X

കേരളത്തിലെ സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും കുറവ് മുസ്‌ലിംകള്‍

കേരളത്തിലെ സർക്കാർ ജോലികളിൽ ഏറ്റവും കുറവ് മുസ്‌ലിം വിഭാഗങ്ങളെന്ന് കണക്കുകൾ. നിയമസഭാ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സർക്കാർ തന്നെ പുറത്തുവിട്ട രേഖകളിലാണ് ഈ വിവരം. സംവരണം ഉണ്ടായിട്ടും മുസ്‌ലിംകൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ ബാക് വേർഡ് ക്ലാസസിന്റെ (കെ.എസ്.സി.ബി.സി) റിപ്പോർട്ടിലാണ് മുസ്‌ലിം, ലത്തീൻ ക്രിസ്ത്യൻ, പട്ടിക ജാതി, പട്ടിക വർഗം അടക്കമുള്ളവരുടെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്നത്.

2024 ജൂൺ 19 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് 5,45,423 സ്ഥിരം സർക്കാർ ജീവനക്കാരാണുള്ളത്. ഇവരുടെ മതം-ജാതി തിരിച്ചുള്ള ജീവനക്കാരുടെ എണ്ണം പുറത്തുവിട്ടതോടെയാണ് സർക്കാർ ജോലിയിൽ നിലനിൽക്കുന്ന അസന്തുലിതാവസ്ഥ വ്യക്തമായത്.

മുന്നാക്ക ഹിന്ദു വിഭാഗങ്ങളിൽ നിന്നാണ് സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത്. നായർ, മേനോൻ, കുറുപ്പ് അടക്കമുള്ള മുന്നോക്ക ഹിന്ദുവിഭാഗത്തിൽ നിന്ന് 1,08,012 പേരും. ബ്രാഹ്മിൺ വിഭാഗത്തിൽ 7112 പേരുമാണുള്ളത്. അതായത് ആകെ സർക്കാർ ജീവനക്കാരുടെ എണ്ണത്തിന്റെ 21.01 ശതമാനം. മുന്നാക്ക ഹിന്ദുവിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വിഹിതത്തേക്കാൾ 36.86 ശതമാനം കൂടുതൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്.

ലത്തീൻ വിഭാഗത്തിൽ നിന്ന് 22,542 പേരാണ് ജോലി ചെയ്യുന്നത്. 4.13 ശതമാനം മാത്രമാണ് അവരുടെ പ്രാതിനിധ്യം. സർക്കാർ ജോലിയിൽ ഏറ്റവും വലിയ കുറവ് നേരിടുന്ന വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിം വിഭാഗത്തിൽ നിന്ന് ആകെയുള്ളത് 73,774 പേർ മാത്രം. 13.52 ശതമാനം. കേരളത്തിലെ ജനസംഖ്യയിൽ 26.9 ശതമാനം മുസ്‌ലിം ജനവിഭാഗമാണ്.

ആനുപാതിക പ്രാതിനിധ്യ പ്രകാരം മുസ്‌ലിം സമുദായത്തിന് 102 ശതമാനത്തിന്റെ കുറവാണുള്ളത്. ജനസംഖ്യക്ക് അനുസൃതമായി സർക്കാർ സർവീസ് പ്രാതിനിധ്യം ലഭിച്ചിട്ടുള്ള ഏക വിഭാഗം ഈഴവരാണ്. കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സർക്കാർ ജോലിയിൽ നിലനിൽക്കുന്ന കടുത്ത അസമത്വം വെളിപ്പെടുത്തുന്നതാണ് റിപ്പോർട്ട്.

webdesk13: