X
    Categories: keralaNews

പുന്നപ്പാല പുന്നപ്രയായി: ഇ .എം.എസിനെ അകാരണമായി വേട്ടയാടുന്നുവെന്ന്

പെരിന്തല്‍മണ്ണക്കടുത്ത പുന്നപ്പാലയെ പുന്നപ്രയെന്ന് തെറ്റിദ്ധരിച്ചതിനാലാണ് പുന്നപ്ര വയലാര്‍ സമരത്തിനിടെ ഇ.എം.എസ് യോഗക്ഷേമസഭയുടെ യോഗത്തില്‍ പങ്കെടുത്തതായി പറയുന്നതെന്ന് ഇടുതപക്ഷസൈദ്ധാന്തികന്‍ ജി.ശക്തിധരന്‍.

‘കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇ എം എസ് വേട്ട ശമിക്കുന്നില്ല’ എന്ന കുറിപ്പില്‍ ശക്തിധരന്‍ ഇങ്ങനെ എഴുതുന്നു:
‘പുന്നപ്ര വയലാര്‍ സമരം നടക്കുമ്പോള്‍ അതിനടുത്ത യോഗ ക്ഷേമസഭയുടെ യോഗത്തില്‍ പ്രസംഗിക്കാന്‍ പോയ ആളാണ് ഇ എം എസ് നമ്പൂതിരിപ്പാട്’ എന്ന മ്ലേച്ഛമായ ആരോപണം മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാഭോഷിണി വാര്‍ഷികപ്പതിപ്പില്‍ എഴുതി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചരിത്ര പണ്ഡിതനായ എം ജി എസ് നാരായണന്‍ തുടങ്ങിവെച്ച അസത്യപ്രചാരണം ഇ എം എസ് വിടവാങ്ങി കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും മനഃസാക്ഷിക്കുത്തില്ലാതെ അഭംഗുരം തുടരുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇത് അധികരിച്ചു കാണുന്നത്. ഏതാനും ദിവസംമുമ്പ് ഫേസ് ുക്കിലെ പോസ്റ്റില്‍ രാഷ്ട്രീയനിരീക്ഷകനും മാധ്യമപ്രവര്‍ത്തകനുമായ റോയിമാത്യു ഇതാവര്‍ത്തിച്ചു കണ്ടു . ഇ എം എസ് വിരോധം മനസ്സില്‍ പുകയുമ്പോള്‍ എല്ലാം അദ്ദേഹത്തെ ഇടിച്ചു താഴ്ത്താന്‍ റോയി മാത്യു ഈ ആയുധം പുറത്തെടുക്കാറുണ്ട് .അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. റോയി മാത്യു എന്റെ സുഹൃത്താണ് . ഞാന്‍ ഏതെങ്കിലും കാര്യത്തില്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുമെന്ന് വിശ്വസിക്കാനുമിടയില്ല. കേരളത്തിലെ എണ്ണപ്പെട്ട കമ്മ്യുണിസ്റ്റ് നേതാക്കളെക്കുറിച്ചു അദ്ദേഹം പലപ്പോഴായി നടത്തിയിട്ടുള്ള നിരീക്ഷണങ്ങളിലേക്ക് കടക്കാതെ തന്നെ ഇ എം എസിനെപ്പോലെ ഒരു മഹാ വ്യക്തിത്വക്കുറിച്ചു അദ്ദേഹം നടത്തുന്ന വിലയിരുത്തലില്‍ പിശക് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള മഹാമനസ്‌കത വിദ്യാസമ്പന്നനായ, പൊതുവിജ്ഞാനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. എന്താണ് റോയ് മാത്യു എഴുതിയിരിക്കുന്നത് :’പുന്നപ്ര വയലാര്‍ വെടിവെപ്പ് ദിവസം തിരുമേനി യോഗക്ഷേമ സഭയില്‍ പോയി പ്രസംഗിച്ചതുമൊക്കെ സമുദായ സ്‌നേഹമായിട്ടാണ് ചരിത്രം ഇന്നും വിലയിരുത്തുന്നത്……..’? ഈ ആക്ഷേപഹാസ്യത്തില്‍ തെല്ലെങ്കിലും സത്യമുണ്ടെങ്കില്‍ ഇ എം എസ് നമ്മെ വിട്ടുപോയ ദിവസം ഞാനിത് എഴുതില്ല.
കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇ എം എസ് സമം ഇ എം എസ് മാത്രമാണ്?അല്ലെന്ന് മറ്റൊരാള്‍ക്ക് വാദിക്കാം. ഇ എം എസ് കമ്യുണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഒരു വെളിച്ചമാണ്. പ്രകാശമാണ്. മറ്റുള്ളവര്‍ എല്ലാം അങ്ങിനെ കാണണമെന്നില്ല.വിമര്‍ശനത്തിന് അതീതനല്ല ഇ എം എസ് . പക്ഷെ വസ്തുതാ വിരുദ്ധമായ ഒരു കാര്യം അദ്ദേഹത്തിനുമേല്‍ വെച്ചുകെട്ടി അദ്ദേഹത്തിന്റെ ആ ഓര്‍മ്മ സമൂഹത്തില്‍ നിലനില്‍ക്കുന്ന കാലത്തോളം അപഹസിക്കാനുള്ള വഴിമരുന്നിട്ടു കൊടുക്കുന്നത് പാപമാണ്. നാം ലോകത്തെ അറിയുന്നത് പഞ്ചേന്ദ്രിയങ്ങള്‍ വഴിയാണല്ലോ.ആറാമത് ഒരു ഇന്ദ്രിയം നമുക്കില്ല. പഞ്ചേന്ദ്രിയങ്ങള്‍ക്കും ശരിവയ്ക്കാനാകാത്ത കാര്യമാണ് വ്യാജമായി നിര്‍മ്മിച്ചിരിക്കുന്നത്.
ഒരിക്കല്‍ തീവണ്ടിയാത്രയില്‍ ശ്രീ എം ജി എസ് നാരായണനോട് തന്നെ ഞാനിക്കാര്യം എടുത്തിട്ടു. ഇ എം എസ്സിനോട് ആജന്മ ശത്രുത ഉണ്ടെങ്കിലും ഈ അപമാനിക്കല്‍ വസ്തുതാ വിരുദ്ധമാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കുറച്ചു നേരം സാകൂതം എന്നെ ഉറ്റുനോക്കി. ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ഡോ ഡി ദാമോദരന്‍ നമ്പൂതിരിയുടെ പ്രതികരണം ശ്രദ്ധയില്‍ പെ ടാതെപോയി എന്നും എം ജി എസ് അന്ന് പറഞ്ഞിരുന്നു. ഒട്ടേറെ ചരിത്രകാരന്മാരും അന്ന് സത്യം തുറന്നു പറഞ്ഞിരുന്നു. പക്ഷെ എം ജി എസിന്റെയും മനോരമ ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്തിന്റെയും പി എസ് ശ്രീധരന്‍ പിള്ളയുടെയും മറ്റും മറ്റും പ്രതികരണങ്ങള്‍ ആധികാരിക രേഖകളായി ലക്ഷക്കണക്കിന് വായനക്കാരുടെ മുമ്പില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു.
എനിക്ക് ജയചന്ദ്രന്‍ ഇലങ്കത്തിനോടും ഒരു എളിയ അഭ്യര്‍ത്ഥനയുണ്ട്. ഒരു മികച്ച മാധ്യമപ്രവര്‍ത്തകനാണ് താങ്കള്‍. ഇ എം എസിനെ അവഹേളിച്ചെഴുതിയത് സത്യമായിരുന്നോ എന്ന് ഒരു പുനര്‍വായന നടത്തുക. അതിനുള്ള തെളിവുകള്‍ ഇന്നും ഉണ്ട്. ഇതുപോലുള്ള തിരുത്തലുകള്‍ക്ക് വിധേയമായ പുകള്‍പെറ്റ ഒട്ടേറെപ്രസിദ്ധീകരങ്ങള്‍ ചരിത്രത്തില്‍ ഉണ്ട്. അതിലൊന്നാകാന്‍ ജയചന്ദ്രന്‍ ഇലങ്കത്തിനും മനോരമയ്ക്കും കഴിയണം; തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍.വ്യക്തിപരമായി പറഞ്ഞാല്‍ പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ചു പറയുമ്പോള്‍, ആ സായുധസമരത്തിന് ആവശ്യമായ പണമില്ലാതെ വലഞ്ഞ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കൈവെള്ളയില്‍ ആദ്യഗഡു സഹായമായി 200 രൂപ കൊടുത്ത ധര്‍മ്മിഷ്ഠനാണ് മനോരമയുടെ ഉടമ മാമന്‍ മാപ്പിള. 1946 ലെ 200 രൂപയ്ക്ക് ഇന്നു എത്ര മൂല്യം ഉണ്ടെന്ന് ഊഹിക്കുക. ഇതാരും ഇന്ന് അറിയണമെന്നില്ല. പക്ഷെ പാര്‍ട്ടിയുടെ കണക്ക് പുസ്തകത്തില്‍ അതുണ്ട്. ആദ്യഗഡു മാത്രമാണ് ഇതെന്ന് ആ പണം കൊടുക്കുമ്പോള്‍ മാമന്‍ മാപ്പിള തുറന്ന മനസോടെ പറഞ്ഞിരുന്നു. പിന്നീട് തിരുവിതാകൂറിലെ ഏറ്റവും ഒടുവിലത്തെ സ്ഥിതിഗതി വെടിവെപ്പിന് തൊട്ടുമുമ്പ് പട്ടാളഭരണം പ്രഖ്യാപിച്ചപ്പോള്‍
കേന്ദ്രനേതൃത്വത്തെ അറിയിക്കാന്‍ കെ സി ജോര്‍ജ്ജ് മുംബെയില്‍ പോയപ്പോഴും ഈ സഹായധനത്തെക്കുറിച്ചു ചര്‍ച്ചയുണ്ടായിരുന്നു. ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതേ മനോരമ ഇല്ലാത്ത ആരോപണം സൃഷ്ടിച്ചു ഇ എം എസിന്റെ മേല്‍ സത്യവിരുദ്ധമായി എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുന്നതിന്റെ യുക്തി എന്ത്?

സത്യം എന്താണ്?
ഇ എം എസിന് ജനങ്ങളിലുള്ള വിശ്വാസവും ആരാധനയും തകര്‍ത്ത് തരിപ്പണമാക്കിക്കളയാമെന്ന ദുഷ്ടലാക്കോടെയാണ് ‘ഭാഷാപോഷിണി’ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അദ്ധ്യക്ഷനായിരുന്ന ഡോ എം ജി എസ് നാരായണന്‍ ഇങ്ങിനെ ഒരു നുണ എഴുതിയത്. തൊട്ടുപിന്നാലെ മനോരമയുടെ മിടുക്കനായ ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് 2002 ഒക്ടോബര്‍ 30 ല്‍ ഇത് ഒന്നാം പേജിലെ വാര്‍ത്തയാക്കി പര്‍വ്വതീകരിച്ചു . ലക്ഷക്കണക്കിന് കോപ്പി അച്ചടിക്കുന്ന ഈ പത്രത്തില്‍ ഇ എം എസിനെ തേജോവധം ചെയ്യുന്ന ഈ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ സായൂജ്യം അനുഭവിക്കുന്നത് എം ജി എസ് തന്നെയാവും. പിന്നീട് ഇപ്പോഴത്തെ ഗോവ ഗവര്‍ണര്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള പുന്നപ്ര വയലാറിനെക്കുറിച്ചു എഴുതിയ പുസ്തകത്തിലും ഇതാവര്‍ത്തിച്ചു. കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെക്കുറിച്ചു പില്‍ക്കാലത്തു ഇറക്കിയ രേഖയിലും ഇതാവര്‍ത്തിച്ചിട്ടുണ്ട് . ഫലത്തില്‍ ഇ എം എസ് സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത കാര്യത്തില്‍ അദ്ദേഹത്തിന്റെ പേര് നിലനില്‍ക്കുന്നേടത്തോളം കാലം ഈ പഴി കേള്‍ക്കേണ്ടിവരും.
പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസം നൂറുകണക്കിന് കമ്മ്യുണിസ്റ്റുകാര്‍ കബന്ധങ്ങള്‍ ആയി കിടന്ന മണ്ണില്‍ ഇ എം എസ് സ്വന്തം സമുദായത്തിന്റെ ഉന്നതിക്ക് വേണ്ടി ഉദ്ബോധിപ്പിച്ചു പ്രസംഗിച്ചിരുന്നു വെ ന്നത് ശരിയായിരുന്നെകില്‍ , ഇതില്‍പ്പരം അപമാനിക്കല്‍ ഇ എം എസില്‍ നിന്ന് കമ്മ്യുണിസ്റ്റ് പ്രസ്ഥാനം നേരിടാനില്ല.
എന്തായാലും എനിക്ക് ഈ ആരോപണം അന്ന് ദഹിച്ചില്ല. പല പ്രമുഖ സിപിഎം ബുദ്ധിജീവികളോടും സംസാരിച്ചിട്ടും വ്യക്തത വന്നില്ല. സിപിഎമ്മിന്റെ ഉന്നത കമ്മിറ്റിയിലുള്ള, ഞാന്‍ ഏറെ ആരാധിക്കുന്ന ഒരു സൈദ്ധാന്തികനോട് നേരിട്ട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ‘ഇങ്ങിനെ ഉണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്’എന്നായിരുന്നു. എന്നിട്ടും ഞാന്‍ വിട്ടില്ല. അന്വേഷണം തുടര്‍ന്നു. ഈ വിഷയത്തില്‍ ഗവേഷണം നടത്തി ഡോക്റ്ററേറ്റ് നേടിയ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ചില പേരുകള്‍ ലഭിച്ചു. അതില്‍ യോഗക്ഷേമസഭയെക്കുറിച്ചു പഠനം നടത്തിയ ഡോ ഡി ദാമോദരന്‍ നമ്പൂതിരിയെ കണ്ടെത്തി. പരേതനായ മാധ്യമപ്രവര്‍ത്തകന്‍ ഡോ ഐ വി ബാബുവിനോട് അദ്ദേഹത്തെ നേരില്‍ കണ്ടു വിഷയം ചര്‍ച്ചചെയ്യാന്‍ ഏല്‍പ്പിച്ചു. ഡോ ഡി ദാമോദരന്‍ നമ്പൂതിരിക്ക് കാണാപ്പാഠമായിരുന്നു ഈ വിഷയം. അത്ഭുതകരമെന്നു പറയട്ടെ ഇ എം എസിന്റെ പ്രസംഗം അച്ചടിച്ചുവന്ന ഈ ലക്കം അടക്കമുള്ള യോഗക്ഷേമസഭയുടെ പഴയ ലക്കങ്ങള്‍ ഗവേഷണ ആവശ്യത്തിന് ഡോ ഡി ദാമോദരന്‍ നമ്പൂതിരി ശേഖരിച്ചത് ലഭ്യമായി.
യോഗക്ഷേമം പത്രത്തിന്റെ മൂന്നാം പേജില്‍ ഇടത്തെ കോളത്തിലാണ് ‘ഇ എം എസിന്റെ ഉദ്ബോധനം ‘ എന്ന ഒരു കോളം വാര്‍ത്ത അച്ചടിച്ചിരിക്കുന്നത്.തലക്കെട്ടില് താഴെ കരിക്കാട് എന്നും പ്രാധാന്യത്തില്‍ കൊടുത്തിട്ടുണ്ട്. വാര്‍ത്ത തുടങ്ങുന്നത് ഇങ്ങിനെയാണ് . ‘ പുന്നപ പാതിരിശ്ശീരി വെച്ചുകൂടിയ ഈ ദിക്കിലെ നമ്പൂതിരിമാരുടെ യോഗത്തില്‍ ഇന്നത്തെ സമുദായ സ്ഥിതിയെക്കുറിച്ചു ഇ എം എസ് നമ്പൂതിരിപ്പാട് സംസാരിക്കുകയുണ്ടായി.ഇതില്‍ പുന്നപ്ര എന്നല്ല പുന്നപ എന്നാണ് അച്ചടിച്ചിരിക്കുന്നത് .എന്നത് ആദ്യം ശ്രദ്ധിക്കുക.പുന്നപ പാതിരിശ്ശീരി എന്നീ പദങ്ങള്‍ക്കിടയില്‍ ഒരക്ഷരത്തിനുള്ള സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.അച്ചടിരംഗം പരിചയമുള്ളവര്‍ക്ക് ഈ വിടവ് മനസിലാക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ പുന്നപാല പാതിരിശ്ശീരി എന്നാണ് ഉദ്ദേശിച്ചിരുന്നത്.എന്നത് യോഗക്ഷേമ വാര്‍ത്തകളെ ചരിത്രബുദ്ധ്യാ വായിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ വിഷമമില്ല. മഷി തെളിയാതെ വന്നതോ അശ്രദ്ധമൂലം അക്ഷരം വിട്ടുപോയതോ ആവാം പിശകിന് കാരണം.
ഡോ ഡി ദാമോദരന്‍ നമ്പൂതിരി തുടരുന്നു ‘ ആലപ്പുഴജില്ലയില്‍ അമ്പലപ്പുഴയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഒരു കാര്യം ഉത്തരവാദിത്വത്തോടെ പറയാന്‍ കഴിയും .പുന്നപ്രയെന്ന ഗ്രാമത്തിലോ പുന്നപ്ര പഞ്ചായത്തു അതിര്‍ത്തിക്കുള്ളില്‍ പോലുമോ കരിയ്ക്കാട് എന്ന സ്ഥലമോ പാതിരിശ്ശേരി എന്ന നമ്പൂതിരി ഗൃഹമോ ഇല്ലെന്നു തന്നെയുമല്ല പുന്നപ്രയില്‍ പരമ്പരാഗതമായ നമ്പൂതിരി കുടുംബങ്ങള്‍ ഒരെണ്ണം പോലുമില്ല ;അന്നും ഇന്നും. അമ്പലപ്പുഴയില്‍ നിന്ന് വടക്കോട്ട് പോകുമ്പോള്‍ എട്ട് മൈല്‍ അകലെയുള്ള ആലപ്പുഴയ്ക്കും കളര്‍കോടിനുമിടയ്ക്കു മൂന്നോ നാലോ നമ്പൂതിരി കുടുംബങ്ങള്‍ ഉണ്ടായിരുന്നു. ഇന്നുമുണ്ട്.ചുരുക്കത്തില്‍ പത്തിലധികം ഇല്ലങ്ങള്‍ ഉള്ള അമ്പലപ്പുഴയില്‍ പോലും ഒരു ഉപസഭ
അമ്പലപ്പുഴയില്‍ ഉണ്ടായിരുന്നില്ല. യോഗക്ഷേമ റിപ്പോര്‍ട്ടില്‍ പറയുന്ന കരീയക്കോട് ഉപസഭ ആലപ്പുഴ ജില്ലയിലെന്നല്ല എറണാകുളം,കോട്ടയം,പത്തനംതിട്ട കൊല്ലം ജില്ലകളില്‍ പോലുമില്ല അന്നും ഇന്നും.
ഇന്നത്തെ മലപ്പുറം ജില്ലയിലെ പുന്നപ്പാല എന്ന സ്ഥലത്തെ യോഗക്ഷേമ സഭയില്‍ ഇ എം എസ് നടത്തിയ
പ്രസംഗം റിപ്പോര്‍ട് ചെയ്ത പ്പോള്‍ വന്ന ഒരക്ഷത്തിലെ തെറ്റാണ് ഇത്രയും കാലം ഇ എം എസിനെ വേട്ടയാടാന്‍ ഉപയോഗിച്ചത്. പുന്നപ്ര എന്ന സ്ഥലത്തോ തൊട്ടടുത്ത ഗ്രാമങ്ങളിലോ ഒരൊറ്റ ബ്രാഹ്മണ കുടുംബവുമില്ലാതിരിക്കെ എങ്ങിനെ അവിടെ യോഗക്ഷേമ സഭ ഉണ്ടാകാന്‍. ആ ഘട്ടത്തില്‍ പട്ടാളഭരണം നിലവിലിരിക്കെ ജനങ്ങള്‍ വെടിയേറ്റ് മരിച്ചുവീണുകൊണ്ടിരിക്കെ ബ്രാഹ്മണര്‍ ആകാശത്തുനിന്ന് പൊട്ടിവീണ് യോഗം ചേരുക എന്ന് പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതാണോ? ഇതൊന്നും ചിന്തിക്കാതെ ഒരു കള്ളക്കഥ മെനഞ്ഞു പ്രചരിപ്പിക്കുന്നതിന് യുക്തി എന്ത്?
(കോഴിക്കോട് സാമൂതിരി ഗരുവായൂരപ്പന്‍ കോളജിലെ സോഷ്യോളജി വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ദില്ലിയില്‍ ജെ എന്‍ യു വിലും ദില്ലി യൂണിവേഴ്സിറ്റിയിലെ സേവനനുഷ്ഠിച്ചിട്ടുള്ള ഡി ദാമോദരന്‍ നമ്പൂതിരിയുടെ ദേശാഭിമാനിയിലെ അന്നത്തെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ജനശക്തിയുടെ ഓണ്‍ലൈനില്‍ വൈകാതെ പ്രസിദ്ധീകരിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോള്‍ ചേവായൂരാണ് താമസിക്കുന്നത്.)

Chandrika Web: