X
    Categories: indiaNews

ചിലര്‍ ബംഗാളിലേക്ക് വരുന്നത് മറ്റുള്ളവരെ ഭീകരരാക്കാനാണ്; ബിജെപിക്കെതിരെ മമത

കൊല്‍ക്കത്ത: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗുണ്ടകളുമായാണ് ചിലര്‍ ബംഗാളിലെത്തുന്നതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ സമാധാനം ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബിജെപിയെ ഉദ്ദേശിച്ച് മമത ആരോപിച്ചു.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെ തൃണമൂല്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നില്ല എന്നും ബംഗ്ലാദേശികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് എന്നും കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മമതയുടെ പ്രതികരണം. പോസ്റ്റ ബസാറില്‍ ജഗതാത്രി പൂജ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

‘നമ്മുടെ സംസ്ഥാനത്ത് പുറത്തു നിന്നുള്ള ചില ഗുണ്ടകള്‍ നിങ്ങളെ ഭീകരരാക്കും. അവര്‍ക്കെതിരെ ഒരുമിച്ചു നിന്ന് പൊരുതണം. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. നമ്മള്‍ സമാധാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാല്‍ ചിലര്‍ വരുന്നത് മറ്റുള്ളവരെ ഭീകരരാക്കാന്‍ വേണ്ടിയാണ്. അവരെ ഇവിടെ സൈര്യവിഹാരം നടത്താന്‍ അനുവദിച്ചു കൂടാ’ – അവര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച കണ്ടുള്ള മമതയുടെ ഇച്ഛാഭംഗമാണ് ഈ പ്രസ്താവന എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയ പറഞ്ഞു.

Test User: