മഴക്കാലം മുന്നില്‍ കണ്ട് സംസ്ഥാനത്ത് നാളെ മുതല്‍ പ്രത്യേകമായി പനി ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും പനിക്ലിനിക്കുകള്‍ ആരംഭിക്കുക. ഇതുകൂടാതെ പനി വാര്‍ഡുകളും ആരംഭിക്കും.ഇന്നും നാളെയുമായി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ ജില്ലകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വര്‍ധിക്കുന്നതായി കാണുന്നു. ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കന്‍ഗുനിയ, കോളറ, ഷിഗല്ല, എച്ച്. 1 എന്‍. 1 എന്നിവയ്‌ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോകോള്‍ പാലിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പ്രളയാനുബന്ധ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മണ്ണില്‍ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.