സംസ്ഥാനത്ത് നെല്‍കൃഷി രണ്ടാം വിളയിലേക്ക് കടന്നതോടെ കടുത്ത തോതിലുള്ള രാസവളക്ഷാമം നേരിടുകയാണ് കര്‍ഷകരും കാര്‍ഷികമേഖലയും. കൃഷിവകുപ്പും സര്‍ക്കാര്‍ പൊതുവെയും ഇക്കാര്യത്തില്‍ കാര്യമായി ഒരനക്കവും നടത്തുന്നില്ലെന്നാണ് കഴിഞ്ഞ നാലു മാസമായി നേരിടുന്ന പ്രതിസന്ധി തെളിയിക്കുന്നത്. പാലക്കാട് ഉള്‍പെടെയുള്ള അവശേഷിച്ച നെല്‍കൃഷി പ്രദേശങ്ങളില്‍ ഇപ്പോള്‍ നടീല്‍കഴിഞ്ഞ് വളര്‍ച്ചയെത്തുന്ന പരുവത്തിലാണ്. ഈ സമയത്താണ് രാസവളങ്ങളായ പൊട്ടാഷും യൂറിയയും തളിച്ചുകൊടുക്കേണ്ടത്. എങ്കില്‍ മാത്രമേ മതിയായ വളര്‍ച്ച ചെടികള്‍ക്കുണ്ടാവുകയും നെല്‍കൃഷി വിളവെടുപ്പ് ആദായകരമാകുകയും ചെയ്യൂ. ഒന്നാംവിള പ്രളയവും വെള്ളക്കെട്ടുംകാരണം പലഭാഗത്തും നഷ്ടാവസ്ഥയിലായിരുന്നു. അതിനിടെയാണ് നെല്ലിന് കേന്ദ്രം നിശ്ചയിച്ച വില പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ 60 പൈസയോളം കിലോക്ക് കുറച്ചത്. ആ നഷ്ടത്തിന് പുറമെ ഇപ്പോഴത്തെ വിളനാശവുംകൂടി സഹിക്കേണ്ട ഗതികേടിലാണ് സാധാരണ കര്‍ഷകര്‍. സര്‍ക്കാരിനെയും രാസവളകച്ചവടക്കാരെയും വിശ്വസിച്ച് കര്‍ഷകര്‍ ഇറക്കിയ നെല്ല് വലിയ നഷ്ടത്തില്‍ കലാശിക്കുമോ എന്ന ഭീതിയിലും ആശങ്കയിലുമാണിപ്പോള്‍. സാധാരണഗതിയില്‍ നടീല്‍കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ് വളപ്രയോഗം. അതിന് വേണ്ടത് മണ്ണിലേക്കുള്ള പൊട്ടാസ്യം, നൈട്രേറ്റ് വളങ്ങളാണ്. അതാണിപ്പോള്‍ കടുത്തക്ഷാമം നേരിടുന്നത്.
കേന്ദ്രസര്‍ക്കാര്‍പൊടുന്നനെ രാസവളങ്ങളുടെ വിലയുയര്‍ത്തിയതും അതുപോലും കിട്ടാത്ത സ്ഥിതിയുമാണ് ഇന്നത്തെ പ്രതിസന്ധിയിലേക്ക് നയിച്ചത്. പൊട്ടാഷ് ഇറക്കുമതി നിലച്ചതായാണ് പരാതി. ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡാണ് പൊട്ടാഷ് ഇറക്കുമതി ചെയ്ത് ആഭ്യന്തര വിപണിവഴി കര്‍ഷകരിലെത്തിക്കുന്നത്. എന്നാല്‍ ആഗോളതലത്തില്‍ കോവിഡ് കാരണം ഉത്പാദനം മുരടിച്ചുവെന്ന് പറയുന്നു. കല്‍ക്കരി മേഖലക്കുണ്ടായ അതേ പ്രതിസന്ധിയാണിതും. പൊട്ടാഷിന് വിലകൂട്ടാന്‍ പറഞ്ഞ കാരണങ്ങളിലൊന്ന് വര്‍ധിച്ച ഡീസല്‍വിലയാണ്. 30 രൂപവരെയാണ് ഒരുവര്‍ഷത്തിനകം ഡീസല്‍വില വര്‍ധിച്ചത്. ഇതുകാരണം 1000 രൂപയുണ്ടായിരുന്ന പൊട്ടാഷിന്റെ (50 കിലോ ചാക്കിന്) വില ഇന്ന് 1700 രൂപവരെയാണ്. ഇതില്‍ ഇടപെട്ട് പരിഹാരം കാണേണ്ട സംസ്ഥാനസര്‍ക്കാരും സംഗതി അറിഞ്ഞമട്ടില്ല. മതിയായതോതില്‍ എന്‍.പി.കെ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം) എന്നിവ നല്‍കിയില്ലെങ്കില്‍ പുട്ടില്‍ പരുവത്തില്‍തന്നെ ചെടികള്‍ കരിയാനിടവരും. ഇപ്പോള്‍തന്നെ പാലക്കാട്ടെ നെല്ലറയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇലപ്പേന്‍ശല്യം രൂക്ഷമാണ്. ഇതുംകൂടിയായാല്‍ കേരളത്തിലെ അവശേഷിക്കുന്ന കാര്‍ഷികരംഗം കൂടി തകര്‍ന്നുതരിപ്പണമാകും. നെല്‍കൃഷിക്ക് പുറമെ പച്ചക്കറി, വാഴ കൃഷികള്‍ക്കും അത്യന്താപേക്ഷിതമാണ് ഇത്തരം രാസവളങ്ങളെന്നിരിക്കെ പൊട്ടാഷ്, യൂറിയ ക്ഷാമം പരിഹരിക്കുന്നതിനുപകരം കൃഷി വകുപ്പ് ഇല, നാനോ മരുന്നുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അവയുപയോഗിച്ചാല്‍ നിലവിലെ രാസവളം ശീലിച്ച കൃഷിയിടങ്ങള്‍ അതിന് വഴങ്ങുമോ എന്ന് കണ്ടറിയണം. ആദ്യഘട്ടത്തില്‍ നല്‍കിയ അടിവളം തന്നെയാണ് പല കര്‍ഷകരും ഗതികേട്‌കൊണ്ട് ഇപ്പോഴും പകരം ഇടുന്നത്.
കഴിഞ്ഞ മൂന്നുദിവസം സ്വന്തംപാര്‍ട്ടിയുടെ സംഘടനാആവശ്യത്തിനായി പാലക്കാട്ടുണ്ടായിരുന്ന മുഖ്യമന്ത്രി കര്‍ഷകരുടെ നീറുന്നവിഷയത്തില്‍ ഒരുപ്രസ്താവന പോലും നടത്തിയതായികണ്ടില്ല. തന്റെ സര്‍ക്കാരിനെ ഉമ്മാക്കികാട്ടി ഭയപ്പെടുത്തേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി സത്യത്തില്‍ ജീവന്‍ പണയംവെച്ച് വയലേലകളില്‍ അധ്വാനിക്കുന്ന കര്‍ഷകരോടാണ് ഉമ്മാക്കികാട്ടി മടങ്ങിയത്. കര്‍ഷകസംഘടനകള്‍ ഇക്കാര്യത്തില്‍ പ്രസ്താവനകളുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കിലും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലേക്ക് അവരിറങ്ങിത്തിരിച്ചാലേ പ്രശ്‌നത്തിന് പരിഹാരമാകൂ എന്ന തോന്നലാണുണ്ടായിരിക്കുന്നത്. വളം ഇനത്തില്‍ സര്‍ക്കാര്‍ ഹെക്ടറിന് 3000രൂപ ഉത്പാദനസബ്‌സിഡി ഏര്‍പെടുത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. 1500 രൂപയില്‍നിന്നാണ് ഇരട്ടിയായുള്ള ഈ വര്‍ധന. അതുപോലും ഇപ്പോള്‍ കിട്ടുന്നില്ലെന്ന പരാതിയുണ്ട്. കാര്‍ഷികരംഗത്തെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന പരാതിക്ക് പഴക്കമേറെയാണ്. അടുത്തിടെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകസമരക്കാര്‍ക്കുവഴങ്ങി കരിനിയമങ്ങള്‍ പിന്‍വലിച്ചത്. അതിന്റെ പ്രതികാരംകൂടിയാണ് രാസവളങ്ങളുടെ കുത്തനെയുള്ള വിലയുയര്‍ച്ചയെന്ന് സന്ദേഹിക്കുന്നവരെ കുറ്റപ്പെടുത്താനാകാത്ത വിധത്തിലാണ് സര്‍ക്കാരുകളുടെ തദ്വിഷയത്തിലെ നിസ്സംഗത. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് കൈമാറുന്നതിനുള്ള ഗൂഢനീക്കങ്ങളാണ് മോദികാലത്ത് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ കര്‍ഷകരും ബഹുജനങ്ങളും കടുത്തപ്രതിഷേധത്തിലാണ്. വര്‍ഷംകഴിയുംതോറും മെലിഞ്ഞു എല്ലുംതോലുമായ കാര്‍ഷികമേഖലയുടെ മരണമണി കാത്തിരിക്കുകയാണോ ഭരണകൂടങ്ങള്‍?