സിപിഎമ്മിനോട് ഇ.പി ജയരാജന്റെ നിസഹകരണം തുടരുന്നു. കണ്ണൂരില്‍ പാര്‍ട്ടി നിശ്ചയിച്ച ചടങ്ങില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടു നിന്നു. ചടയന്‍ ഗോവിന്ദന്‍ അനുസ്മരണത്തില്‍ ഇ പി ജയരാജന്‍ പങ്കെടുത്തില്ല. ഇപി പങ്കെടുക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ നിസഹകരണത്തിലാണ് ഇപി.
എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇപി ജയരാജന്‍ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ പത്ത് ദിവസമായി മാധ്യമങ്ങളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ ഇ പി തയ്യാറായിട്ടില്ല. പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ഇ പി അറിയിച്ചത്.
പ്രകാശ് ജാവഡേക്കറുമായി ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവാദമാണ് ഇ.പിക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമായത്. കൂടിക്കാഴ്ച പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തല്‍. കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ.പി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറത്തേക്ക് സംഘടനാപരമായി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കി നടപടിയെടുക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം ഇ.പി സ്ഥിരീകരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നേതാക്കള്‍ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇ.പിയുടെ മറുപടി.