X

പരിഹാരമില്ലാതെ ഉത്സവ സീസണിലെ യാത്രാ പ്രതിസന്ധി

വിഷു, പെരുന്നാള്‍, ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ അയല്‍ സംസ്ഥാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നതില്‍ അലംഭാവം തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസ് നടത്തുന്നതിനോ വരുമാന ലാഭമുണ്ടാക്കുന്നതിന് ഫ്‌ളക്‌സി ചാര്‍ജ്ജുകള്‍ ഈടാക്കുന്നതിനോ കെ.എസ്.ആര്‍.ടി.സി കാര്യമായി പരിശ്രമിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടകയുടെയും തമിഴ്‌നാട്ടിലെയും സ്റ്റേറ്റ് ബസുകള്‍ അവസരം ശരിക്കും മുതലാക്കുമ്പോഴാണ് പതിവ് പോലെ കെ.എസ്.ആര്‍.ടി.സി കാഴ്ചക്കാരാവുന്നത്.

ബംഗളുരു, കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉത്സവ സീസണില്‍ വലിയ തോതില്‍ മലയാളികളാണ് നാട്ടിലേക്ക് വരുന്നത്. കെ.എസ്. ആര്‍. ടി. സിയുടെയും കര്‍ണാടക, തമിഴ്‌നാട് സ്‌റ്റേറ്റ് ബസുകളിലും വലിയ തിരക്കാണ് ഈ സമയത്ത് അനുഭവപ്പെടുന്നത്. തമിഴ്‌നാട്, കര്‍ണ്ണാടക സ്റ്റേറ്റ് ബസുകള്‍ അമ്പത് ശതമാനത്തോളം ഫ്‌ളക്‌സി ചാര്‍ജ്ജായി അധികം ഈടാക്കുന്നുണ്ട്. പോരാത്തതിന് എന്‍ഡു റ്റു എന്‍ഡ് ചാര്‍ജ്ജും ഈടാക്കുന്നു. ഇതു പ്രകാരം സര്‍വീസ് തുടങ്ങുന്ന സ്ഥലത്തു നിന്നും സര്‍വീസ് അവസാനിപ്പിക്കുന്ന സ്ഥലം വരെയുള്ള ചാര്‍ജ്ജ് ബസില്‍ കയറുന്ന എല്ലാ യാത്രക്കാരും നല്‍കണം. എന്നാല്‍ വരുമാന വര്‍ധനവിന് വേണ്ടി അഞ്ച് ശതമാനം ഫ്‌ളക്‌സി ചാര്‍ജ്ജ് മാത്രമാണ് കെ.എസ്.ആര്‍.ടി.സി ഈടാക്കുന്നത്. പ്രൈവറ്റ് ബസുകളില്‍ ഇരട്ടിയോളം ചാര്‍ജ്ജാണ് ഉത്സവ സീസണില്‍ ഈടാക്കുന്നത്. വലിയ തിരക്കായതിനാല്‍ അധിക ചാര്‍ജ്ജ് നല്‍കിയാലും വേണ്ടില്ല, എങ്ങിനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ് യാത്രക്കാര്‍ ആഗ്രഹിക്കുന്നത്. ഇത് മുതലാക്കുകയാണ് പ്രൈവറ്റ് ബസ് കമ്പനികള്‍.

വിഷു പെരുന്നാള്‍ സീസണില്‍ നാട്ടിലെത്താന്‍ വലിയ പ്രയാസമാണ് നിലനില്‍ക്കുന്നതെന്ന് ബംഗളുരുവിലെ മലയാളികള്‍ പറയുന്നു. ഈ സീസണ്‍ മുന്നില്‍ കണ്ട് മറ്റ് സ്റ്റേറ്റ് ബസുകളും പ്രൈവറ്റ് ബസുകളുമൊക്കെ കൂടുതല്‍ സര്‍വീസ് നടത്തുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് ഉത്സവ സീണണ്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.

webdesk11: