സംസ്ഥാനത്ത് പനിമരണങ്ങള്‍ പിടിച്ചുകെട്ടാനാവാതെ ആരോഗ്യവകുപ്പ്. ഈ വര്‍ഷം ഇതുവരെ പനിബാധിച്ച് മരണപ്പെട്ടത് 242 പേര്‍. ഇതില്‍ എലിപ്പനി, ഡെങ്കി, എച്ച്1 എന്‍1 കേസുകളാണ് കൂടുതല്‍. ജൂലായ് 15 വരെ 101 എലിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കി 69, എച്ച്1 എന്‍1 39, ജപ്പാന്‍ജ്വരം 15, മലമ്പനി രണ്ട് മരണവും സംസ്ഥാനത്തുണ്ടായി. കഴിഞ്ഞ ഒന്നര മാസത്തിനിടെ എലിപ്പനി, ഡെങ്കി കേസുകള്‍ കുത്തനെ കൂടി. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പനിമരണങ്ങള്‍ ഭീതിപ്പെടുത്തുന്നതാണ്.
പനിയെ നേരിടാനുള്ള മുന്നൊരുക്കത്തില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടതിന്റെ തെളിവാണ് കണക്കുകള്‍. വരും ദിവസങ്ങളിലും മരണനിരക്ക് ഉയര്‍ന്നേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രതിരോധ പ്രവര്‍ത്തനത്തിന് ഫീല്‍ഡ്തല ആരോഗ്യപ്രവര്‍ത്തകരുടെ ഒഴിവുകള്‍ നികത്താന്‍ പോലും സര്‍ക്കാര്‍ നടപടികളില്ലാത്തത് ഗുരുതര വീഴ്ചയാണ്. കീടജന്യ രോഗ നിയന്ത്രണത്തിന് ജില്ലാതലത്തില്‍ നേതൃത്വം നല്‍കേണ്ട 10 ജില്ലാ മലേറിയ ഓഫീസര്‍, ആറ് ജില്ലാ ബയോളജിസ്റ്റുകളില്‍ സ്ഥിരം നിയമനമില്ലാതെ കിടക്കുകയാണ്. താഴെതട്ടിലും ജനസംഖ്യാനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരില്ല. രോഗപ്പടര്‍ച്ച അനിയന്ത്രിതമായി തുടരുമ്പോള്‍ അംഗബലത്തില്‍ ദുര്‍ബലമായ ആരോഗ്യസേനക്ക് ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനം ശ്രമകരമായ ദൗത്യമാണ്.
ഡെങ്കി കൂടുതല്‍
അപകടകാരിയാവുന്നു
മെയ് 15 വരെ സംസ്ഥാനത്ത് 5094 സ്ഥിരീകരിച്ച ഡെങ്കി കേസുകളുണ്ട്. സ്ഥിരീകരിക്കാത്ത 14787 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആറ് മാസം കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകള്‍ ഇത്തവണ റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ ആകെ 4468 സ്ഥരീകരിച്ച ഡെങ്കി കേസുകളും 69 മരണവുമാണുള്ളത്. ഈഡിസ് കൊതുകുകള്‍ ഒറ്റക്കുത്തില്‍ ഒന്നിലധികം ടൈപ്പ് വയറസുകള്‍ പടര്‍ത്തുന്നതും ഒരാള്‍ക്ക് ഒരേ സമയം ഒന്നിലധികം വൈറസ് ബാധയേല്‍ക്കുന്നതുമാണ് ഡെങ്കി മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം. ഡെങ്കി കേസുകള്‍ വര്‍ഷം, എണ്ണം, മരണം എന്ന ക്രമത്തില്‍: 2021-3251- 27, 2020-2722-22, 2019-4651-14, 2018- 4090-32.
മരണനിരക്കില്‍
മുന്നില്‍ എലിപ്പനി
പനി മരണക്കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത് എലിപ്പനിയാണ്. ആറുമാസത്തിനിടെ ഇത്തവണ 101 പേരാണ് മരണപ്പെട്ടത്. മെയ് 15 വരെ 1882 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 770 കേസുകളും 39 മരണവും എലിപ്പനിമൂലമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ല്‍ സംസ്ഥാനത്ത് 290 എലിപ്പനി മരണവും 5315 കേസുകളുമുണ്ടായി. ഇതില്‍ 2482 കേസുകളും 212 മരണവും എലിപ്പനി മൂലമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2021 ല്‍ 97, 2020 48, 2019 ല്‍ 57, 2018 ല്‍ 99 മരണവും എലിപ്പനി മൂലം സംസ്ഥാനത്തുണ്ടായി.
എച്ച്1 എന്‍1
ഇന്‍ഫ്‌ളുവന്‍സാ വൈറസ് മൂലമുണ്ടാകുന്ന എച്ച്.1 എന്‍1 കേസുകളും വര്‍ധിച്ചുവരികയാണ്. 39 പേരാണ് ആറു മാസത്തിനിടെ മരണത്തിന് കീഴടങ്ങിയത്. 1069 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 533 എണ്ണവും എച്ച്1 എന്‍1 ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. 26 പേര്‍ മരണപ്പെട്ടതും ഈ പനിമൂലമെന്ന് സ്ഥരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയിലധികം മരണം ഉണ്ടായി. 2022 ല്‍ 11, 2020 ല്‍ 2, 2019 ല്‍ 45, 2018 ല്‍ 50 മരണവുമാണ് ഈ പിനി മൂലം സംസ്ഥാനത്തുണ്ടായത്.
ചെള്ള് പനി
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ചെള്ള്പനി (സ്‌ക്രബ് ടൈഫ്‌സ്). മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചെള്ളുകള്‍ കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്.