X

‘ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടി’; ഭാഗ്യലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി ഫെഫ്ക

കൊച്ചി: അശ്ലീല പരാമര്‍ശം നടത്തിയ യൂടൂബറെ കൈകാര്യം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി ഫെഫ്ക. ഭാഗ്യലക്ഷ്മിയുടെ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് ഫെഫ്ക അറിയിച്ചു. ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതില്‍ ഫെഫ്ക പ്രതിഷേധവും രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.

ഡോ.വിജയ് പി നായരരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു പൊലീസ്. വിവാദ വീഡിയോകള്‍ പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടിയ യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ഇന്നലെ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും സൈബര്‍ പൊലീസോ ലോക്കല്‍ പൊലീസോ കേസ് എടുത്തില്ല. വിഷയത്തില്‍ പൊലീസിനും നിയമത്തിനുമെതിരെ ഭാഗ്യലക്ഷ്മി ഇന്നലെ പൊട്ടിത്തെറിച്ചിരുന്നു.

സോഷ്യല്‍മീഡിയ വഴി സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചരണം നടത്തിയ സംഭവത്തില്‍ ഡോ.വിജയ്.പി.നായരെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളോടാണ് ഭാഗ്യലക്ഷ്മി പൊട്ടിത്തെറിച്ചത്.

സാമൂഹികമാധ്യമങ്ങളിലൂടെ ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോയെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ചോദിച്ചു. കുറച്ചു ദിവസമായിട്ട് ഡോ.വിജയ് പി നായര്‍ എന്ന് പറയുന്ന ഒരാള്‍ സ്ഥിരമായി കേരളത്തിലെ സ്ത്രീകളെ വൃത്തിക്കെട്ട രീതിയില്‍ അപമാനിക്കുകയാണ്. ഇയാള്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നു, ഞാനല്ല മറ്റുപലരും കൊടുത്തിരുന്നു. പക്ഷേ ഇതുവരെയായിട്ടും നടപടിയുണ്ടായില്ല. അതോടെയാണ് ഇന്ന് ഞങ്ങള്‍ അയാളെപ്പോയിക്കണ്ടത്. നിയമം കയ്യിലെടുക്കരുത് എന്ന് തന്നെയാണ് ആഗ്രഹമെന്നും പക്ഷേ എല്ലാം സമ്മതിച്ച അയാള്‍ക്കെതിരെ ഒരു നടപടി ഉണ്ടാകാതായതോടെ ഞങ്ങള്‍ പ്രതികരിച്ചത്.

നിയമം കൈയിലെടുക്കരുത് എന്ന കമന്റുകള്‍ വരും പക്ഷേ ഞങ്ങള്‍ ചോദിക്കട്ടേ നിയമം ഞങ്ങള്‍ കൈയില്‍ എടുക്കുന്നില്ല, നിയമപ്രകാരം ഞങ്ങള്‍ പരാതി നല്‍കിയല്ലോ അതെന്തായി?’ ഭാഗ്യലക്ഷ്മി ചോദിച്ചു. അയാള്‍ ഇത്തരത്തില്‍ ചെയ്തപ്പോള്‍ ഈ സദാചാരവാദിക്കള്‍ ഒക്കെ എവിടെയായിരുന്നു. ആരും അനങ്ങുന്നതുപോലുമില്ല. എന്താണത്,ആര്‍ക്കും ആരേയും എന്തും പറയാമെന്നാണോ. ഇവിടേ ഞങ്ങള്‍ ഇതല്ലാതെ വേറെന്താണ് ചെയ്യേണ്ടത്, ഭാഗ്യലക്ഷ്മി ചോദിച്ചു. ഇനി ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

 

 

chandrika: