തിരുവനന്തപുരം: കെട്ടിടനിര്‍മ്മാണ നികുതി വര്‍ധനവിന് പിന്നാലെ അടുത്ത മാസം മുതല്‍ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിക്കുന്നു. എത്ര വര്‍ധനവുണ്ടാകുമെന്നു തീരുമാനമായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ് കുറവാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന്് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റര്‍ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടന്‍ തന്നെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കും. ഇതുവരെ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ വന്ന് കെട്ടിടം പരിശോധിച്ച ശേഷമായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്. ഇതിനുപകരം കെട്ടിട ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഓണ്‍ലൈനില്‍ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷിക്കുന്ന അന്നുതന്നെ സിസ്റ്റം ജനറേറ്റഡ് അനുമതി നല്‍കും. ഇതുവരെ ഓണ്‍ലൈന്‍ ആയി സ്വയം സത്യവാങ്മൂലം നല്‍കുന്നത് ഓപ്ഷണല്‍ ആയിരുന്നത് ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കും. എന്നാല്‍ വസ്തുതകള്‍ മറച്ചുവെച്ചാണ് സത്യവാങ്മൂലം നല്‍കിയത് എന്ന് ബോധ്യപ്പെട്ടാല്‍ കെട്ടിട ഉടമയ്ക്കും ലൈസന്‍സിക്കും എതിരെ പിഴയും നടപടികളുണ്ടാവും. പുതിയ സംവിധാനം വൈകാതെ ഗ്രാമപഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കും. കെട്ടിടങ്ങളില്‍ പിന്നീട് വരുത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവ ജി.ഐ.എസ് അധിഷ്ഠിത മാപ്പിംഗിലൂടെ കണ്ടെത്തി നികുതി പിരിവ് ഊര്‍ജിതമാക്കും.
കെട്ടിടനിര്‍മ്മാണ നികുതിയില്‍ അഞ്ച് ശതമാനം ഉള്ള വാര്‍ഷിക വര്‍ധന ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും. എന്നാല്‍ 60 ചതുരശ്ര മീറ്റര്‍ വരെ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടിന് നികുതി വര്‍ധന ബാധകമല്ല. ഈ ഇളവ് പക്ഷേ ഫ്‌ളാറ്റുകള്‍ക്ക് ലഭിക്കില്ല. അനധികൃത നിര്‍മാണം പരിശോധനയില്‍ കണ്ടെത്തിയാല്‍ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തി നടപടി സ്വീകരിക്കും. തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം മാനദണ്ഡപ്രകാരം ഓണ്‍ലൈന്‍ മുഖേന മാത്രമാക്കും. ഏപ്രില്‍ 30നു മുന്‍പ് സ്ഥലം മാറ്റം നടപ്പാക്കും. ത്രിതല പഞ്ചായ്ത്തുകള്‍ക്കും നഗരസഭകള്‍ക്കും ഇടയില്‍ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റും.