കൊച്ചി: ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ചെന്നൈ കോടമ്പാക്കത്തെ ഓഫിസിലും വീട്ടിലുമായി 14 മണിക്കൂർ നീണ്ട പരിശോധനയാണ് കഴിഞ്ഞ ദിവസം നടന്നത്. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇ.ഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രണ്ടാംഘട്ട ചോദ്യം ചെയ്യലാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ 3 മാസമായി ഇ.ഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇ.ഡിയുടെ കൊച്ചി യൂണിറ്റ് റജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ.
ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ ഒരിടവേളയ്ക്കുമുന്പ് അന്വേഷണം നടത്തിയിരുന്നു.