X

സ്ത്രീത്വവും വേഷ സുരക്ഷയും

ടി.എച്ച് ദാരിമി

ലിംഗപരമായ വേഷങ്ങള്‍ വീണ്ടും ചര്‍ച്ചാവിഷമായിരിക്കുന്നു. വേഷം കൊണ്ട് ആണിനെയും പെണ്ണിനെയും വേലി കെട്ടിത്തിരിക്കുന്നത് എന്തിനെന്ന ചിന്ത പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് സത്യമാണ്. ഇതിലേക്ക് വളരുന്ന ന്യൂട്രല്‍ യൂണിഫോം, ന്യൂട്രല്‍ ക്ലാസ്‌റൂം തുടങ്ങിയ ആശയങ്ങള്‍ എറിഞ്ഞ്‌കൊടുത്ത് ഗവണ്‍മെന്റ് തല്‍ക്കാലം പിന്നോട്ട് വലിഞ്ഞുനില്‍ക്കുന്നു എങ്കിലും ചില കലാലയങ്ങളുടെ കാമ്പസുകള്‍ മുതല്‍ വാഹനം കാത്തിരിപ്പിടങ്ങളില്‍ വരെ ഇത് പ്രയോഗവത്കരിക്കാനുള്ള ചിലരുടെ ത്വര അതാണ് സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചര്‍ച്ചയും വിവാദവും ചുറ്റിപ്പറ്റുന്നത് വസ്ത്രത്തെയാണെങ്കിലും ലക്ഷ്യം സ്ത്രീ പുരുഷ സമ്പൂര്‍ണ സമത്വമാണ്. ലിംഗത്വത്തിന്റെ വേലി പൊളിച്ച് സ്വതന്ത്ര ലൈംഗികത നുകരാനുള്ള വെമ്പല്‍ ഈ വാദമുയര്‍ത്തുന്നവരുടെയും നടപ്പിലാക്കുന്നവരുടെയും ചെയ്തികളില്‍ പ്രകടമാണ്. കാരണം അവര്‍ അഴിച്ചിടുന്നതും അഴിപ്പിക്കുന്നതും സ്ത്രീയുടെ വസ്ത്രം മാത്രമാണ്. ആണുങ്ങളെ ആരും വസ്ത്രാക്ഷേപം ചെയ്യുന്നില്ല. സ്ത്രീകളെ കൊണ്ട് ആണുങ്ങളുടെ വസ്ത്രം ഉടുപ്പിക്കുക എന്നാണ് അവര്‍ പറയാതെ പറയുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ നിര്‍വചനം. അതുകൊണ്ട്തന്നെ ആഴമുള്ള ചര്‍ച്ചകളിലേക്ക് പോകാതെതന്നെ ഇതിനെ പുരുഷ കോയ്മയുടെ മറ്റൊരു ധാര്‍ഷ്ട്യമായി കാണാം. പെണ്ണുങ്ങളെ മനോഹരമായി പറഞ്ഞുപറ്റിച്ച് ഒരു വിലയും ഒടുക്കാതെ ഒരു ബാധ്യതയും വഹിക്കാതെ അനുഭവിക്കാനുള്ള ശ്രമമായേ ഇത് ചിന്തിക്കുന്നവര്‍ കാണൂ.

ഇതു പറയുമ്പോള്‍ കലഹിക്കുക ഇസ്‌ലാം മാത്രമായിരിക്കും. ഇതു പറയുന്നവര്‍ക്ക് കലഹിക്കാനുള്ളതും ഇസ്‌ലാമിനോട് മാത്രമായിരിക്കും. മറ്റുള്ള മതങ്ങള്‍ സ്‌ത്രൈണതയുടെ ധാര്‍മികതയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അതില്‍ വാശിപിടിക്കുക ഇസ്‌ലാം മാത്രമായിരിക്കും. കാരണം, ഇസ്‌ലാം സമ്പൂര്‍ണ ജീവിത രീതിയാണ്. അത് മനുഷ്യന്റെ സര്‍വ കാര്യങ്ങളെകുറിച്ചും പറയുന്നു. അത് ദൈവ ദാനമാണ്. ദൈവമാകട്ടെ അകാലിയാണ്. ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ അംശിക്കാവുന്നതല്ല ദൈവത്തിന്റെ പരിധി. അതിനാല്‍ അവന്റെ നിയമങ്ങള്‍ ഭൂതകാലം തെളിയിച്ചതും വര്‍ത്തമാന കാലം അര്‍ഹിക്കുന്നതും ഭാവികാലത്തെ ഗുണപരമായി സ്വാധീനിക്കുന്നതുമായ നന്മകളെ ഉള്‍ക്കൊള്ളുന്നു. അവന്റെ ഓരോ നിയമങ്ങളുടെയും പൊതുഗുണമാണിത്. അവന്‍ വ്യഭിചരിക്കരുത് എന്ന് പറയുമ്പോള്‍ അത് കേവലം ഒരു അധാര്‍മിക ചെയ്തിക്ക് മാര്‍ക്കിടുക മാത്രമല്ല ചെയ്യുന്നത് എന്നത് ഉദാഹരണം. ഭൂതകാലത്തില്‍ അതുണ്ടാക്കിയ അനര്‍ഥങ്ങളും വര്‍ത്തമാന കാലത്ത് അതുണ്ടാക്കുന്ന താളഭംഗങ്ങളും ഭാവി കാലത്ത് അത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യ ദുരന്തങ്ങളും ഒരേസമയം ഉള്‍ക്കൊള്ളുന്നു. ഇവ്വിധം പൂര്‍ണ യുക്തിഭദ്രതയുള്ളതാണ് ഇസ്‌ലാമിന്റെ നയനിയമങ്ങളെല്ലാം. അതുകൊണ്ടാണ് വിശ്വാസികള്‍ക്ക് അതില്‍ വെള്ളം ചേര്‍ക്കാന്‍ കഴിയാതെവരുന്നത്.

നവ ജെന്‍ഡറിസത്തിന്റെ വാക്താക്കളുടെ ലക്ഷ്യം അവരത് അത്ര പച്ചക്ക് പറയുന്നില്ലെങ്കിലും ഇസ്‌ലാമാണ്. അല്ലെങ്കില്‍ മതങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മിക സദാചാര നിലപാടാണ്. ഇതില്‍ ഇസ്‌ലാമിനെതിരെയുള്ള നീക്കങ്ങള്‍ അവയുടെ വക്താക്കള്‍ വിജയിപ്പിക്കുന്നത് ഇസ്‌ലാമിനെ കുറിച്ച് തെറ്റായ ചില ആമുഖങ്ങള്‍ സ്ഥാപിച്ചെടുത്താണ്. ഒട്ടും ആഴത്തിലിറങ്ങാതെയും പശ്ചാത്തലം പരിശോധിക്കാതെയും കാടടച്ച് വെടിവെച്ചിട്ടാണ് ഇത് സാധിപ്പിച്ചെടുക്കുന്നത്. സ്ത്രീയെ ഇസ്‌ലാം കറുപ്പില്‍ കെട്ടിപ്പൊതിഞ്ഞു, അവളുടെ സ്വാതന്ത്യം തടഞ്ഞിരിക്കുന്നു, അവള്‍ക്ക് സ്വത്ത് നിഷേധിച്ചിരിക്കുന്നു എന്നൊക്കെയാണ് അവര്‍ തൊടുത്തുവിടുന്ന ആരോപണങ്ങള്‍. വികാരവും വിചാരവും രണ്ട് വിപരീതങ്ങളാണല്ലോ. ഒന്നുള്ളിടത്ത് മറ്റേതുണ്ടാവില്ല. അതുകൊണ്ട് എന്നിട്ട് പതിനാലു നൂറ്റാണ്ടുകാലം ഇത്രയും വലിയ ഒരു സമുദായത്തിന്റെ പാതിക്ക് എന്തൊക്കെ പരിക്കുപറ്റി എന്നു പോലും അവര്‍ ചിന്തിക്കാന്‍ ശ്രമിക്കില്ല. ഇങ്ങനെയാണ് ഓരോ ആരോപണവും വേരുപിടിക്കുന്നത്.

ഇസ്‌ലാം ഇക്കാര്യത്തില്‍ ഒരു വാശിയും പിടിക്കുന്നില്ല എന്നതാണ് വാസ്തവം. ഇസ്‌ലാം ആകെ ചെയ്യുന്നത് സ്ത്രീയെ ജൈവപരമായും വൈകാരികമായും പരിഗണിക്കുക മാത്രമാണ്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടില്‍ അമൂല്യ വിഭവമാണ് സ്ത്രീ. വിഭവം എന്ന് പറയുമ്പോള്‍ ആര്‍ക്ക് എന്നത് വിഷയമാകും. അപ്പോള്‍ നേരെ എതിര്‍വശത്ത് പുരുഷന്‍ മാത്രമേയുള്ളുവല്ലോ. അതിനാല്‍ അവള്‍ പുരുഷന്‍മാരുടെ ആകര്‍ഷണ കേന്ദ്രമാണ്. അവളെ കാണുമ്പോഴും കേള്‍ക്കുമ്പോഴും സ്പര്‍ശിക്കുമ്പോഴും അവളെ കുറിച്ച് ചിന്തിക്കുമ്പോഴും പുരുഷന്‍ അവാജ്യമായ ആനന്ദവും ആശ്വാസവും അനുഭവിക്കുന്നുണ്ട്. അതിനു മാത്രം ആകര്‍ഷകത്വമുള്ള ശരീരവും മൃദുലതയും സൗന്ദര്യവും ശാരീരിക സൗകുമാര്യവും ശബ്ദവും അംഗവിക്ഷേപങ്ങളും മറ്റും സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയിട്ടുള്ളത് അതിനു വേണ്ടിയാണ്. അവള്‍ക്ക് ലഭിച്ച ഈ ജൈവ സവിശേഷതകള്‍ അമൂല്യങ്ങളാണ്. എന്തു ചെയ്തും എത്ര വില കൊടുത്തും പുരുഷന് സ്വായത്തമാക്കാന്‍ കഴിയാത്ത സവിശേഷതകള്‍. ഈ അമൂല്യതകള്‍ സംരക്ഷിക്കപ്പെടണം, അതിന് നിലയും വിലയും ഉണ്ടാവണം എന്ന വാശി മാത്രമേ ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇസ്‌ലാമിനുള്ളൂ. ഒരു ഉപാധിയുമില്ലാതെ, ഒരു നിയന്ത്രണവുമില്ലാതെ എല്ലാവര്‍ക്കും മുമ്പില്‍ തുറന്നിടുമ്പോള്‍ അവളുടെ സ്‌ത്രൈണതയുടെ നിറവും മണവും അപ്രസക്തമാകും.

അതിനാല്‍ അത് ഒരു പങ്കാളിക്ക് പതിച്ചു നല്‍കുകയാണ് ഇസ്‌ലാം. നിയമപരമായും എല്ലാവരും അറിഞ്ഞും അവളെ ഏറ്റെടുക്കുന്നവന്‍ മാത്രം അവളെ അനുഭവിക്കുമ്പോള്‍ മാത്രമേ അവള്‍ക്കു വിലയുണ്ടാകൂ. അതിനാല്‍ അവളുടെ വിലപ്പെട്ട സ്ത്രീത്വം എന്ന അനുഭൂതി മറ്റുള്ളവര്‍ക്ക് മുമ്പില്‍ തുറന്നിടരുത് എന്ന് ഇസ്‌ലാം പറയുന്നു. ആകര്‍ഷണ ഭാഗങ്ങള്‍ അവര്‍ പൊതു ദൃശ്യതയില്‍നിന്ന് മറച്ചുപിടിക്കണം. അല്ലെങ്കില്‍ അന്യ കണ്ണുകള്‍ അവയെ പിന്തുടരുകയും അവയുടെ ഉടമകളുടെ മനസ്സില്‍ അതുണ്ടാക്കുന്ന വൈകാരിക ആന്ദോളനങ്ങള്‍ പലവിധ കുഴപ്പങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. ഇക്കാര്യം ഇതേ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. അതിന്റെ ഗൗരവം പരമാവധി പ്രകടിപ്പിക്കാനായിരിക്കാം സൂറത്തുല്‍ അഹ്‌സാബില്‍ ഇക്കാര്യം പറയാന്‍ വേറിട്ട ഒരു രീതിതന്നെ ഖുര്‍ആന്‍ സ്വീകരിച്ചതു കാണാം. വിശുദ്ധകളായ നബി പത്‌നിമാരെ അഭിസംബോധനം ചെയ്താണ് ഇക്കാര്യം പറയുന്നത്. മറ്റുള്ളവരുടെ കാമക്കണ്ണുകള്‍ നിങ്ങളില്‍ പതിക്കാതിരിക്കാനാണിത് എന്നതിനാവട്ടെ വിഷയമാക്കിയിരിക്കുന്നത് ശബ്ദത്തെയുമാണ്. അല്ലാഹു പറയുന്നു: നബി പത്‌നിമാരേ, മറ്റൊരു വനിതയെയും പോലെയല്ല നിങ്ങള്‍; ധര്‍മനിഷ്ഠരാണെങ്കില്‍ അപരരോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിധേയത്വപ്രകടനം നടത്തരുത്. അങ്ങനെ ചെയ്താല്‍ ഹൃദയത്തില്‍ രോഗമുള്ളവന് ദുര്‍മോഹം ജനിക്കും. നിങ്ങള്‍ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക; പുരാതന അജ്ഞാനയുഗത്തിലേതു പോലുള്ള സൗന്ദര്യപ്രകടനം നടത്തരുത്; മുറപ്രകാരം നമസ്‌കാരമനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക (അഹ്‌സാബ്: 31 മുതല്‍).

സൂക്തത്തില്‍ പറഞ്ഞ ദുര്‍മോഹം തന്നെയാണ് ഈ നിലപാടിന്റെ അകക്കാമ്പ്. പെണ്ണിലേക്കുള്ള ആകര്‍ഷണം നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ പറഞ്ഞുവരുമ്പോള്‍ പിന്നെ ചോദിക്കുക പെണ്ണിനെ ഇങ്ങനെ എന്തിനാണ് ഒരാണിന്റെ കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്, അവള്‍ക്കും അവനെ പോലെ സ്വതന്ത്രയായി തന്നെ ജീവിച്ചു കൂടെ എന്നായിരിക്കും. ഈ ചോദ്യത്തിനുത്തരം ലഭിക്കാന്‍ മനുഷ്യന്റെ പൊതുവെയും സ്ത്രീയുടെ പ്രത്യേകിച്ചുമുള്ള ജീവിത ചക്രം പരിശോധിക്കണം. ജീവിത ചക്രം എന്നത് വലിയ യാഥാര്‍ഥ്യമാണ്. ഇവിടെ നമുക്ക് എടുക്കാനും അടിവരയിടാനുമുള്ളത് ഏതൊരാള്‍ക്കും എന്തുതന്നെ ചെയ്താലും പ്രായമാകുമെന്നതും പ്രായമാകുമ്പോള്‍ പരാശ്രയം വേണ്ടി വരും എന്നുമുള്ള സത്യമാണ്. പെണ്ണിന്റെ ജീവിതം പുരുഷനേക്കാള്‍ ദുര്‍ബലമാണ്. ശരാശരി പുരുഷന് ജീവിതമാര്‍ഗങ്ങള്‍ കൊണ്ട് സ്വാശ്രയത്വം പുലര്‍ത്താവുന്ന അത്ര ഒരു സ്ത്രീക്ക് പുലര്‍ത്താന്‍ കഴിയില്ല. അഥവാ യവ്വനത്തില്‍ സ്ത്രീക്ക് താന്‍ എന്തിനും പോന്നവളാണ് എന്നും തനിക്ക് പുരുഷനെ പോലെ ജീവിക്കണമെന്നുമൊക്കെ തോന്നുമെങ്കിലും ഇത്തിരി പ്രായമായാല്‍ അവളുടെ ജീവിതം പ്രയാസകരമാണ്. അവളുടെ കരുത്തെല്ലാം കുടികൊള്ളുന്നത് അവളുടെ ഭംഗിയിലാണ്. അത് വെച്ചാണ് അവള്‍ സ്വീകരിക്കപ്പെട്ടവളാകുന്നത്. ആ ഭംഗിയും കരുത്തും ഒരു പുരുഷന് സമര്‍പ്പിക്കുക വഴി അവള്‍ തന്റെ നട്ടെല്ലുറപ്പിക്കുകയാണ്. ആ വിധേയത്വം വഴി ജീവിത കാലത്തേക്ക് മുഴുവനുമുള്ള സംരക്ഷണ ഊര്‍ജ്ജം അവള്‍ സ്വന്തമാക്കുകയാണ്. അപ്പോള്‍ ഈ ദാനം ഉണ്ടാക്കുന്ന കെട്ടഴിക്കാനാവാത്ത കടപ്പാടിന്റെ പേരില്‍ സൗന്ദര്യം മങ്ങിയാലും സൗകുമാര്യം നഷ്ടപ്പെട്ടാലും അവള്‍ക്ക് സംരക്ഷകര്‍ ഉണ്ടായിത്തീരുന്നു. തന്നെത്തന്നെ സമര്‍പ്പിച്ച ജീവിത പങ്കാളി, അവള്‍ തന്റെ ദാനകാലത്ത് പ്രസവിച്ചുണ്ടാക്കി വെച്ച മക്കള്‍ എന്നിവര്‍ അവളെ ജീവിതകാലം മുഴുവന്‍ ശ്രദ്ധിക്കും. അതേസമയം അവള്‍ അവളുടെ സൗന്ദര്യം ഒരു നിശ്ചിത ആള്‍ക്കല്ലാതെ എല്ലാവര്‍ക്കും വാരിക്കോരി നല്‍കി ഉദാരത കാണിച്ചാല്‍ അവള്‍ക്കു പ്രായമായാല്‍ അവളോട് ചിരിച്ചവരോ അവളെ അനുഭവിച്ചവളോ ആരും ഒരു കടപ്പാടും കാണിക്കില്ല. ഈ പറയുന്നതൊന്നും ആഴമുള്ള ശാസ്ത്രങ്ങളൊന്നുമല്ല. നമ്മുടെ ജീവിത പരിസരത്തെ വീക്ഷിച്ചാല്‍ കാണാവുന്ന സത്യങ്ങളാണ്. ഇതില്‍ ഒരു മതത്തിന്റെയും വാശിയില്ല. ഇത് സ്ത്രീയുടെ നന്‍മയാണ്. അവളുടെ രക്ഷയാണ്. എന്നിട്ടും അവളെ പറഞ്ഞു പറ്റിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ പ്രതികരിക്കാതെ കഴിയില്ല.

Test User: