മോസ്‌കോ: സ്‌പെയ്‌നിന്റെ പുതിയ പരിശീലകനായി ഫെര്‍ണാണ്ടോ ഹിയോറോയെ നിയമിച്ചു. ജുലന്‍ ലോപെറ്റഗിയെ പുറത്താക്കി മണിക്കൂറുകള്‍ക്കകമാണ് റോയല്‍ സ്‌പെയ്ന്‍ ഫുട്‌ബോള്‍ ഫെഡേറഷന്‍ അമ്പതുകാരനായ ഹിയോറോയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്. മുന്‍ സ്‌പെയ്ന്‍ താരമായ ഹിയോറോ ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു .
റഷ്യന്‍ ലോകകപ്പിലെ പോര്‍ച്ചുഗലുമായുള്ള ഗ്രൂപ്പ് മത്സരമാണ് പുതിയ കോച്ചിന്റെ ആദ്യമത്സരം. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുത്ത ടീമിന്റെ പരിശീലകനായിരുന്ന ജുലന്‍ ലോപെറ്റഗിയെ കഴിഞ്ഞ ദിവസം തല്‍സ്ഥാനത്ത് നിന്നും ഫെഡറേഷന്‍ പുറത്താക്കുകയായിരുന്നു.
മുന്‍ റയല്‍മാഡ്രിഡ് നായകനായ ഫെര്‍ണാണ്ടോ ഹിയോറോ പരിശീലകനെന്ന നിലയില്‍ അനുഭവ സമ്പന്നനല്ല. 2016-2017 സീസണില്‍ റയല്‍ ഒവിയെഡോയേയും 2014-15 സീസണില്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ റയലിന്റെ സഹപരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പുറത്തു നിന്നൊരു പരിശീലകനെ കൊണ്ടുവരുന്നതിനിലും നല്ലത് ടീമിനൊപ്പമുള്ള ഒരാള്‍ക്ക് ചുമതല നല്‍കുകയെന്ന തിരിച്ചറിവാണ് ഹിയോറോയ്ക്ക് നറുക്കുവീഴാന്‍ കാരണം.
വെള്ളിയാഴ്ച വൈകുന്നേരം പോര്‍ച്ചുഗലിനെതിരായ ആദ്യ മത്സരം മുതല്‍ ഹിയോര ടീമിന്റെ ചുമതലയേല്‍ക്കും. അതേസമയം താത്കാലിക പരിശീലക ചുമതലായാണ് ഹിയോറോയ്ക്ക് നല്‍കിയത്. ലോകകപ്പിനു ശേഷം തല്‍സ്ഥാനത്ത് ഹിയോറോ തുടരുമോയെന്നും അദ്ദേഹത്തിന്റെ കാലവധി എത്രനാളാണ് എന്നതിലും കൃത്യമായ ഉത്തരം ഫെഡറേഷന്‍ നല്‍കിയല്ല. 1989 മുതല്‍ 2003 വരെ റയലിനായി 439 മത്സരങ്ങളില്‍ കളിച്ച ഹിയോറോ അഞ്ചു തവണ ലാലീഗയും മൂന്നു തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയും റയലിനൊപ്പം നേടിയിട്ടുണ്ട്.
2016ലാണ് വിസന്റെ ഡെല്‍ ബോസ്‌കിന്റെ പിന്‍ഗാമിയായി ജുലന്‍ ലോപെറ്റഗി സ്‌പെയിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത്. തുടര്‍ന്ന് 20 മത്സരങ്ങളില്‍ സ്‌പെയ്‌നിനെ പരിശീലിപ്പിച്ച ലോപെറ്റഗി ടീമിന് 14 ജയവും ആറു സമനിലയും സമ്മാനിച്ചു. റയല്‍ മാഡ്രിഡുമായി മൂന്നു വര്‍ഷത്തെ കരാറിലാണ് ജുലന്‍ ലോപെറ്റഗി ഒപ്പുവെച്ചത്.