐകളുടെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താം. സംസ്ഥാന പൊലീസ് മേധാവിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ഉത്തരവ് പ്രകാരം സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും പൊലീസിന്റെ സഹായത്തോടെ സാധിക്കുമെന്നും ഉത്തരവില്‍ പറയുന്നു.