X
    Categories: main stories

കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കുമോ?; കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ നിയമം നടപ്പാക്കാതിരിക്കാന്‍ സാധിക്കുമോ എന്ന് കോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞു. സര്‍ക്കാറുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

അതേസമയം സമാധാനപരമായി സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പൊലീസ് കര്‍ഷകരെ തടയരുത്. റോഡുകള്‍ തടയുകയോ ജീവനോ സ്വത്തിനോ നാശം വരുത്തുകയോ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ നിര്‍ദേശിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

സമാധാനപൂര്‍വ്വം ഡല്‍ഹിയില്‍ പ്രതിഷേധം നടത്താനാണ് കര്‍ഷകരുടെ ആഗ്രഹമെന്ന് പഞ്ചാബ് സര്‍ക്കാറിന് വേണ്ടി ഹാജരായ പി. ചിദംബരം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതിഷേധക്കാരെ തടയുകയാണ്. പോലീസാണ് അതിര്‍ത്തി അടച്ചത്. അതിര്‍ത്തി അടച്ച ശേഷം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിന് പറയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ത്ത് ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ചിദംബരം കോടതിയില്‍ വാദിച്ചു.

ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതി തയ്യാറായില്ല. ക്രിസ്മസ്, പുതുവത്സര അവധികള്‍ക്ക് ശേഷം കോടതി തുറക്കുമ്പോള്‍ ഹര്‍ജി വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ ഹര്‍ജിക്കാര്‍ക്ക് ആവശ്യമെങ്കില്‍ അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: